Saturday, May 3, 2025
HomeNewsവിദ്യാർഥികളെ ശിക്ഷിച്ചതിന്റെ പേരിൽ അധ്യാപകർക്കെതിരെ ക്രിമിനൽ കേസെടുക്കരുത്: ഹൈക്കോടതി

വിദ്യാർഥികളെ ശിക്ഷിച്ചതിന്റെ പേരിൽ അധ്യാപകർക്കെതിരെ ക്രിമിനൽ കേസെടുക്കരുത്: ഹൈക്കോടതി

എറണാകുളം: വിദ്യാർഥികളെ ഉപദേശിച്ചതിന്റെ പേരിലോ, ചെറിയ ശിക്ഷ നൽകുന്നതിന്റെ പേരിലോ മാത്രം അധ്യാപകർക്കെതിരെ ക്രിമിനൽ കേസെടുക്കരുതെന്ന് ഹൈക്കോടതി. വിദ്യാർഥിയുമായി ബന്ധപ്പെട്ട് അധ്യാപകനെതിരെ പരാതി ലഭിച്ചാൽ പ്രാഥമിക അന്വേഷണം നടത്തിയ ശേഷം മാത്രമേ കേസെടുക്കാവൂ എന്ന് ഹൈക്കോടതി ഉത്തരവിട്ടു. വിദ്യാർഥികളുടെ സ്വഭാവരൂപീകരണത്തിൽ നിർണായക പങ്കുള്ള അധ്യാപകർക്കെതിരെ ക്രിമിനൽ കേസെടുക്കുന്ന നടപടിയെ ഹൈക്കോടതി രൂക്ഷമായി വിമർശിച്ചു.

ആറാം ക്ലാസ് വിദ്യാർഥിയായ മകനെ വടികൊണ്ട് അടിച്ചു എന്ന പിതാവിൻ്റെ പരാതിയിൽ വിഴിഞ്ഞം പൊലീസാണ് അധ്യാപകനെതിരെ കേസെടുത്തത്. ഈ അധ്യാപകന് മുൻകൂർ ജാമ്യം അനുവദിച്ചാണ് ഹൈക്കോടതിയുടെ സുപ്രധാന നിരീക്ഷണങ്ങൾ. വിദ്യാർഥികളുടെ സ്വഭാവരൂപീകരണത്തിൽ അധ്യാപകർക്ക് നിർണായക പങ്കുണ്ട്. എന്നാൽ അച്ചടക്കപരമായ എന്തെങ്കിലും നടപടിയെടുക്കാൻ അധ്യാപകർ ഭയപ്പെടുകയാണെന്ന് കോടതി ചൂണ്ടിക്കാട്ടി.

അധ്യാപകർ അവരുടെ ഉത്തരവാദിത്വം നിറവേറ്റുമ്പോൾ ക്രിമിനൽ കേസ് ഭീഷണി ഉണ്ടാകാൻ പാടില്ലെന്നും കോടതി നിരീക്ഷിച്ചു. ഉപദേശിച്ചതിന്റെ പേരിലോ ചെറിയ ശിക്ഷകൾ നൽകുന്നതിന്റെ പേരിലോ അധ്യാപക സമൂഹം കേസ് നേരിടേണ്ട സാഹചര്യം ഉണ്ടാകരുതെന്നും കോടതി വ്യക്തമാക്കി.

വിദ്യാർഥിയുമായി ബന്ധപ്പെട്ട് അധ്യാപകനെതിരെ പരാതി ലഭിച്ചാൽ പ്രാഥമിക അന്വേഷണം നടത്തി മാത്രമേ കേസെടുക്കാൻ പാടുള്ളൂ എന്നും കോടതി ഉത്തരവിട്ടു. ഡിവൈഎസ്പി റാങ്കിൽ കുറയാത്ത മേൽ ഉദ്യോഗസ്ഥന്റെ അനുമതിയോടെയാകണം തുടർ നടപടികൾ. പരാതി സത്യമെന്ന് തോന്നിയാൽ മാത്രം കേസ് രജിസ്റ്റർ ചെയ്യാം. എന്നാൽ അന്വേഷണത്തിന്റെ ഘട്ടത്തിൽ അധ്യാപകനെ അറസ്റ്റ് ചെയ്യരുതെന്നും കോടതി ഉത്തരവിട്ടു. ഇക്കാര്യങ്ങൾ വിശദമാക്കി സംസ്ഥാന പൊലീസ് മേധാവി സർക്കുലർ പുറത്തിറക്കണമെന്നും ജസ്റ്റിസ് പി.വി കുഞ്ഞികൃഷ്‌ണൻ നിർദേശിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments