വാഷിങ്ടൺ: തന്റെ ജീവിതം സിനിമയാക്കാൻ ആമസോണുമായി 40 മില്യൺ ഡോളറിന്റെ കരാറൊപ്പിട്ട് നിയുക്ത യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഭാര്യ മെലാനിയ ട്രംപ്. ട്രംപ്, മകൻ ബാരൺ എന്നിവരും ഡോക്യുമെന്ററിയിൽ പ്രത്യക്ഷപ്പെടും. ബ്രെറ്റ് റാത്നർ ആണ് സംവിധാനം. മെലാനിയയുടെ ജീവിതത്തിലെ അവിസ്മരണീയമായ സംഭവങ്ങൾക്ക് പ്രാധാന്യം നൽകുന്ന ഡോക്യുമെന്ററി ഈവർഷം പകുതിയോടെ സ്ട്രീമിങ് ചെയ്യാനാണ് ഉദ്ദേശിക്കുന്നതെന്ന് ന്യൂയോർക് ടൈംസ് റിപ്പോർട്ട് ചെയ്തു.
ട്രംപിന്റെ സ്ഥാനാരോഹണ ചടങ്ങിന്റെ ധനസമാഹരണ ഫണ്ടിലേക്ക് ആമസോൺ സി.ഇ.ഒ ജെഫ് ബെസോസ് 10 ലക്ഷം ഡോളർ സംഭാവന നൽകുമെന്ന് അറിയിച്ചതിന് പിന്നാലെയാണ് മെലാനിയ ഡോക്യുമെന്ററി കരാർ ഒപ്പുവെച്ചത്.ഡോക്യുമെന്ററിക്ക് പുറമേ മൂന്നോ നാലോ എപ്പിസോഡിലായുള്ള ഡോക്യുസീരിസും പുറത്തിറങ്ങും.
രണ്ട് പ്രോജക്ടിലും പങ്കുചേരുന്ന മെലാനിയ തന്നെയാവും ഡോക്യുമെന്ററിയുടേയും ഡോക്യുസീരിസിന്റെയും എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍. ഇതിലൂടെ കരാര്‍ തുകയ്ക്ക് പുറമേ ഡോക്യുമെന്ററി ലാഭവിഹിതവും മെലാനിയക്ക് ലഭിക്കും.