കഴിഞ്ഞ വർഷം മലയാളത്തിലെ ഏറ്റവും വലിയ ഹിറ്റുകളിൽ ഒന്നായ ചിത്രമാണ് ഉണ്ണിമുകുന്ദൻ നായകനായെത്തിയ മാർക്കോ. ഇന്ത്യയിലെ തന്നെ ഏറ്റവും വയലൻസ് നിറഞ്ഞ ചിത്രമെന്ന ലേബലിലെത്തിയ മാർക്കോ ബോക്സ് ഓഫീസിൽ നൂറ് കോടി നേടിയിരുന്നു. ഇപ്പോഴിതാ മാർക്കോ ചിത്രത്തിനെതിരായ വിമർശനത്തിൽ പ്രതികരിച്ചിരിക്കുകയാണ് നടനും സംവിധായകനുമായ പൃഥ്വിരാജ്. മാർക്കോയെ വിമർശിക്കുന്നതിനോട് വിയോജിപ്പ് ഉണ്ടെന്നാണ് പൃഥ്വിരാജ് പറഞ്ഞത്.
മാർക്കോയുടെ അണിയറ പ്രവർത്തകർ പ്രേക്ഷകരെ തെറ്റിദ്ധരിപ്പിച്ചിട്ടില്ല. വയലൻസ് ഉള്ള ചിത്രമാണ് എന്നു തന്നെയാണ് അവർ പറഞ്ഞത്. ഉണ്ണി എന്‍റെ സുഹൃത്താണ്, ചിത്രത്തിനെ തുടക്കം മുതൽ ഏറ്റവും അക്രമാസക്തമായ സിനിമയാണിതെന്ന് അവർ പറഞ്ഞുകൊണ്ടിരുന്നു… എന്നിട്ടും അത് പോയി കണ്ടിട്ട് അതിലെ വയലന്‍സിനെക്കുറിച്ച് പരാതിപ്പെടുകയും ചെയ്യുന്നു’ -ദി ഹോളിവുഡ് റിപ്പോർട്ടർ ഇന്ത്യക്ക് നൽകിയ അഭിമുഖത്തിൽ പൃഥ്വിരാജ് പറഞ്ഞു.
അതേസമയം, മാർക്കോയിലെ വയലൻസ് കാഴ്ചക്കാരെ മോശമായി ബാധിക്കുന്നുണ്ടെന്ന തരത്തിലുള്ള പ്രസ്താവനകൾ നേരത്തെ മുതലുണ്ടായിരുന്നു. മാർക്കോ ടി.വിയിൽ സംപ്രേക്ഷണം ചെയ്യുന്നത് ഫിലിം സര്‍ട്ടിഫിക്കേഷന്‍ ബോര്‍ഡ് നിശേധിച്ചിട്ടുണ്ട്. പരുക്കൻ ഗെറ്റപ്പിൽ ഗ്യാങ്സ്റ്റർ ലുക്കിലാണ് ഉണ്ണി മുകുന്ദൻ ചിത്രത്തിലുള്ളത്. ഉണ്ണിയുടേയും ജഗദീഷിന്‍റേയും അസാധാരണ അഭിനയമുഹൂർത്തങ്ങള്‍ സിനിമയിലുണ്ട്. ആൻസൺ പോൾ, കബീർ ദുഹാൻസിങ്, അഭിമന്യു തിലകൻ, യുക്തി തരേജ തുടങ്ങിയവരും ഒട്ടേറെ പുതുമുഖ താരങ്ങളും ചിത്രത്തിൽ അണിനിരക്കുന്നു.
മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്യുന്ന ‘എമ്പുരാൻ’ മാർച്ച് 27നാണ് തിയറ്ററുകളിൽ എത്തുന്നത്. ചിത്രത്തിന്‍റെ ട്രെയിലറിന് വൻ സ്വീകാര്യതയാണ് ലഭിക്കുന്നത്. ബുക്കിങ് ആരംഭിച്ചപ്പോൾ തന്നെ വമ്പൻ റെക്കോഡുകളാണ് ചിത്രം നേടുന്നത്. ബുക്കിങ് ആരംഭിച്ച് ഒരു മണിക്കൂർ തികയും മുന്നേ 83,000ത്തിൽ കൂടുതൽ ടിക്കറ്റുകളാണ് എമ്പുരാന്റേതായി വിറ്റു പോയത്.