ന്യൂയോർക്ക്: മൂന്നാം ലോക മഹായുദ്ധം വിദൂരമല്ലെന്ന് അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്. മുൻ പ്രസിഡൻ്റായിരുന്ന ജോ ബൈഡനാണ് ഇപ്പോഴും അമേരിക്ക ഭരിച്ചിരുന്നതെങ്കിൽ ഇതിനോടകം മൂന്നാം ലോക മഹായുദ്ധം ഉണ്ടായിട്ടുണ്ടാവും. എന്നാൽ തൻ്റെ ഭരണ കാലത്ത് യുദ്ധം ഉണ്ടാവുകയില്ലായെന്ന് ട്രംപ് ആത്മവിശ്വാസം പ്രകടിപ്പിച്ചു. മിയാമിയിൽ നടന്ന ഫ്യൂച്ചർ ഇൻവെസ്റ്റ്മെൻ്റ് ഇൻഷിയേറ്റിവ് എന്ന പരിപാടിയിലായിരുന്നു ട്രംപിൻ്റെ പരാമർശം.
ലോകമെമ്പാടും നടന്നുവരുന്ന യുദ്ധങ്ങൾ അവസാനിപ്പിക്കാനുള്ള പ്രവർത്തനങ്ങൾ ദ്രുതഗതിയിൽ താൻ നടത്തി വരികയാണെന്നും ലോകത്ത് സമാധാനം പുനഃസ്ഥാപിക്കാനാണ് ശ്രമമെന്നും ട്രംപ് പറഞ്ഞു. മിഡിൽ ഈസ്റ്റിലും യുക്രെയിലും നടന്നുവരുന്ന യുദ്ധങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു ട്രംപിൻ്റെ പ്രസംഗം. ‘ആളുകൾ മരിച്ച് വീഴുന്നത് എനിക്ക് കാണേണ്ട, സമാധാനമാണ് വേണ്ടത്, ലോകത്ത് സമാധാനം പുനഃസ്ഥാപിക്കും’ ട്രംപ് പറഞ്ഞു.
പ്രസംഗത്തിൽ ജോ ബൈഡനെയും ട്രംപ് കടന്നാക്രമിച്ചു. ബൈഡൻ്റെ ഭരണകാലമായിരുന്നെങ്കിൽ ഇന്ന് ലോകം മൂന്നാം ലോക മഹായുദ്ധത്തിലായിരുന്നേനെയെന്നും ട്രംപ് കുറ്റപ്പെടുത്തി.
യുക്രെയിൻ- റഷ്യ യുദ്ധം അവസാനിപ്പിക്കാനായി റഷ്യയുമായി നടത്തിയ ചർച്ചയിൽ ആതിഥേയത്വം വഹിച്ചതിന് സൗദി അറേബ്യക്ക് നന്ദിയും ട്രംപ് അറിയിച്ചു. അതേ സമയം, യുക്രെയിൻ പ്രസിഡൻ്റ് വൊളോഡിമർ സെലൻസ്കിയെ കഴിഞ്ഞ ദിവസം കൊമേഡിയനെന്നും സേച്ഛാധിപതിയെന്നും ട്രംപ് വിശേഷിപ്പിച്ചതും ചർച്ചയായിരുന്നു. സെലൻസ്കിയും ട്രംപും തമ്മിൽ സോഷ്യൽ മീഡിയയിൽ തർക്കം ഉടലെടുത്ത് മണിക്കൂറുകൾക്കുള്ളിലാണ് ട്രംപിൻ്റെ കൊമേഡിയൻ പരാമർശമുണ്ടായത്. പുടിനെ ഏകാന്തതയിൽ നിന്ന് പുറത്ത് കൊണ്ടുവരാൻ ട്രംപ് സഹായിക്കുകയാണെന്നും തെറ്റായ വാർത്തകൾക്കുള്ളിലാണ് ട്രംപ് ജീവിക്കുന്നതെന്നും സെലൻസ്കി പരിഹസിച്ചിരുന്നു. തനിക്ക് യുക്രെയിനെ ഇഷ്ടമാണ്. എന്നാൽ സെലൻസ്കി രാജ്യത്തെ നശിപ്പിച്ചു. ലക്ഷങ്ങളോളം ആളുകൾ മരിക്കാനിത് കാരണമായെന്നും ട്രംപ് മറുപടി നൽകിയിരുന്നു.