ഐഫോണിന്റെ ‘സ്പീച്ച് ടു ടെക്സ്റ്റ്’ എ.ഐ ടൂളിൽ റേസിസ്റ്റ് എന്ന് ഇൻപുട്ട് നൽകിയാൽ കിട്ടുന്ന മറുപടി ടെക്സ്റ്റ് ‘ട്രംപ്’! ചില സോഷ്യൽ മീഡിയ ഉപയോക്താക്കൾ ഇത്തരമൊരു പ്രശ്നം ചൂണ്ടിക്കാട്ടിയിരുന്നുവെന്നും സാങ്കേതിക പ്രശ്നമാണെന്നും പരിഹരിക്കാൻ ശ്രമം നടത്തിവരുകയാണെന്നുമാണ് സംഭവത്തിൽ മാതൃകമ്പനിയായ ആപ്പിളിന്റെ പ്രതികരണം. അതേസമയം, കുടിയേറ്റക്കാർക്കെതിരെയും മറ്റും യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് നടത്തിക്കൊണ്ടിരിക്കുന്ന വംശീയ അധിക്ഷേപങ്ങളുടെ പശ്ചാത്തലത്തിൽ കമ്പനിക്കകത്തുതന്നെയുള്ള ട്രംപ് വിരുദ്ധരുടെ പണിയാണിതെന്നാണ് സംസാരം.
ടൂളിന്റെ ഡിക്റ്റേഷൻ സർവിസിന് ‘ആർ’ എന്ന അക്ഷരം തിരിച്ചറിയുന്നതിൽ ഉണ്ടാകുന്ന ആശയക്കുഴപ്പമാണിതെന്നാണ് കമ്പനി വിശദീകരിക്കുന്നതെങ്കിലും ഒട്ടും വിശ്വസനീയമല്ലാത്ത മറുപടിയാണിതെന്നാണ് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. ടൂളിന്റെ ബാക്ക് എൻഡിൽ ഉപയോഗിക്കുന്ന സോഫ്റ്റ്വെയറിൽ ആരെങ്കിലും കൃത്രിമം വരുത്തിയതാകാനാണ് സാധ്യതയെന്നും എഡിൻബ്രോ സർവകലാശാലയിൽ സ്പീച്ച് ടെക്നോളജി വിഭാഗം പ്രഫസർ പീറ്റർ ബെൽ ബി.ബി.സിയോടു പറഞ്ഞു. ഡിക്റ്റേഷൻ ടൂളിനോട് റേസിസ്റ്റ് എന്ന് ഓഡിയോ ഇൻപുട്ട് നൽകുന്നതിന്റെയും, മറുപടിയായി ട്രംപ് എന്ന് ടെക്സ്റ്റ് ലഭിക്കുന്നതിന്റെയും വിഡിയോ ആളുകൾ സമൂഹ മാധ്യമത്തിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. തങ്ങൾ ശ്രമിച്ചപ്പോൾ ശരിയായ ഉത്തരമാണ് കിട്ടിയതെന്നും ആപ്പിൾ പ്രശ്നം പരിഹരിച്ചുതുടങ്ങിയെന്നാണ് കരുതുന്നതെന്നും ബി.ബി.സി പറയുന്നു.
യഥാർഥ വ്യക്തികളുടെ സംസാരത്തിന്റെ ക്ലിപ്പും മോഡലുകൾ തന്ന ഉത്തരവും നൽകിയാണ് സ്പീച്ച് ടു ടെക്സ്റ്റ് റെക്കഗ്നിഷൻ മോഡലുകളെ പരിശീലിപ്പിക്കുന്നത്. സന്ദർഭത്തിനനുസരിച്ച് വാക്കുകൾ മനസ്സിലാക്കാനുള്ള പരിശീലനവും മോഡലുകൾക്ക് നൽകാറുണ്ട്. ഉദാഹരണത്തിന് ‘‘a cup of tea’’ എന്ന പ്രയോഗത്തിലെ ‘cup’ എന്ന വാക്ക് ‘cut’ എന്ന് മനസ്സിലാക്കാതിരിക്കാനുള്ള പരിശീലനം അവക്ക് ലഭിക്കുമെന്നർഥം. ആപ്പിളിന്റെ ഇംഗ്ലീഷ് ഭാഷാ മോഡലിന് ദശലക്ഷക്കണക്കിന് മണിക്കൂറുകളുടെ പരിശീലനം ലഭിച്ചു കാണുമെന്നതിനാൽ ട്രംപ് പോലുള്ള തെറ്റു വരാൻ സാധ്യത വളരെ കുറവാണെന്നും പ്രഫ. ബെൽ പറയുന്നു. താരതമ്യേന ചെറിയ ഭാഷകളിൽ ഇതുപോലെ പരിശീലനം കിട്ടാൻ സാധ്യത ഇല്ലാത്തതിനാൽ തെറ്റുപറ്റാമെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു.