അർലിങ്ടൺ (യു.എസ്): വാഷിങ്ടണിന് സമീപം റൊണാൾഡ് റീഗൻ ദേശീയ വിമാനത്താവളത്തിലിറങ്ങവെ യാത്രാവിമാനവും സൈനിക കോപ്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരിച്ച 67 പേരിൽ 40ലേറെ പേരുടെ മൃതദേഹങ്ങൾ കണ്ടെടുത്തു. വിമാനത്തിലുണ്ടായിരുന്ന 64 പേരും കോപ്ടറിലുണ്ടായിരുന്ന മൂന്ന് സൈനികരുമാണ് കൊല്ലപ്പെട്ടത്. യാത്രാ വിമാനത്തിൽ 60 യാത്രക്കാരും നാലു ജീവനക്കാരും ഹെലികോപ്ടറിൽ മൂന്ന് സൈനികരുമാണുണ്ടായിരുന്നത്. അപകടത്തിന് കാരണം ബൈഡൻ, ഒബാമ ഭരണകൂടങ്ങളുടെ പിഴവാണെന്ന് യു.എസ് പ്രസിഡൻറ് ഡോണാൾഡ് ട്രംപ് ആരോപിച്ചു. മുൻ സർക്കാരിന്റെ ഡൈവേഴ്സിറ്റി, ഇക്വിറ്റി, ഇൻക്ലൂഷൻ നടപടികളാണ് ദുരന്തത്തിലേക്ക് നയിച്ചതെന്ന് അദ്ദേഹം പറഞ്ഞു.
ആകാശത്തുവെച്ചുണ്ടായ കൂട്ടിയിടിക്ക് പിന്നാലെ വിമാനവും കോപ്ടറും തൊട്ടടുത്തുള്ള പോടോമാക് നദിയിൽ വീഴുകയായിരുന്നു. കൻസാസിലെ വിചിതയിൽനിന്ന് വരികയായിരുന്നു വിമാനം. എങ്ങനെയാണ് കൂട്ടിയിടിയുണ്ടായത് എന്നതിൽ ഔദ്യോഗിക വിശദീകരണം വന്നിട്ടില്ല. രക്ഷാപ്രവർത്തനത്തിനായി നിരവധി മുങ്ങൽ വിദഗ്ധരും കോപ്ടറുകളും എത്തി. എല്ലാവരെയും കണ്ടെടുക്കുമെന്ന് മാത്രമാണ് കൊളംബിയ ജില്ല മേയർ മുരിയൽ ബൗസെർ വ്യാഴാഴ്ച രാവിലെ വിമാനത്താവളത്തിൽ നടത്തിയ വാർത്തസമ്മേളനത്തിൽ പറഞ്ഞത്.
സംഭവത്തിൽ അനുശോചിക്കുന്നതായി പ്രസിഡന്റ് ഡോണൾഡ് ട്രംപ് പറഞ്ഞു. വിചിതയിൽനിന്ന് യു.എസ് ഫിഗർ സ്കേറ്റിങ് ചാമ്പ്യൻഷിപ് കഴിഞ്ഞുള്ള ക്യാമ്പിൽനിന്ന് മടങ്ങുകയായിരുന്ന സ്കേറ്റർമാരും കോച്ചുമാരും അവരുടെ കുടുംബാംഗങ്ങളുമാണ് വിമാനത്തിലുണ്ടായിരുന്നത്. ദുരന്തത്തിൽ തങ്ങളാകെ തകർന്ന നിലയിലാണെന്ന് യു.എസ് ഫിഗർ സ്കേറ്റിങ് ഭാരവാഹികൾ പറഞ്ഞു. ഈസ്റ്റേൺ സ്റ്റാൻഡേഡ് സമയം (ഇ.എസ്.ടി- ഇത് ഇന്ത്യയിലെ സമയത്തേക്കാൾ പത്തര മണിക്കൂർ പിറകിലാണ്) രാത്രി ഒമ്പതുമണിക്കാണ് അപകടമെന്ന് ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ അറിയിച്ചു. വൈറ്റ്ഹൗസിൽനിന്നും കാപിറ്റോളിൽനിന്നും കേവലം മൂന്ന് മൈൽ തെക്കാണ് അപകടമുണ്ടായതെന്ന കാര്യത്തിൽ യു.എസ് അധികൃതർ നടുക്കത്തിലാണ്.
ലോകത്തിലെതന്നെ ഏറ്റവും കർശനമായ നിരീക്ഷണമുള്ള വ്യോമമേഖലയാണിത്. അപകടത്തിലേക്ക് നയിച്ച എല്ലാ കാര്യങ്ങളും അന്വേഷിക്കുമെന്ന് അധികൃതർ വ്യക്തമാക്കി. അമേരിക്കൻ എയർലൈൻസ് വിമാനം റീഗൻ ദേശീയ വിമാനത്താവളത്തിലിറങ്ങാനായി 400 അടി ഉയരത്തിലായിരുന്നു. പൊടുന്നനെ എതിർ ദിശയിൽ നിന്ന് വന്ന ഹെലികോപ്റ്റർ വിമാനത്തിലിടിച്ച് തീപിടിച്ച് നദിയിൽ പതിച്ചുവെന്നുമാണ് പറയുന്നത്. വിമാനത്തിന്റെ അവസാന വേഗം 140 മൈൽ (മണിക്കൂറിൽ) ആയിരുന്നു.

