Monday, May 5, 2025
HomeAmericaസെലെന്‍സ്‌കി മാപ്പ് പറയണം, വിലപ്പെട്ട സമയം പാഴാക്കി: ട്രംപുമായുള്ള ചർച്ചയെ വിമർശിച്ച് യുഎസ് സ്റ്റേറ്റ് സെക്രട്ടറി...

സെലെന്‍സ്‌കി മാപ്പ് പറയണം, വിലപ്പെട്ട സമയം പാഴാക്കി: ട്രംപുമായുള്ള ചർച്ചയെ വിമർശിച്ച് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ

വാഷിംഗ്ടണ്‍ : വൈറ്റ് ഹൗസില്‍ യുഎസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപുമായുള്ള കടുത്ത വാഗ്വാദത്തിന് ശേഷം ചര്‍ച്ചയുപേക്ഷിച്ച് പോയ യുക്രെയ്ന്‍ പ്രസിഡന്റ് വോളോഡിമര്‍ സെലെന്‍സ്‌കിക്കെതിരെ യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ. സെലെന്‍സ്‌കി മാപ്പ് പറയണമെന്നാണ് യുഎസ് നയതന്ത്രജ്ഞന്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

എങ്ങുമെത്താതെ അവസാനിക്കാന്‍ പോകുന്ന ഒരു മീറ്റിംഗിനായി ഞങ്ങളുടെ സമയം പാഴാക്കിയതിന് സെലെന്‍സ്‌കി ക്ഷമ ചോദിക്കണം,’ എന്നാണ് ആവശ്യം. ഓവല്‍ ഓഫീസില്‍ നടന്ന ചര്‍ച്ചകള്‍ വാദപ്രതിവാദങ്ങളിലേക്ക് നീങ്ങുകയും ഇരു നേതാക്കളും ശബ്ദമുയര്‍ത്തി വെല്ലുവിളികളുയര്‍ത്തുകയും ചെയ്തത് ആശങ്കസൃഷ്ടിച്ചിരുന്നു.

ഓവല്‍ ഓഫീസില്‍ ട്രംപും വൈസ് പ്രസിഡന്റ് ജെ.ഡി. വാന്‍സും സെലെന്‍സ്‌കിയും തമ്മില്‍ അസാധാരണമായ ഒരു വാഗ്വാദം ഉണ്ടായപ്പോള്‍ മാധ്യമപ്രവര്‍ത്തകര്‍ പോലും സ്തബ്ധരായി ഇരുന്നുവെന്നാണ് റിപ്പോര്‍ട്ട്‌. മൂന്ന് വര്‍ഷത്തെ യുദ്ധത്തില്‍ യുഎസ് നല്‍കിയ സഹായത്തിന് യുക്രേനിയന്‍ പ്രസിഡന്റ് ‘നന്ദിയുള്ളവനല്ല’ എന്ന് ട്രംപ് ആരോപിച്ചു. യുക്രേനിയന്‍ നേതാവ് റഷ്യയുമായുള്ള സമാധാനത്തിന് തയ്യാറല്ലെന്നായിരുന്നു സെലന്‍സിയെക്കുറിച്ച് ട്രംപ് പറഞ്ഞത്.

ട്രംപ് റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിനുമായി ഫോണ്‍ സംഭാഷണങ്ങള്‍ നടത്തിയതിനുശേഷവും, അദ്ദേഹത്തിന്റെ ഭരണകൂടം യുക്രെയ്നെ നാറ്റോയില്‍ ഉള്‍പ്പെടുത്തരുതെന്ന മോസ്‌കോയുടെ ആഗ്രഹം വ്യക്തമാക്കിയതിനു ശേഷവുമാണ് കൂടിക്കാഴ്ചയും മറ്റ് കോലാഹലങ്ങളും ഉണ്ടാകുന്നത്.

ലോക മാധ്യമങ്ങള്‍ക്ക് മുന്നില്‍ സെലെന്‍സ്‌കിയെ ശകാരിച്ച ട്രംപിനെയും വൈസ് പ്രസിഡന്റ് വാന്‍സിനെയും വിമര്‍ശിച്ച് ഡെമോക്രാറ്റുകള്‍ എത്തി. ട്രംപ്, പുടിന്റെ ‘വൃത്തികെട്ട ജോലി’ ചെയ്യുന്നുവെന്നായിരുന്നു അവരുടെ ആരോപണം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments