വാഷിംഗ്ടൺ: യാത്രാ വിമാനവും സേനയുടെ ഹെലികോപ്റ്ററും കൂട്ടിയിടിച്ചുണ്ടായ അപകടം ഒഴിവാക്കാൻ കഴിയുമായിരുന്നെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. എല്ലാവരുടെയും മനസ്സുലച്ച ദുരന്തമാണ് തലസ്ഥാനത്തു നടന്നത്. ഹെലികോപ്റ്ററിനു വിമാനത്തെ കൃത്യമായി കാണാനാകുമായിരുന്നുവെന്നും വളരെ ചെറിയ ആ സമയപരിധിയിൽ പൈലറ്റിന് തീരുമാനമെടുക്കാൻ കഴിയണമായിരുന്നെന്നും ട്രംപ് പറഞ്ഞു. ദുരന്തസാധ്യത എയർ ട്രാഫിക് നിയന്ത്രണകേന്ദ്രത്തിലിരുന്നവർക്കു മനസ്സിലായെങ്കിൽ അവരും ഉടൻ നടപടിയെടുക്കണമായിരുന്നു. ട്രംപ് വിമർശിച്ചു.
ഹെലികോപ്റ്ററും വിമാനവും വിപരീത ദിശയിൽ, ഒരേ ഉയരത്തിലായിരുന്നു. ആ ഉയരത്തിൽനിന്ന് ഹെലികോപ്റ്ററിനെ മാറ്റാൻ നടപടി വേണ്ടിയിരുന്നു. ഇത്തരം സന്ദർഭങ്ങളിൽ ഉചിതമായ തീരുമാനം അതിവേഗം കൈക്കൊള്ളാൻ മാനസികമായി ശേഷിയുള്ളവർ തലപ്പത്തുണ്ടാകണം. എയർ ട്രാഫിക് കൺട്രോളിൽ ഇരിക്കുന്നവർ ജീനിയസുകൾ ആയിരിക്കണം.സൈന്യത്തിലുൾപ്പെടെ വംശീയ വൈവിധ്യം ഉൾപ്പെടുത്തുന്നതിനായി വാദിക്കുന്ന ഡിഇഐ നയത്തെയും ട്രംപ് വിമർശിച്ചു. അപകടത്തിനു കാരണം ഈ “വൈവിധ്യനയം’ എന്നായിരുന്നു ട്രംപിന്റെ വിമർശനം. ജോ ബൈഡൻ ഉൾപ്പെടെ മുൻ പ്രസിഡന്റുമാരുടെ നയങ്ങളെയും ട്രംപ് വിമർശിച്ചു.
അപകട സമയത്ത് ഹെലികോപ്റ്റർ നൈറ്റ് വിഷൻ മോഡാണോ ഉപയോഗിച്ചിരുന്നത് എന്ന വിവരങ്ങൾ അന്വേഷണത്തിൽ പുറത്തുവരും. അപകടത്തിൽ മരണപ്പെട്ട റഷ്യക്കാർ ഉൾപ്പെടെയുള്ള യാത്രക്കാരുടെ ഭൗതികാവശിഷ്‌ടങ്ങൾ അവരുടെ നാട്ടിലെത്തിക്കുന്നതിനു വേണ്ട നടപടി സ്വീകരിക്കുമെന്നും ട്രംപ് വ്യക്തമാക്കി.