വാഷിങ്ടൺ: യു.എസ് പ്രതിനിധി സഭാംഗമായി ഭഗവദ് ഗീത കൈയിൽ പിടിച്ച് സത്യപ്രതിജ്ഞ ചെയ്ത് ഇന്ത്യൻ വംശജനായ സുഹാസ് സുബ്രമണ്യം. വിർജീനിയയിൽനിന്നുള്ള ഇന്ത്യൻ അമേരിക്കക്കാരനും ഏഷ്യൻ വംശജനുമായ ആദ്യ ജനപ്രതിനിധിയാണ് സുഹാസ്. വിർജീനിയയെ പ്രതിനിധാനംചെയ്യുന്ന ആദ്യ ഇന്ത്യൻ വംശജനായതിലും എന്നാൽ, അവസാനത്തെ വ്യക്തിയല്ലാത്തതിലും അഭിമാനമുണ്ടെന്ന് സത്യപ്രതിജ്ഞക്ക് ശേഷം സുഹാസ് പ്രതികരിച്ചു.
സത്യപ്രതിജ്ഞ ചടങ്ങിന് സാക്ഷിയാകാൻ അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളും എത്തിയിരുന്നു. മുൻ പ്രസിഡന്റ് ബറാക് ഒബാമയുടെ നയ ഉപദേശകനായിരുന്നു സുഹാസ്. 2019 മുതൽ വിർജീനിയ ജനറൽ അസംബ്ലിയെ പ്രതിനിധാനംചെയ്തിട്ടുണ്ട്. മേഖലയിൽ തോക്കുപയോഗിച്ചുള്ള ആക്രമണങ്ങൾ കുറക്കാനുള്ളതടക്കം സുപ്രധാന നിയമം പാസാക്കുന്നതിൽ സുപ്രധാന പങ്കുവഹിച്ചു.
വിർജീനിയയുടെ തലസ്ഥാനമായ റിച്ച്മണ്ടിൽ കോമൺവെൽത്ത് കോക്കസ് എന്ന സംഘടനക്ക് രൂപംനൽകിയിരുന്നു. രാജ കൃഷ്ണമൂർത്തി, റോ ഖന്ന, ശ്രീതനേദർ എന്നിവരടക്കം നാലു ഹിന്ദു സഭാംഗങ്ങളാണ് 119-ാമത് കോൺഗ്രസിലുള്ളത്. ഇല്ലിനോയിസിൽനിന്നുള്ള പ്രതിനിധിയായ കൃഷ്ണമൂർത്തി സത്യപ്രതിജ്ഞ ചെയ്ത ശേഷം ഭഗവദ് ഗീതയിൽനിന്നുള്ള ഒരു ഭാഗം വായിച്ചു.