അഭിഷേക് ബച്ചൻ ജനിച്ച ദിവസത്തെ ചിത്രം പങ്കുവെച്ച് പിറന്നാളാശംസകൾ അറിയിച്ച് ബോളിവുഡ് സൂപ്പർതാരവും പിതാവുമായ അമിതാഭ് ബച്ചൻ. താരത്തിന്‍റെ 49ാം പിറന്നാളാണ്. ആശുപത്രിയിൽ ഇൻകുബേറ്ററിൽ ഉള്ള കുഞ്ഞ് അഭിഷേകിന്‍റെ ചിത്രമാണ് അദ്ദേഹം പങ്കുവെച്ചത്.
പ്രസവ വാർഡിൽ നിൽക്കുന്ന ബ്ലാക്ക് ആന്‍റ് വൈറ്റ് ഫോട്ടോയാണ് പിറന്നാൾ ആശംസയോടൊപ്പം അമിതാഭ് ബച്ചൻ പങ്കുവെച്ചത്. ആശുപത്രി ജീവനക്കാർ ഇൻകുബേറ്ററിന് ചുറ്റും നിൽക്കുമ്പോൾ അമിതാഭ് തന്‍റെ അമ്മ തേജി ബച്ചനൊപ്പം കുഞ്ഞ് അഭിഷേകിനെ നോക്കുന്ന ചിത്രമാണ്. “ഫെബ്രുവരി 5, 1976… സമയം അതിവേഗം കടന്നുപോയി..” -എന്നും അദ്ദേഹം ബ്ലോഗിൽ കുറിച്ചു.
അമിതാഭ് ബച്ചൻ അഭിഷേകിലുള്ള തന്‍റെ അഭിമാനത്തെക്കുറിച്ച് വാചാലനാകുകയും സമൂഹമാധ്യമത്തിൽ പലപ്പോഴും പ്രശംസിക്കുകയും ചെയ്യാറുണ്ട്. ഐ വാണ്ട് ടു ടോക്ക് എന്ന ചിത്രത്തിലെ അഭിഷേകിന്‍റെ പ്രകടനത്തെ അദ്ദേഹം അടുത്തിടെ പ്രശംസിച്ചിരുന്നു. ഇരുവരും അടുത്തിടെ വാങ്കഡെ സ്റ്റേഡിയത്തിൽ ഇന്ത്യൻ ടിമിനെ പ്രോത്സാഹിപ്പിക്കാനായി എത്തിയിരുന്നു.
നിലവിൽ ‘കോൻ ബനേഗാ ക്രോർപതി’യുടെ ഏറ്റവും പുതിയ സീസണിന്‍റെ ചിത്രീകരണ തിരക്കിലാണ് അമിതാഭ് ബച്ചൻ. അഭിഷേക് അവസാനമായി അഭിനയിച്ചത് ‘ഐ വാണ്ട് ടു ടോക്ക്’ എന്ന ചിത്രത്തിലാണ്. 2000-ൽ കരീന കപൂർ ഖാനൊപ്പം അഭിനയിച്ച റെഫ്യൂജി എന്ന ചിത്രത്തിലൂടെയാണ് അഭിഷേക് തന്‍റെ കരിയർ ആരംഭിച്ചത്.