ബ്യൂണസ് ഐറിസ്: ലോകകപ്പ് യോഗ്യത റൗണ്ടിൽ അർജന്‍റീന-ബ്രസീൽ മത്സരം ഏകപക്ഷീയമായിരുന്നെങ്കിൽ, ഇരുടീമിലെയും താരങ്ങൾ കൈയാങ്കളിയിൽ ഒപ്പത്തിനൊപ്പമായിരുന്നു. ഗോളടിയും തമ്മിലടിയുമായി നാടകീയമായിരുന്നു മത്സരം. താരങ്ങളുടെ വീറും വാശിക്കും ഒട്ടും കുറവുണ്ടായില്ല.
ആദ്യ പകുതിയിൽ ഇരു ടീമുകളിലെയും താരങ്ങൾ പലതവണ കൈയാങ്കളിയുടെ വക്കിലെത്തി. ഇടവേളക്കു പിരിയുന്ന സമയത്തും താരങ്ങൾ നേർക്കുനേരെ വന്നിരുന്നു. മത്സരത്തിനു മുമ്പേ താരങ്ങൾ നടത്തിയ പ്രകോപനപരമായ പ്രസ്താവനകൾ കൊണ്ടും മത്സരം ശ്രദ്ധപിടിച്ചുപറ്റിയിരുന്നു. മത്സത്തിനിടെ ബ്രസീൽ യുവതാരം റോഡ്രിഗോയും അർജന്‍റീനയുടെ മധ്യനിര താരം ലിയനാർഡോ പരേഡസും തമ്മിലുള്ള വാക്കുപോരാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറൽ.
തന്‍റെ മുന്നേറ്റം പരാജയപ്പെടുത്തിയ പരേഡസിനോട് ‘നിങ്ങൾ വളരെ മോശമാണ്’ എന്ന് റോഡ്രിഗോ പറഞ്ഞതോടെയാണ് വാക്ക്പോര് തുടങ്ങുന്നത്. ‘എനിക്ക് ഒരു ലോകകിരീടവും രണ്ട് കോപ്പ അമേരിക്ക കിരീടവുമുണ്ടെന്നും ഇക്കാര്യത്തിൽ നീ വെറും വട്ടപൂജ്യ’മാണെന്നുമാണ് പരേഡസ് റോഡ്രിഗോക്ക് മറുപടി നൽകുന്നത്. ഇതിന്‍റെ വിഡിയോയും പ്രചരിക്കുന്നുണ്ട്.
ഒന്നിനെതിരെ നാലു ഗോളുകൾക്കാണ് അർജന്‍റീന കാനറികളുടെ ചിറകരിഞ്ഞത്. തോൽവിയോടെ മുൻ ചാമ്പ്യന്മാർ തെക്കൻ അമേരിക്കൻ റൗണ്ടിൽ നാലാം സ്ഥാനത്തേക്ക് വീണു.ജൂലിയൻ അൽവാരസ്, എൻസോ ഫെർണാണ്ടസ്, അലക്സിസ് മക് അലിസ്റ്റർ, പകരക്കാരൻ ഗിലിയാനോ സിമിയോണി എന്നിവരാണ് അർജന്‍റീനക്കായി വലകുലുക്കിയത്. മാത്യൂസ് കുൻഹയുടെ വകയായിരുന്നു ബ്രസീലിന്‍റെ ആശ്വാസ ഗോൾ.