ബെംഗളൂരു: പുരുഷന്മാർക്ക് ആഴ്ചയിൽ രണ്ട് കുപ്പി മദ്യം സൗജന്യമായി നൽകണമെന്ന് കർണാടകയിലെ ജെ.ഡി.എസ് എം.എൽ.എ എം.ടി. കൃഷ്ണപ്പ. കർണാടക നിയമസഭയിൽ എക്സൈസ് വരുമാനത്തെ കുറിച്ചുള്ള ചർച്ച പുരോഗമിക്കവെയാണ് എം.എൽ.എയുടെ വിചിത്ര ആവശ്യം. എന്നാൽ, ഇതിനോട് രൂക്ഷമായാണ് ഭരണപക്ഷ എം.എൽ.എമാർ പ്രതികരിച്ചത്. എൻ.ഡി.എ തെരഞ്ഞെടുപ്പിൽ വിജയിച്ച് സർക്കാർ ഉണ്ടാക്കിയ ശേഷം ഈ നിർദേശം നടപ്പാക്കിക്കോളൂവെന്ന് ഊർജമന്ത്രി കെ.ജെ. ജോർജ് പ്രതികരിച്ചു.
‘ആളുകൾ മദ്യപിക്കുന്നതിൽ നിന്ന്, പ്രത്യേകിച്ച് തൊഴിലാളി വർഗത്തെ തടയാൻ നമുക്ക് കഴിയില്ല. അവരുടെ ചെലവിൽ, നിങ്ങൾ സ്ത്രീകൾക്ക് പ്രതിമാസം 2,000 രൂപയും സൗജന്യ വൈദ്യുതിയും സൗജന്യ ബസ് യാത്രയും നൽകുന്നു. എന്തായാലും അത് ഞങ്ങളുടെ കൂടി പണമാണ്. അപ്പോൾ, മദ്യപിക്കുന്ന പുരുഷന്മാർക്ക് ആഴ്ചയിൽ രണ്ട് കുപ്പി മദ്യം സൗജന്യമായി നൽകുക. അവർ കുടിക്കട്ടെ. എല്ലാ മാസവും അവർക്കെങ്ങനെ പണം നൽകാനാവും?’- എം.എൽ.എ എം.ടി. കൃഷ്ണപ്പ ചോദിച്ചു.
‘പുരുഷന്മാർക്ക് എന്തെങ്കിലും കൊടുക്കൂ… ആഴ്ചയിൽ രണ്ട് കുപ്പി മദ്യമൊക്കെ കൊടുത്താൽ എന്താണ് കുഴപ്പം? സർക്കാരിനിത് സൊസൈറ്റികൾ വഴി നൽകാൻ കഴിയും’- കൃഷ്ണപ്പ നിർദേശിച്ചു.ഞങ്ങൾ ആളുകളുടെ മദ്യപാനം കുറയ്ക്കാൻ ശ്രമിക്കുകയാണെന്നാണ് ഊർജ മന്ത്രി കെ.ജെ. ജോർജ് ഇതിന് മറുപടി നൽകിയത്. ‘നിങ്ങൾ ആദ്യം തെരഞ്ഞെടുപ്പിൽ വിജയിക്കുക, എന്നിട്ട് സർക്കാർ രൂപീകരിക്കുക, തുടർന്ന് ഇത് ചെയ്യുക’- അദ്ദേഹം വ്യക്തമാക്കി.
മദ്യനിരോധനമാണ് വേണ്ടതെന്ന് കോൺഗ്രസ് എം.എൽ.എയായ ബി.ആർ. പാട്ടീൽ ആവശ്യപ്പെട്ടു. ‘ഈ എക്സൈസ് വരുമാനം പാപത്തിന്റെ പണമാണ്. ദരിദ്രരിൽ നിന്ന് ഊറ്റിയെടുത്ത രക്തമാണിത്. ഈ പണത്തിന് രാഷ്ട്രം കെട്ടിപ്പടുക്കാൻ കഴിയില്ല. ദേശീയതലത്തിൽ മദ്യനിരോധനം നടപ്പാക്കാൻ കേന്ദ്ര സർക്കാർ തീരുമാനിക്കണം. രണ്ട് മണിക്കൂർ നേരത്തേക്ക് താൻ ഒരു സ്വേച്ഛാധിപതിയാണെങ്കിൽ ആദ്യം മദ്യം നിരോധിക്കുമെന്ന് മഹാത്മാഗാന്ധി ഒരിക്കൽ പറഞ്ഞിരുന്നു’- അദ്ദേഹം പറഞ്ഞു