ജയ്പൂര്‍: രാജസ്ഥാനിലെ കോട്പുത്ലി-ബെഹ്റോര്‍ ജില്ലയില്‍ 700 അടി താഴ്ചയുള്ള കുഴല്‍ക്കിണറില്‍ വീണ മൂന്ന് വയസ്സുകാരിയെ രക്ഷിക്കാനുള്ള ശ്രമം തുടരുന്നു. 42 മണിക്കൂറിലേറെയായി കുഞ്ഞിനെ പുറത്തെടുക്കാന്‍ സംസ്ഥാന ദുരന്ത നിവാരണ സേന (എസ്ഡിആര്‍എഫ്), ദേശീയ ദുരന്ത നിവാരണ സേന (എന്‍ഡിആര്‍എഫ്), മറ്റ് ഉദ്യോഗസ്ഥര്‍ അടക്കം ശ്രമിക്കുകയാണ്.
തിങ്കളാഴ്ച പിതാവിന്റെ കൃഷിയിടത്തില്‍ കളിച്ചുകൊണ്ടിരിക്കെയാണ് ചേതന എന്ന കുട്ടി കുഴല്‍ക്കിണറില്‍ വീണത്. കുഴല്‍ക്കിണറിന് വീതി കുറവായതും ഈര്‍പ്പം കാരണം ചുറ്റുമുള്ള മണ്ണ് ഇടിഞ്ഞുവീഴുന്നതും രക്ഷാപ്രവര്‍ത്തനത്തിന് വലിയ വെല്ലുവിളിയാണ് സൃഷ്ടിക്കുന്നത്.
ഇരുമ്പ് ദണ്ഡില്‍ ഘടിപ്പിച്ച കൊളുത്ത് ഉപയോഗിച്ച് കുഞ്ഞിനെ രക്ഷപ്പെടുത്താനുള്ള ശ്രമത്തിലായിരുന്നു ഉദ്യോഗസ്ഥര്‍. എന്നാല്‍ അത് വിജയിച്ചില്ല. ചൊവ്വാഴ്ച രാത്രി ഹരിയാനയില്‍ നിന്ന് കൊണ്ടുവന്ന പൈലിംഗ് മെഷീന്‍ ഉപയോഗിച്ചാണ് ഇപ്പോള്‍ രക്ഷാപ്രവര്‍ത്തനത്തിനുള്ള ശ്രമങ്ങള്‍ നടക്കുന്നത്. കുട്ടിക്ക് ഓക്സിജന്‍ നല്‍കാനായി കുഴല്‍ക്കിണറിലേക്ക് ഓക്സിജന്‍ പൈപ്പ് ഇറക്കിയിട്ടുണ്ട്. സംഭവ സ്ഥലത്ത് നാല് ആംബുലന്‍സുകളും നിലയുറപ്പിച്ചിട്ടുണ്ട്.