Friday, July 4, 2025
HomeAmericaഅമേരിക്ക ഇസ്രായേലിന്റെ ഏജന്റല്ല, ഹമാസ് നേതാക്കള്‍ നല്ല മനുഷ്യര്‍: ട്രംപിന്റെ പ്രത്യേക ദൂതന്‍

അമേരിക്ക ഇസ്രായേലിന്റെ ഏജന്റല്ല, ഹമാസ് നേതാക്കള്‍ നല്ല മനുഷ്യര്‍: ട്രംപിന്റെ പ്രത്യേക ദൂതന്‍

വാഷിങ്ടണ്‍: ഹമാസുമായുള്ള രഹസ്യ ചര്‍ച്ച യുഎസ്-ഇസ്രായേല്‍ ബന്ധത്തില്‍ കൂടുതല്‍ ഉലച്ചിലുണ്ടാക്കുകയാണെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളാണു പുറത്തുവരുന്നത്. ഒരു യുഎസ് വൃത്തം അസാധാരണമായി ഹമാസ് നേതാക്കളുമായി രഹസ്യ ചര്‍ച്ച നടത്തിയ വിവരം പുറത്തുവന്നത് ദിവസങ്ങള്‍ക്കുമുന്‍പാണ്. ഇതിനു പിന്നാലെ, ചര്‍ച്ചയ്ക്കു നേതൃത്വം നല്‍കിയ ഡൊണാള്‍ഡ് ട്രംപിന്റെ പ്രത്യേക ദൂതന്‍ ആഡം ബോഹ്ലെറെ ഇസ്രായേല്‍ പ്രധാനമന്ത്രിയുടെ വിശ്വസ്തനും ഇസ്രായേല്‍ സ്ട്രാറ്റജിക് അഫേഴ്സ് മന്ത്രിയുമായ റോണ്‍ ഡെര്‍മര്‍ ഫോണില്‍ വിളിച്ചു ശകാരിച്ച വിവരവും പുറത്തുവന്നു.

ഇപ്പോഴിതാ പുതിയ വിവാദങ്ങള്‍ക്ക് ശക്തമായ ഭാഷയില്‍ മറുപടി നല്‍കുകയാണ് ബെഹ്ലെര്‍. അമേരിക്ക ഇസ്രായേലിന്റെ ഏജന്റല്ലെന്നാണ് അദ്ദേഹം വ്യക്തമാക്കിയത്. ഹമാസ് നേതാക്കളെ പ്രകീര്‍ത്തിക്കാനും ബോഹ്ലെര്‍ മറന്നില്ല.

സിഎന്‍എന്‍ ചാനലിനു നല്‍കിയ അഭിമുഖത്തിലാണ് ഹമാസ് ചര്‍ച്ചയെ ചൊല്ലി പുകയുന്ന വിവാദങ്ങളോട് ആഡം ബോഹ്ലെര്‍ വിശദമായി പ്രതികരിച്ചിരിക്കുന്നത്. ഹമാസിനെ തങ്ങള്‍ അങ്ങോട്ടു ബന്ധപ്പെടുകയായിരുന്നുവെന്ന് അദ്ദേഹം വെളിപ്പെടുത്തി. ഏതെങ്കിലും തരത്തിലുള്ള കീഴടങ്ങലായിരുന്നില്ല, അനിവാര്യമായ ചുവടുവയ്പ്പായിരുന്നു അതെന്നും ബന്ദി ചര്‍ച്ചയ്ക്കായി നിയോഗിക്കപ്പെട്ട ദൂതന്‍ പറഞ്ഞു.തുടര്‍ന്നാണ് അമേരിക്കയുടെ പരമാധികാരം ബോഹ്ലെര്‍ ഓര്‍മിപ്പിക്കുന്നത്. ”ഞങ്ങള്‍ അമേരിക്കയാണ്. ഇസ്രായേലിന്റെ ഏജന്റല്ല. ഞങ്ങള്‍ക്ക് ഞങ്ങളുടേതായ താല്‍പര്യങ്ങളുണ്ട്. അതേക്കുറിച്ചു പരസ്പരം ആശയവിനിമയം നടത്തിയിട്ടുണ്ട്. ഞങ്ങള്‍ പിന്തുടരുന്ന വ്യക്തമായ ചില മാനദണ്ഡങ്ങളുമുണ്ട്.”-അദ്ദേഹം വ്യക്തമാക്കി.

ഈ ഘട്ടത്തില്‍ ഹമാസ് യാഥാര്‍ഥ്യബോധ്യത്തോടെയാണ് ഇടപെടുന്നതെന്നും ബോഹ്ലെര്‍ പറഞ്ഞു. ദോഹയില്‍ നടന്ന ചര്‍ച്ച വളരെ ഫലപ്രദമായിരുന്നു. നല്ല മനുഷ്യരുടെ ഗണത്തില്‍പെടുത്താവുന്നവരാണ് അവര്‍. എല്ലാവരും മനുഷ്യരാണ്, മാനുഷികമായ ഗുണങ്ങളെല്ലാം അവരിലുണ്ടെന്നും തിരിച്ചറിഞ്ഞു ചര്‍ച്ച ആരംഭിക്കുന്നതാണ് ഏറ്റവും ഫലപ്രദമായ രീതി. അവര്‍ ശരിക്കും എന്താണെന്നു ആലോചിക്കുമ്പോള്‍ ഈ പറയുന്നതെല്ലാം വിചിത്രമമായി തോന്നാം. എന്നാല്‍, അമേരിക്കക്കാരെ മാത്രമല്ല എല്ലാ ബന്ദികളെയും തിരിച്ചുകൊണ്ടുവരാന്‍ നമുക്കാകും. ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ ശുഭകരമായ തീരുമാനങ്ങളുണ്ടാകുമെന്നും വെളിപ്പെടുത്തുന്നുണ്ട് അദ്ദേഹം.

”വളരെ ദുര്‍ബലമായ സാഹചര്യത്തില്‍ ചില ചര്‍ച്ചകള്‍ തുടങ്ങിവയ്ക്കുകയാണ് ഞാന്‍ ചെയ്തത്. ഹമാസിന്റെ അന്തിമലക്ഷ്യം എന്താണെന്നു ചോദിച്ചറിയുകയായിരുന്നു എന്റെ താല്‍പര്യം. ആരെയെങ്കിലുമായി കൂടിക്കാഴ്ച നടത്തിയാല്‍ അത് അവര്‍ക്ക് വഴങ്ങലാകുമെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നില്ല. മുന്‍ ഭരണകൂടം ചെയ്ത പോലെ ഇറാന് ഒരു ബില്യന്‍ ഡോളറൊക്കെ നല്‍കുന്നതാണു കീഴടങ്ങല്‍.

കാര്യങ്ങള്‍ എങ്ങോട്ടു പോകുന്നു എന്നതിനെ ആശ്രയിച്ചാണു കാര്യങ്ങള്‍ നില്‍ക്കുന്നത്. എല്ലാം ശരിയായ പാതയിലാണെങ്കില്‍ ഇത് എവിടെ അവസാനിക്കുമെന്നതിനെ കുറിച്ച് എനിക്കു പ്രതീക്ഷയുണ്ട്. ശരിയായ ദിശയില്‍ മുന്നോട്ടുപോയാല്‍ നല്ല കാര്യമാകും. എല്ലാം കൃത്യമായ വഴിക്കു നടക്കാനായി ഇനിയും കൂടിക്കാഴ്ചകളുണ്ടാകും. നമ്മുടെ ബന്ദികളെ തിരിച്ചെത്തിക്കാന്‍ വേണ്ടിയാണ് ഈ ശ്രമങ്ങളത്രയും നടക്കുന്നത്. അമേരിക്കന്‍ ബന്ദികള്‍ക്കൊപ്പം ഇസ്രായേലി ബന്ദികള്‍ക്കു കൂടിയാണ് ഈ ചര്‍ച്ചകളെന്ന് പ്രസിഡന്റ് ട്രംപ് വ്യക്തമാക്കിയതാണ്. ചര്‍ച്ചകളും ആശയവിനിമയങ്ങളും പ്രധാനമാണ്. ചര്‍ച്ചകള്‍ പരാജയപ്പെട്ടെന്നോ വിജയിച്ചെന്നോ ഇപ്പോള്‍ പറയാറായിട്ടില്ല.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments