ബ്യൂണസ് അയേഴ്സ്: ശാന്തമായി ഒഴുകിക്കൊണ്ടിരുന്ന നദിക്ക് പെട്ടെന്ന് നിറം മാറിയാലോ?, അതും നല്ല കടുംചുവപ്പുനിറം. പരിഭ്രാന്തിയിലാകുമല്ലേ. അർജന്‍റീനയുടെ തലസ്ഥാനമായ ബ്യൂണസ് അയേഴ്‌സിൻറെ പ്രാന്തപ്രദേശത്തുള്ള ഒരു നദിയുടെ നിറം ഇത്തരത്തിൽ പെട്ടെന്നാണ് കടും ചുവപ്പായി മാറിയത്. നദിയിലാകെ രക്തം പടർന്ന പോലെയായെന്നാണ് പ്രദേശവാസികൾ പറഞ്ഞത്. ഇതിന്‍റെ ചിത്രങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുമുണ്ട്. നദിയിൽ നിന്ന് ദുർഗന്ധം വമിച്ചതായാണ് പ്രദേശവാസികൾ പറയുന്നത്.
ബ്യൂണസ് അയേഴ്‌സിൽ നിന്ന് 10 കിലോമീറ്റർ അകലെയുള്ള അവെല്ലനെഡ എന്ന പട്ടണത്തിലാണ് സംഭവം. രാവിലെ എഴുന്നേറ്റപ്പോൾ എല്ലായിടത്തും ദുർഗന്ധമായിരുന്നുവെന്നും ഇതോടെ ആശങ്കയിലായെന്നും പ്രദേശവാസിയായ മരിയ ഡുകോംസ് എഎഫ്‌പിയോട് പറഞ്ഞു.
നദി ഒരിക്കലും ഇങ്ങനെ കാണപ്പെട്ടിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നദിയിലേക്ക് മാലിന്യം തള്ളുന്ന ഫാക്ടറികൾക്കെതിരെ കർശന നടപടി വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം. നദിയുടെ നിറം മാറ്റത്തിന് കാരണമെന്തെന്ന് കണ്ടെത്താൻ സാമ്പിൾ എടുത്തെന്ന് പരിസ്ഥിതി മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.
ഈ നദിയുടെ തീരത്തുള്ള ടെക്സ്റ്റൈൽ ഫാക്ടറികളിൽ നിന്ന് പുറത്തുവരുന്ന മാലിന്യമാകാം നദിയുടെ നിറം മാറ്റത്തിന് കാരണമെന്നാണ് പ്രാഥമിക വിലയിരുത്തൽ. തുണികളുടെ ഡൈകളിൽ ഉപയോഗിക്കുന്ന വിഷ പദാർത്ഥമായ അനിലിൻ ആവാം ഈ നിറം മാറ്റത്തിന് കാരണമെന്നും അധികൃതർ പറഞ്ഞു.