കൊച്ചി: കൊടകര കുഴൽപ്പണ കേസിൽ ബി.ജെ.പിക്ക് ക്ലീൻചിറ്റ് നൽകി എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് (ഇ.ഡി) കുറ്റപത്രം. കലൂർ പി.എം.എൽ.എ കോടതിയിലാണ് ഇ.ഡി കുറ്റപത്രം സമർപ്പിച്ചത്.പണം എത്തിച്ചത് ബി.ജെ.പിക്ക് വേണ്ടിയാണെന്നതിന് തെളിവില്ല. പണവുമായി ബി.ജെ.പിയെ ബന്ധിപ്പിക്കുന്ന ഒരു തെളിവും കണ്ടെത്താനായില്ലെന്നും ഒരു വ്യവസായ ആവശ്യത്തിനായി കർണാടകയിൽനിന്ന് കൊണ്ടുവന്ന പണമാണെന്നും കുറ്റപത്രത്തിൽ പറയുന്നു. പൊലീസ് കണ്ടെത്തലുകളും അന്വേഷണ റിപ്പോർട്ടും പൂർണമായും തള്ളുകയാണ് ഇ.ഡി. കുറ്റപത്രത്തിൽ തുടരന്വേഷണം ആവശ്യമില്ലെന്നും വ്യക്തമാക്കി.
2021 ഏപ്രിൽ മൂന്നിന് പുലർച്ചെയാണ് കർണാടകയിൽനിന്നു കേരളത്തിലേക്കെത്തിച്ച മൂന്നരക്കോടി രൂപ കൊടകരയിൽ വാഹനാപകടമുണ്ടാക്കി ഒരു സംഘം തട്ടിയെടുത്തത്. ഈ കേസിൽ സ്ത്രീകളടക്കം 22 പേരെ അന്ന് പൊലീസ് അറസ്റ്റ് ചെയ്യുകയും രണ്ട് കോടിയോളം രൂപ കണ്ടെടുക്കുകയും ചെയ്തിരുന്നു. പിന്നാലെയാണ് നിയമസഭാ തെരഞ്ഞെടുപ്പ് ചെലവിനായി ബി.ജെ.പിക്ക് വേണ്ടിയാണ് ഈ പണമെത്തിയതെന്ന ആരോപണം ഉയർന്നത്. പിന്നാലെ, ഇ.സി.ഐ.ആർ രജിസ്റ്റർ ചെയ്ത് ഇ.ഡി കൊച്ചി യൂനിറ്റ് അന്വേഷണം ആരംഭിച്ചു.
കേസിൽ ഇ.ഡി അന്വേഷിച്ചത് ഹൈവേ കവര്‍ച്ചയിലെ കള്ളപ്പണ ഇടപാട് മാത്രമെന്നാണ് കുറ്റപത്രത്തിൽ പറയുന്നത്. നിയമസഭാ തെരഞ്ഞെടുപ്പ് ഫണ്ട് എന്നതിലേക്ക് അന്വേഷണം നീങ്ങിയില്ല. ആലപ്പുഴയിലെ ഭൂമി വാങ്ങാന്‍ ധര്‍മരാജന്‍ കൊടുത്തുവിട്ട പണമാണ് കൊള്ളയടിച്ചത്. ഇത് ബി.ജെ.പിക്ക് വന്ന തെരഞ്ഞെടുപ്പ് ഫണ്ടാണെന്ന വാദത്തില്‍ അന്വേഷണമോ, അത്തരത്തിലൊരു കണ്ടെത്തലോ ഇ,ഡി നടത്തിയിട്ടില്ല. മറിച്ച് ധര്‍മരാജന്‍ ഇതിന്റെ ഉത്ഭവം വെളിപ്പെടുത്തിയിട്ടുണ്ട് എന്നത് മാത്രമാണ് ഇ,ഡി കുറ്റപത്രത്തിലുള്ളത്.
ആലപ്പുഴയിലുള്ള തിരുവിതാംകൂര്‍ പാലസ് പ്രോപ്പര്‍ട്ടി വാങ്ങുന്നതിനുവേണ്ടി ഡ്രൈവര്‍ ഷംജീറിന്റെ കൈവശം ധര്‍മരാജന്‍ കൊടുത്തുവിട്ട 3.56 കോടി രൂപയാണ് കൊടകരയില്‍വെച്ച് കൊള്ളയടിക്കപ്പെട്ടത് എന്നതാണ് ഇഡി കുറ്റപത്രം. എന്നാല്‍ ഇത്തരത്തില്‍ ഭൂമിയിടപാട് സംബന്ധിച്ചൊരു കണ്ടെത്തല്‍ ഇതേക്കുറിച്ച് അന്വേഷിച്ച പൊലീസ് നടത്തിയിരുന്നില്ല. ബിജെപിക്ക് സംസ്ഥാനത്ത് തെരഞ്ഞെടുപ്പിനുവേണ്ടി കൊണ്ടുവന്ന പണമാണ് കൊടകരയില്‍വെച്ച് കൊള്ളയടിക്കപ്പെട്ടത് എന്നാണ് പൊലീസ് കുറ്റപത്രത്തിലുള്ളത്
നേരത്തെ, കേസിൽ ഇ.ഡി പ്രാഥമികാന്വേഷണം പോലും നടത്തുന്നില്ലെന്ന ആരോപണം ഉയർന്നിരുന്നു. ഇതിനു ശേഷം കഴിഞ്ഞവർഷം ജൂലൈയിൽ പൊലീസ് ആദ്യ കുറ്റപത്രവും സെപ്റ്റംബറിൽ അധിക റിപ്പോർട്ടും സമർപ്പിച്ചു. കേസിൽ അറസ്റ്റിലായവരെല്ലാം നിലവിൽ ജാമ്യത്തിലാണ്. കഴിഞ്ഞവർഷം ഈ പ്രതികളെ വീണ്ടും ചോദ്യം ചെയ്യുകയും കുറച്ചുകൂടി പണം കണ്ടെത്തുകയും ഒരാളെക്കൂടി പ്രതി ചേർക്കുകയും ചെയ്തിരുന്നു.
ഇതിനിടെ, അന്നത്തെ ബി.ജെ.പി ഓഫിസ് സെക്രട്ടറിയായിരുന്ന തിരൂർ സതീശ് മാസങ്ങൾക്ക് മുമ്പ് ഗുരുതര വെളിപ്പെടുത്തലുമായി രംഗത്തെത്തി. അത് ബി.ജെ.പിയുടെ തെരഞ്ഞെടുപ്പിലേക്ക് ഫണ്ടിലേക്ക് വന്ന പണമാണെന്നും താൻ ഓഫിസിലുണ്ടായിരുന്നപ്പോഴാണ് മൂന്നു ചാക്കുകളിലായി പണമെത്തിച്ചതെന്നും സതീശ് പറഞ്ഞിരുന്നു. ഇതിൽ പൊലീസ് തിരൂർ സതീശന്റെ മൊഴിയെടുക്കുകയും ചെയ്തിരുന്നു.