ന്യൂയോർക്ക് : ട്രംപ് ഭരണകൂടത്തിന്റെ നയങ്ങൾക്കെതിരെ ആഞ്ഞടിച്ച് ന്യൂജഴ്സിയിൽ നിന്നുള്ള സെനറ്റർ കോറി ബുക്കർ. തന്റെ 25 മണിക്കൂർ പ്രസംഗത്തിലൂടെ അമേരിക്കൻ സെനറ്റിൽ ചരിത്രമെഴുതി ഡെമോക്രാറ്റായ കോറി ബുക്കർ.
യുഎസ് പ്രസിഡന്റ് ട്രംപിനെയും ശതകോടീശ്വരൻ ഇലോൺ മസ്‌കിനെയും ലക്ഷ്യം വച്ചായിരുന്നു കോറി ബുക്കറുടെ പ്രസംഗം. ട്രംപിന്റെ നയങ്ങൾ നിയമവാഴ്ച, ഭരണഘടന, അമേരിക്കൻ ജനതയുടെ ആവശ്യങ്ങൾ എന്നിവയോടുള്ള തികഞ്ഞ അവഗണനയാണന്നതടക്കമുള്ള വിമർശനങ്ങളാണ് കോറി ബുക്കർ നടത്തിയത്. പ്രസംഗം ആരംഭിച്ച് 25 മണിക്കൂറും അഞ്ച് മിനിറ്റും കഴിഞ്ഞ് ട്രംപ് ഭരണകൂടത്തെ അപലപിച്ചുകൊണ്ട് അദ്ദേഹം തന്റെ പ്രസംഗം അവസാനിപ്പിച്ചു.
സൗത്ത് കാരോലൈന സെനറ്റർ സ്ട്രോം തർമണ്ടിന്റെ (സ്ട്രോം തർമണ്ട്) പേരിലായിരുന്ന ഏറ്റവും ദൈർഘ്യമേറിയ വ്യക്തിഗത പ്രസംഗത്തിനുള്ള റെക്കോർഡാണ് ബുക്കർ തകർത്തത്. 1957 ലെ പൗരാവകാശ നിയമത്തിനെതിരെ പ്രതിഷേധിച്ച തർമണ്ട് 24 മണിക്കൂറും 18 മിനിറ്റും പ്രസംഗിച്ചാണ് ചരിത്രം സൃഷ്ടിച്ചത്.