Tuesday, January 7, 2025
HomeEuropeഎയര്‍ പാസഞ്ചര്‍ ഡ്യൂട്ടി കുത്തനെ ഉയര്‍ത്തി: യുകെ മലയാളികളുടെ നാട്ടിലേക്കുള്ള യാത്രചെലവ് ഭീമം

എയര്‍ പാസഞ്ചര്‍ ഡ്യൂട്ടി കുത്തനെ ഉയര്‍ത്തി: യുകെ മലയാളികളുടെ നാട്ടിലേക്കുള്ള യാത്രചെലവ് ഭീമം

ലണ്ടന്‍: വിമാനയാത്രക്കാരെ പിഴിയാന്‍ തുനിഞ്ഞിറങ്ങിയ ലേബര്‍ സര്‍ക്കാര്‍ എയര്‍ ടാക്സ് കുത്തനെ ഉയര്‍ത്തിയതോടെ ജന്മനാട്ടിലേക്കുള്ള യാത്രകള്‍ പോലും ഒഴിവാക്കേണ്ട അവസ്ഥ വന്നിരിക്കുകയാണ് മലയാളികള്‍ ഉള്‍പ്പടെയുള്ള കുടിയേറ്റക്കാര്‍ക്ക്. അവധിക്കാല യാത്രകളും പലര്‍ക്കും ഒഴിവാക്കേണ്ട സാഹചര്യം ഇത് മൂലം വന്നിരിക്കുകയാണ് . ജനപ്രിയ വിനോദ സഞ്ചാര കേന്ദ്രങ്ങളിലൊന്നായ ഫ്ലോറിഡയിലെ വാള്‍ട്ട് ഡിസ്നി വേള്‍ഡില്‍ പോകണമെങ്കില്‍ ഒരു നാലംഗ കുടുംബത്തിന്റെ വിമാന ടിക്കറ്റില്‍ മാത്രം 400 പൗണ്ടിലധികം വര്‍ദ്ധനവ് ഉണ്ടാകുമെന്നാണ് കണക്കുകള്‍ പറയുന്നത്.

തൊഴിലാളികള്‍ക്ക് മേല്‍ നികുതി ചുമത്തിയിട്ടില്ലെന്നും, സാമ്പത്തിക വളര്‍ച്ചക്കാണ് മുന്‍ഗണന നല്‍കുന്നതെന്നുമൊക്കെയുള്ള സര്‍ക്കരിന്റെ വാദം പൊള്ളയാണെന്നാണ് ഇത് തെളിയിക്കുന്നതെന്ന് വിമര്‍ശകര്‍ ആരോപിക്കുന്നു. ഈ നീക്കം ട്രാവല്‍ വ്യവസായത്തെ തകര്‍ച്ചയിലേക്ക് നയിക്കുമെന്നും അവര്‍ ആരോപിക്കുന്നു. റേച്ചല്‍ റീവ്‌സിന്റെ  ബജറ്റില്‍ നാഷണല്‍ ഇന്‍ഷുറന്‍സിലെ തൊഴിലുടമകളുടെ വിഹിതം വര്‍ദ്ധിപ്പിച്ചതോടെ ഈ മേഖലയില്‍ പിരിച്ചു വിടലിനൊരുങ്ങുകയാണ് പല കമ്പനികളും. മാത്രമല്ല, ഈ മേഖലയില്‍ ഉള്ള നിക്ഷേപവും കുറച്ചിരിക്കുകയാണ്.

ഒക്ടോബറിലെ ബജറ്റില്‍, ഹോളിഡേ ടാക്സ് എന്നുകൂടി അറിയപ്പെടുന്ന എയര്‍ പാസഞ്ചര്‍ ഡ്യൂട്ടി, മിക്ക വിമാനങ്ങള്‍ക്കും 15 ശതമാനം വരെ ആണ് വര്‍ദ്ധിപ്പിച്ചത്. നിലവിലെ പണപ്പെരുപ്പ നിരക്കായ 2.6 ശതമാനത്തിന്റെ അഞ്ചിരട്ടിയോളം വരും ഇത്. പ്രധാനമന്ത്രിക്ക് സ്വന്തം പോക്കറ്റില്‍ നിന്നും പണം ചെലവഴിച്ച് എയര്‍ പാസഞ്ചര്‍ ടാക്സ് നല്‍കാതെ യാത്ര ചെയ്യാന്‍ കഴിയുമെന്നും, സാധാരണക്കാര്‍ക്കാണ് ഇത് പ്രശ്നങ്ങള്‍ സൃഷ്ടിക്കുക എന്നും ടാക്സ് പെയേഴ്സ് അലയന്‍സ് ആരോപിക്കുന്നു. എയര്‍ ടാക്സ് കുറച്ചു കാലത്തേക്ക് മരവിപ്പിക്കണം എന്ന ആവശ്യവും പല കോണുകളില്‍ നിന്നും ഉയരുന്നുണ്ട്.

ബ്രിട്ടീഷ് എയര്‍വെയ്‌സിന്റെ മുന്‍ മേധാവിയും നിലവില്‍ ഇന്റര്‍നാഷണല്‍ എയര്‍ ട്രാന്‍സ്പോര്‍ട്ട് അസോസിയേഷന്‍ മേധാവിയുമായ വില്ലി വാല്‍ഷും ഈ നികുതിക്കെതിരെ രംഗത്തെത്തിയിട്ടുണ്ട്. എക്കാലത്തെയും കൂടിയ നിരക്കിലുള്ള എയര്‍ ടാക്സാണ് ബ്രിട്ടീഷുകാര്‍ നല്‍കേണ്ടി വരുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. സാമ്പത്തിക വളര്‍ച്ചയ്ക്കാണ് മുന്‍ഗണന നല്‍കുന്നതെന്ന് പ്രധാനമന്ത്രി പറയുമ്പോഴും, വ്യോമയാന മേഖലയെ ശ്വാസം മുട്ടിക്കാന്‍ ചാന്‍സലറെ അനുവദിക്കുന്നത് എന്തിനാണെന്നും അദ്ദേഹം ചോദിക്കുന്നു

16 ലക്ഷത്തോളം തൊഴിലുകളാണ് ഈ മേഖല സൃഷ്ടിച്ചിട്ടുള്ളതെന്ന് പറഞ്ഞ അദ്ദേഹം, രാജ്യത്തിന്റെ ജിഡിപിയിലേക്ക് വ്യോമയാന മേഖല 127 ബില്യണ്‍ പൗണ്ടാണ് സംഭാവന ചെയ്യുന്നതെന്നും ഓര്‍മ്മിപ്പിച്ചു. നികുതി വര്‍ദ്ധനയോടെ കനത്ത മത്സരം നടക്കുന്ന ആഗോള വ്യോമയാന വിപണിയില്‍ ബ്രിട്ടീഷ് കമ്പനികള്‍ക്ക് പിടിച്ചു നില്‍ക്കാനാകാതെ വരുമെന്ന് പ്രധാന വിമാനകമ്പനികളുടെ കൂട്ടായ്മയായ എയര്‍ലൈന്‍സ് യുകെ തലവന്‍ ടിം ആള്‍ഡര്‍സ്ലേഡും പറയുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments