വാഷിങ്ടൺ: ഇന്ത്യക്ക് കൈമാറണമെന്ന ഉത്തരവ് പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് മുംബൈ ഭീകരാക്രമണ കേസിലെ പ്രതി തഹാവുർ റാണ അമേരിക്കൻ സുപ്രീംകോടതിയെ സമീപിച്ചു. ഒരേ കേസിൽ രണ്ടു തവണ വിചാരണ നേരിടുകയും ശിക്ഷിക്കപ്പെടുകയും ചെയ്യുമെന്ന് ചൂണ്ടിക്കാട്ടിയാണ് കനേഡിയൻ പൗരനായ പാകിസ്ഥാൻ വംശജൻ കൂടിയായ റാണ ഹർജി നൽകിയത്.
യു.എസിലെ സാൻഫ്രാൻസിസ്കോയിലുള്ള നോർത്ത് സർക്യൂട്ട് അപ്പീൽ കോടതിയടക്കം ഹർജി തള്ളിയതോടെആണ് റാണ സുപ്രീംകോടതിയെ സമീപിച്ചത്. ജനുവരി 17 നാണ് കോടതി ഹർജി വീണ്ടും പരിഗണിക്കുക. ഇന്ത്യക്ക് വിട്ടുനൽകാതിരിക്കാൻ റാണയുടെ അവസാന നിയമ പോരാട്ടമാണിത്.അതേസമയം 2008 ലെ മുംബൈ ഭീകരാക്രമണ കേസിൽ കനേഡിയൻ പൗരനായ പാകിസ്ഥാൻ വംശജനായ റാണയെ വിട്ടുകിട്ടാൻ ഏറെക്കാലമായി ഇന്ത്യ ശ്രമിക്കുകയാണ്. നേരത്തെ, സാൻഫ്രാൻസിസ്കോയിലെ നോർത്ത് സർക്യൂട്ടിനായുള്ള യു എസ് കോർട്ട് ഓഫ് അപ്പീൽസ് ഉൾപ്പെടെ കീഴ്ക്കോടതികളിലും നിരവധി ഫെഡറൽ കോടതികളിലും റാണയുടെ കേസ് പരാജയപ്പെട്ടിരുന്നു.
യുഎസ് സോളിസിറ്റർ ജനറൽ എലിസബത്ത് ബി പ്രെലോഗർ ഹർജി തള്ളണമെന്ന് സുപ്രീം കോടതിയോട് നേരത്തെ ആവശ്യപ്പെട്ടിരുന്നു. ഡിസംബർ 23 ന് റാണയുടെ അഭിഭാഷകൻ ജോഷ്വ എൽ ഡ്രാറ്റെൽ, യു എസ് ഗവൺമെൻ്റിൻ്റെ ശുപാർശയെ ചോദ്യം ചെയ്യുകയും തൻ്റെ റിട്ട് അംഗീകരിക്കണമെന്ന് സുപ്രീം കോടതിയിൽ അപേക്ഷിക്കുകയും ചെയ്തിരുന്നു.
നിലവിൽ ലോസ് ഏഞ്ചൽസിലെ ജയിലിലാണ് റാണ കഴിയുന്നത്. 26/11 മുംബൈ ആക്രമണത്തിൻ്റെ പ്രധാന സൂത്രധാരന്മാരിൽ ഒരാളായ പാകിസ്ഥാൻ-അമേരിക്കൻ ഭീകരൻ ഡേവിഡ് കോൾമാൻ ഹെഡ്‌ലിയുമായി റാണക്ക് ബന്ധമുണ്ടെന്നാണ് പ്രധാന ആരോപണം.