ബെയ്ജിങ്: സ്വന്തമായി വാങ്ങിയ വീടിന്റെ ബേസ്‌മെന്റില്‍ മുന്‍ വീട്ടുടമ വര്‍ഷങ്ങളായി താമസിക്കുന്നുണ്ടായിരുന്നുവെന്ന ഞെട്ടലില്‍ ചൈനയിലെ വീട്ടുടമസ്ഥന്‍. കിഴക്കന്‍ ചൈനയിലെ ജിയാങ്‌സു പ്രവിശ്യയിലാണ് വീടിന്റെ ബേസ്‌മെന്റില്‍ ഒരു ചെറിയ ബാറടക്കമുള്ള സൗകര്യത്തോടെയുള്ള വീട്ടുടമയുടെ താമസം.
വീട് വൃത്തിയാക്കുന്നതിനിടയിലാണ് നിലവിലെ വീട്ടുടമസ്ഥനായ ലി ബേസ്‌മെന്റിലെ രഹസ്യ മുറി കണ്ടെത്തിയത്. ബേസ്‌മെന്റിലെ ഗോവണിക്ക് പിന്നിലായിരുന്ന രഹസ്യ വാതില്‍ തുറന്നപ്പോള്‍ കണ്ടത് വെളിച്ചവും വായു സഞ്ചാരവുമുള്ള നല്ല മുറിയാണ്. ഒരു ചെറിയ ബാറും ഇതിലുണ്ടായിരുന്നു. ലി വീടു വാങ്ങി താമസം തുടങ്ങി ഏഴ് വര്‍ഷത്തിന് ശേഷമാണ് ഇങ്ങനൊരു മുറിയുള്ള വിവരം അറിയുന്നത്.
പിന്നീടുള്ള അന്വേഷണത്തിലാണ് മുന്‍ വീട്ടുടമസ്ഥയായ ഷാങ് എന്ന സ്ത്രീയാണ് ഇവിടെ താമസിക്കുന്നതെന്ന് മനസിലാക്കിയത്. വീട്ടിലെ ഈ മുറിയുടെ കാര്യം മറച്ചുവെച്ചതിനെ കുറിച്ച് ലി ചോദിച്ചപ്പോള്‍ താന്‍ നല്‍കിയ കരാറില്‍ ബേസ്‌മെന്റ് ഉള്‍പ്പെട്ടിട്ടില്ലെന്നായിരുന്നു ഷാങ്ങിന്റെ മറുപടി. വീട് വിറ്റെങ്കിലും ബേസ്‌മെന്റ് ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന് താന്‍ പറഞ്ഞിട്ടില്ലെന്നും ബേസ്‌മെന്റ് നല്‍കിയാല്‍ ഒഴിവുസമയങ്ങളില്‍ താനെവിടെ വിശ്രമിക്കുമെന്നും ഷാങ് പ്രതികരിക്കുകയായിരുന്നു.
തുടര്‍ന്ന് ലി കോടതിയെ സമീപിക്കുകയും ബേസ്‌മെന്റിന്റെയും ഉടമസ്ഥന്‍ ലിയാണെന്ന് കോടതി വ്യക്തമാക്കുകയും ചെയ്തു. ലിക്ക് നഷ്ടപരിഹാരം നല്‍കണമെന്നും കോടതി ഉത്തരവിട്ടിട്ടുണ്ട്. അതേസമയം വാര്‍ത്ത സാമൂഹ്യമാധ്യമങ്ങളില്‍ വലിയ രീതിയില്‍ പ്രചരിക്കുന്നുണ്ട്. വീട്ടില്‍ താമസക്കാര്‍ അറിയാതെ എങ്ങനെയാണ് മുന്‍ ഉടമ ഇത്രയും നാള്‍ അവിടെ താമസിച്ചതെന്നാണ് ഉയരുന്ന ചോദ്യം.

