ന്യൂഡൽഹി : പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ഇന്തോനേഷ്യൻ പ്രസിഡന്റ് പ്രബോവോ സുബിയാന്തോയുടെയും സാന്നിധ്യത്തിൽ നിർണായക കരാറുകളിൽ ഒപ്പുവെച്ച് ഇരുരാജ്യങ്ങളും. സാംസ്കാരിക മേഖലയിലെ സഹകരണം, ആരോഗ്യം, സമുദ്രം, സുരക്ഷ, ഡിജിറ്റൽ മേഖലകൾ എന്നീ വിഭാഗങ്ങളിലാണ് കരാറുകൾ.ഇരുരാജ്യങ്ങൾക്കുമിടയിൽ സഹകരണം മെച്ചപ്പെടുത്താൻ സാധ്യതയുള്ള വിവിധ മേഖലകൾ കൂടിക്കാഴ്ചയിൽ ചർച്ചയായതായി പ്രബാവോ വാർത്തസമ്മേളനത്തിൽ പറഞ്ഞു. ബ്രിക്സ് കൂട്ടായ്മയിൽ അംഗമാകാനുള്ള നടപടികളിൽ ഇന്ത്യ നൽകിയ പിന്തുണക്കും പ്രബാവോ നന്ദി പറഞ്ഞു.
പ്രതിരോധ ഉൽപാദനത്തിലും വിതരണ ശൃംഖല മെച്ചപ്പെടുത്തുന്നതിലും ഇരുരാജ്യങ്ങളും ഒരുമിച്ച് പ്രവർത്തിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. സമുദ്രസുരക്ഷ, സൈബർ സുരക്ഷ, തീവ്രവാദ വിരുദ്ധത, തീവ്രവാദം ഇല്ലാതാക്കൽ തുടങ്ങിയ വിഷയങ്ങളിൽ സഹകരണം മെച്ചപ്പെടുത്താനും തീരുമാനിച്ചതായി മോദി പറഞ്ഞു.