വാഷിങ്ടൺ: അമേരിക്കൻ പ്രസിഡൻറായി അധികാരമേറ്റതിന് പിന്നാലെ നിർണായക ഉത്തരുവകളിൽ ഒപ്പുവച്ച് പ്രസിഡൻറ് ഡോണൾഡ് ട്രംപ്. മെക്‌സിക്കോ അതിർത്തിയിലെ അനധികൃത കുടിയേറ്റം ദേശീയ അടിയന്തരാവസ്ഥയായി പ്രഖ്യാപിക്കുകയും ക്രിമിനൽ സംഘങ്ങളെ തീവ്രവാദ സംഘടനകളായി പ്രഖ്യാപിക്കുകയും ചെയ്തു.
യുഎസിൽ ജനിച്ച ആർക്കും പൗരത്വം നൽകുന്ന ജന്മാവകാശ പൗരത്വം സംബന്ധിച്ച ഉത്തരവിലും അദ്ദേഹം ഒപ്പുവച്ചു.ക്യാപിറ്റോൾ ഹിൽ ആക്രമണത്തിൽ ഉൾപ്പെട്ട ഏകദേശം 1500 പേർക്ക് ട്രംപ് മാപ്പ് നൽകി.
2021-ലെ ആക്രമണവുമായി ബന്ധപ്പെട്ട എല്ലാ കേസുകളും ഉപേക്ഷിക്കാൻ അദ്ദേഹം നീതിന്യായ വകുപ്പിന് നിർദേശം നൽകി. തടവിലാക്കപ്പെട്ടവരിൽ ചിലർ തിങ്കളാഴ്ച രാത്രി മോചിതരാകുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.ദേശീയ സുരക്ഷാ പ്രശ്‌നങ്ങൾ കാരണം ഞായറാഴ്ച യുഎസിൽ അടച്ചുപൂട്ടാനിരുന്ന വീഡിയോ ആപ്പായ ടിക്ടോക്കിന്റെ നിരോധനം ട്രംപ് വൈകിപ്പിച്ചിട്ടുണ്ട്. 75 ദിവസത്തേക്ക് കേസിൽ നടപടിയെടുക്കരുതെന്ന് അദ്ദേഹം അറ്റോർണി ജനറലിനോട് ഉത്തരവിട്ടു.
ഊർജ്ജ അടിയന്തരാവസ്ഥാ പ്രഖ്യാപനമാണാണ് മറ്റൊന്ന്. എണ്ണ ഖനനം ചെയ്യാനായി ആർട്ടിക് തുറക്കുമെന്നും ആഭ്യന്തര ഊർജ ഉൽപ്പാദനം പ്രോത്സാഹിപ്പിക്കുമെന്നും ട്രംപ് പറഞ്ഞു. കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ചുള്ള ആഗോള ഉടമ്പടിയിൽനിന്ന് പിൻമാറിയും നിയന്ത്രണം കുറയ്ക്കുകയും ചെയ്തുകൊണ്ട് ഊർജ്ജ ഉൽപ്പാദനം പരമാവധിയാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.