Thursday, July 3, 2025
HomeAmericaവോട്ടര്‍മാരുടെ പങ്കാളിത്തം ഉറപ്പിക്കാൻ 21 മില്യൺ ഡോളർ കൈക്കൂലി ആണെന്ന് ട്രംപിന്റെ ആരോപണം

വോട്ടര്‍മാരുടെ പങ്കാളിത്തം ഉറപ്പിക്കാൻ 21 മില്യൺ ഡോളർ കൈക്കൂലി ആണെന്ന് ട്രംപിന്റെ ആരോപണം

വാഷിങ്ടണ്‍: ഇന്ത്യയിലെ തിരഞ്ഞെടുപ്പില്‍ വോട്ടര്‍മാരുടെ പങ്കാളിത്തം ഉറപ്പാക്കാന്‍ നീക്കിവെച്ച 21 മില്യണ്‍ ഡോളറിന്റെ ഫണ്ട് റദ്ദാക്കിയ വിഷയത്തില്‍ വീണ്ടും വിവാദ പരാമര്‍ശവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. അത് കൈക്കൂലി ആണെന്നാണ് ട്രംപ് ആരോപിക്കുന്നത്. താന്‍ മുമ്പ് പലതവണ പറഞ്ഞതുപോലെ വ്യക്തികള്‍ക്കുള്ള കൈക്കൂലിയാണ് അതെന്ന് റിപ്പബ്ലിക്കന്‍ ഗവര്‍ണേഴ്സ് അസോസിയേഷന്‍ യോഗത്തില്‍ ട്രംപ് ആരോപിച്ചു.

വോട്ടര്‍മാരുടെ പങ്കാളിത്തം ഉറപ്പാക്കാന്‍ 21 മില്യണ്‍ ഡോളറോ? ഇന്ത്യയിലെ തിരഞ്ഞെടുപ്പില്‍ വോട്ടര്‍മാരുടെ പ്രാതിനിധ്യത്തെപ്പറ്റി നാം എന്തിന് ആശങ്കപ്പെടണം. നമുക്ക് ആവശ്യത്തിന് പ്രശ്നങ്ങളുണ്ട്. നമ്മുടെ തിരഞ്ഞെടുപ്പില്‍ വോട്ടര്‍മാരുടെ പങ്കാളിത്തം ഉറപ്പാക്കേണ്ടതുണ്ട്. ആ പണം മുഴുവന്‍ ഇന്ത്യയിലേക്ക് പോകുമെന്ന് കരുതുന്നുണ്ടോ? അത് എപ്പോള്‍ ലഭിക്കുമെന്നാകും അവര്‍ കരുതുന്നത്. അതൊരു കൈക്കൂലിയാണ്. താന്‍ പലതവണ പറഞ്ഞതുപോലെ വ്യക്തികള്‍ക്കുള്ളതാണ് – ട്രംപ് പറഞ്ഞു.

പലതവണ താന്‍ ഇക്കാര്യത്തെക്കുറിച്ച് പറഞ്ഞതാണ്. അപ്പോഴൊന്നും അതേക്കുറിച്ച് നിങ്ങള്‍ക്ക് ഒന്നും മനസിലായിട്ടുണ്ടാകില്ല. അതിനര്‍ഥം അതൊരു കൈക്കൂലിയാണ്. അതുകൊണ്ടാണ് എന്താണ് സംഭവിക്കുന്നത് എന്നതുസംബന്ധിച്ച് ആര്‍ക്കും ഒരുസൂചനയും ഇല്ലാതിരുന്നത്. ബംഗ്ലാദേശിലെ രാഷ്ട്രീയ പഞ്ചാത്തലം ശക്തിപ്പെടുത്താന്‍ 29 മില്യണ്‍ അമേരിക്കന്‍ ഡോളര്‍. എന്താണ് ആ രാഷ്ട്രീയ പശ്ചാത്തലംകൊണ്ട് ഉദ്ദേശിക്കുന്നതെന്ന് ആര്‍ക്കും അറിയില്ലെന്നും ട്രംപ് പറഞ്ഞു.

അതിനിടെ, ഇന്ത്യന്‍ തിരഞ്ഞെടുപ്പില്‍ വോട്ടര്‍മാരുടെ പ്രാതിനിധ്യം വര്‍ധിപ്പിക്കാനുള്ള യു.എസ്. ഏജന്‍സി ഫോര്‍ ഇന്റര്‍നാഷണല്‍ ഡെവലപ്മെന്റ്(USAID)ന്റെ 21 മില്യണ്‍ ഫണ്ട് സംബന്ധിച്ച വിവരങ്ങള്‍ ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടല്‍ ഉണ്ടായെന്നതു സംബന്ധിച്ച ആശങ്ക ഉയര്‍ത്തുന്നതാണെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചു. ബന്ധപ്പെട്ട ഏജന്‍സികള്‍ ഇക്കാര്യം പരിശോധിക്കുന്നുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. അമേരിക്കന്‍ ഫണ്ട് സംബന്ധിച്ച വെളിപ്പെടുത്തല്‍ കോണ്‍ഗ്രസും ബിജെപിയും തമ്മിലുള്ള വാക്പോരിന് ഇടയാക്കിയതിന് പിന്നാലെയാണിത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments