Saturday, June 28, 2025
HomeAmericaഇറാന് ഭീഷണിയുമായി ട്രംപ്: തനിക്കെതിരെ വധശ്രമം ഉണ്ടായാൽ പിന്നെ ഇറാൻ കാണില്ല

ഇറാന് ഭീഷണിയുമായി ട്രംപ്: തനിക്കെതിരെ വധശ്രമം ഉണ്ടായാൽ പിന്നെ ഇറാൻ കാണില്ല

വാഷിംഗ്ടണ്‍: തന്നെ വധിക്കാന്‍ ശ്രമിച്ചാല്‍, ഇറാനില്‍ പിന്നെ ഒന്നും അവശേഷിക്കില്ലെന്ന ഭീഷണിയുമായി യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഇറാനില്‍ പരമാവധി സമ്മര്‍ദ്ദം ചെലുത്തുന്നതിനുള്ള ഒരു എക്‌സിക്യൂട്ടീവ് ഉത്തരവില്‍ ഒപ്പുവെച്ചുകൊണ്ടാണ് ട്രംപ് ഇത്തരത്തില്‍ പ്രതികരിച്ചത്. ട്രംപിനെ വധിക്കാന്‍ ഇറാന്റെ ഭാഗത്തുനിന്നും ശ്രമമുണ്ടെന്ന വാദങ്ങള്‍ നേരത്തെ തന്നെ ഉയര്‍ന്നിരുന്നു. പ്രചാരണ വേളയിലടക്കം ഈ വാദങ്ങള്‍ക്ക് മൂര്‍ച്ച കൂടിയിരുന്നു. വര്‍ഷങ്ങളായി ട്രംപിനും മറ്റ് ഉദ്യോഗസ്ഥര്‍ക്കുമെതിരായ ഇറാനിയന്‍ ഭീഷണികള്‍ അധികാരികള്‍ നിരീക്ഷിച്ചുവരികയാണ്.

ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്സിന്റെ ഖുദ്സ് ഫോഴ്സിന്റെ തലവനായ ഖാസിം സുലൈമാനിയെ കൊലപ്പെടുത്തിയ 2020 ലെ ആക്രമണത്തിന് ട്രംപാണ് നേതൃത്വം നല്‍കിയത്. ജൂലൈയില്‍ പെന്‍സില്‍വാനിയയില്‍ നടന്ന ഒരു പ്രചാരണ റാലിക്കിടെ അദ്ദേഹത്തിന് ചെവിയില്‍ വെടിയേറ്റിരുന്നു. എന്നാല്‍ ട്രംപ് ഈ വധശ്രമം അതിജീവിച്ചു. ഇതിന്റെ പിന്നില്‍ ഇറാനാണെന്ന വാദമുണ്ടായിരുന്നെങ്കിലും കാര്യമായ തെളിവില്ല.

അതേസമയം, ഇറാന്‍ ആണവായുധം വികസിപ്പിക്കാനൊരുങ്ങുന്നുവെന്ന ആരോപണങ്ങള്‍ക്ക് പിന്നാലെ ഇറാനെതിരേ ഉപരോധനയം സ്വീകരിക്കാന്‍ അമേരിക്ക ഒരുങ്ങുന്നതായി ട്രംപ് വ്യക്തമാക്കി. എന്നാല്‍, ഈ നയം ‘ഉപയോഗിക്കേണ്ടിവരില്ല’ എന്ന് പ്രതീക്ഷിക്കുന്നതായും ട്രംപ് കൂട്ടിച്ചേര്‍ത്തു. തന്റെ ആദ്യ ടേമിലെന്നപോലെ, ഇറാനെതിരെ ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനുള്ള കര്‍ശനമായ നയം വീണ്ടും ഏര്‍പ്പെടുത്തുന്ന ഒരു മെമ്മോറാണ്ടത്തില്‍ ഒപ്പുവെച്ചുകൊണ്ടാണ് ട്രംപ് ഈ പ്രസ്താവന നടത്തിയത്.

ആണവ മേഖലയില്‍ ഉള്‍പ്പെടെ ഇറാനെതിരേ ഉപരോധം ഏര്‍പ്പെടുത്താന്‍ അമേരിക്കയിലെ എല്ലാ വകുപ്പുകളോടും നിര്‍ദേശിക്കുന്ന മെമ്മോറാണ്ടത്തിലാണ് ട്രംപ് ഒപ്പുവെച്ചിരിക്കുന്നതെന്ന് വൈറ്റ് ഹൗസ് വൃത്തങ്ങള്‍ പറഞ്ഞു.ഇറാന്റെ അതിക്രമങ്ങളെ തടയുന്നതിന് ട്രംപ് ഭരണകൂടത്തിന് ഈ ഉപരോധം കൂടുതല്‍ കരുത്തേകുമെന്നാണ് വൈറ്റ് ഹൗസ് വിലയിരുത്തുന്നത്. എന്നാല്‍, കടുത്ത നടപടിയിലേക്ക് കടക്കുന്നതില്‍ ട്രംപ് ദുഖം പങ്കുവയ്ക്കുകയും ചെയ്തു. ‘അത് ചെയ്യുന്നതില്‍ എനിക്ക് സന്തോഷമില്ല, പക്ഷേ നമ്മള്‍ ശക്തരായിരിക്കേണ്ടതിനാല്‍ എനിക്ക് വേറെ വഴിയില്ല’ എന്നും അദ്ദേഹം പറഞ്ഞു. തന്നെ വധിക്കാന്‍ ശ്രമിച്ചാല്‍ ഇറാന്‍ ‘നശിപ്പിക്കപ്പെടും’ എന്നും അങ്ങനെ എന്തെങ്കിലും സംഭവിച്ചാല്‍ വേണ്ട നടപടിയെടുക്കാന്‍ തന്റെ ഉപദേഷ്ടാക്കള്‍ക്ക് നിര്‍ദ്ദേശം നല്‍കിയെന്നും അദ്ദേഹം വെളിപ്പെടുത്തി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments