പ്രായം കൂടുന്നത് തടയാനും യൗവ്വനം നിലനിര്‍ത്താനും ഓരോരുത്തര്‍ എത്രമാത്രം പണം ചിലവിടുന്നുവെന്ന് വ്യക്തമാക്കുന്നതാണ് അമേരിക്കന്‍ വ്യവസായിയും ശതകോടീശ്വരനുമാണ് ബ്രയാന്‍ ജോണ്‍സന്റെ ജീവിതം. ഒരു വര്‍ഷം 2 മില്യണ്‍ ഡോളറാണ് (ഏകദേശം 17 കോടിയോളം രൂപ) ചെറുപ്പം നിലനിര്‍ത്താനായി ബ്രയാന്‍ മുടക്കുന്നത്. പ്രായം കൂടുന്നത് തടയാന്‍ പലകാര്യങ്ങളും ചെയ്ത് പല വിവാദങ്ങളിലും നേരത്തെയും ഇദ്ദേഹം ഉള്‍പ്പെട്ടിട്ടുണ്ട്.
ഇപ്പോഴിതാ ബ്രയാന്‍ ജോണ്‍സണിന്റെ കമ്പനിയായ ‘ബ്ലൂപ്രിന്റ്‌റി’ല്‍ നടക്കുന്ന അദ്ദേഹത്തിന്റെ വിചിത്രമായ പെരുമാറ്റമാണ് ശ്രദ്ധപിടിച്ചുപറ്റുന്നതും വിവാദമാകുന്നതും. ബ്രയാന്‍ ജോണ്‍സണിനൊപ്പം ജോലിചെയ്തിരുന്ന മുപ്പതുപേരുമായി അഭിമുഖം നടത്തിയ ന്യൂയോര്‍ക്ക് ടൈംസ് പുറത്തുവിട്ടത് ഞെട്ടിക്കുന്ന വിവരങ്ങളാണ്.
ചിലപ്പോള്‍ നഗ്‌നനായും മറ്റുചിലപ്പോള്‍ അല്പവസ്ത്രം ധരിച്ചും ബ്രയാന്‍ ജോണ്‍സണ്‍ ‘ബ്ലൂപ്രിന്റി’ന്റെ ഓഫീസിലെത്തിയിരുന്നു. ജീവനക്കാരുമായി തന്റെ ലൈംഗികവൃത്തികളെക്കുറിച്ചും ഉദ്ധാരണം അടക്കമുള്ള വിഷയങ്ങളെപ്പറ്റിയും ഇയാള്‍ ചര്‍ച്ചചെയ്തിരുന്നു.ഈ സംഭവങ്ങളെല്ലാം പുറത്തുവരുന്നത് തടയാന്‍ ജീവനക്കാരെ നിര്‍ബന്ധിച്ച് ചില കരാറുകളില്‍ ഒപ്പുവെയ്പ്പിച്ചിരുന്നുവെന്നും ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ടില്‍ പറയുന്നു.
കരാര്‍ പ്രകാരം ബ്രയാന്‍ ജോണ്‍സണിന്റെ വീട്, ജോലിസ്ഥലം, വ്യക്തിപരമായ മറ്റുകാര്യങ്ങള്‍, ഗതാഗതസംവിധാനങ്ങള്‍, വാഹനങ്ങള്‍, വിമാനങ്ങള്‍ തുടങ്ങി സ്വകാര്യമായ വിവരങ്ങളെ രഹസ്യമായി സൂക്ഷിക്കണം. ഇതുമായി ബന്ധപ്പെട്ട പല കരാറിലും ജീവനക്കാര്‍ ഒപ്പിട്ടുനല്‍കേണ്ടി വന്നിരുന്നു.
ബ്രയാന്‍ ജോണ്‍സണ്‍ അല്പവസ്ത്രം ധരിക്കുന്നതിലും ചിലസമയത്ത് വിവസ്ത്രനായി ഓഫീസിലെത്തുന്നതിലും തങ്ങള്‍ക്ക് എതിര്‍പ്പില്ലെന്നതാണ് ജീവനക്കാര്‍ സമ്മതം അറിയിച്ച് ഒപ്പിട്ടുനല്‍കിയാന്‍ നിര്‍ബന്ധിതരായിരുന്നു. മാത്രമല്ല, ബ്രയാന്‍ ജോണ്‍സണ്‍ ലൈംഗികവിഷയങ്ങള്‍ ചര്‍ച്ചചെയ്യുന്നത് എതിര്‍ക്കില്ലെന്നും ജീവനക്കാര്‍ ഒപ്പിട്ടുനല്‍കിയ കരാറിലുണ്ടായിരുന്നു.
അതേസമയം, അല്പവസ്ത്രം ധരിച്ച് ബ്രയാന്‍ ജോണ്‍സണ്‍ ഓഫീസിലെത്തുന്നതിലും വനിതാ ജീവനക്കാരുമായി സംഭാഷണങ്ങളിലേര്‍പ്പെടുന്നതിലും ജീവനക്കാര്‍ അസ്വസ്ഥരായിരുന്നുവെന്നാണ് റിപ്പോര്‍ട്ടിലുള്ളത്. പക്ഷേ കരാര്‍ പ്രകാരം ഇതൊന്നും ആരും പുറത്തുപറഞ്ഞില്ല എന്നും റിപ്പോര്‍ട്ടിലുണ്ട്.