കാനഡ തങ്ങളുടെ കുടിയേറ്റ നയങ്ങളില്‍ വലിയ മാറ്റങ്ങള്‍ പ്രഖ്യാപിച്ചതോടെ ഇത് ഇന്ത്യക്കാര്‍ ഉള്‍പ്പെടെ ദശലക്ഷക്കണക്കിന് തൊഴിലാളികളെ ബാധിക്കും. വിദേശ പൗരന്മാരുടെ കൈവശമുള്ള 50 ലക്ഷം താല്‍ക്കാലിക പെര്‍മിറ്റുകള്‍ 2025 അവസാനത്തോടെ അവസാനിക്കുമെന്നും ഈ പെര്‍മിറ്റ് ഉടമകള്‍ സ്ഥിരതാമസത്തിലേക്ക് മാറുകയോ അല്ലെങ്കില്‍ പെര്‍മിറ്റ് വിജയകരമായി പുതുക്കുകയോ ചെയ്തില്ലെങ്കില്‍, മിക്കവരും രാജ്യം വിടേണ്ടിവരുമെന്നും ഇമിഗ്രേഷന്‍ മന്ത്രി മാര്‍ക്ക് മില്ലര്‍ വെളിപ്പെടുത്തി. കോമണ്‍സ് ഇമിഗ്രേഷന്‍ കമ്മിറ്റിയെ ഇക്കാര്യം അദ്ദേഹം അറിയിച്ചിട്ടുണ്ട്.
പലരും സ്വന്തം ഇഷ്ടപ്രകാരം പോകുമെന്ന് പ്രതീക്ഷിക്കുന്നു, അതേസമയം കനേഡിയന്‍ ബോര്‍ഡര്‍ സര്‍വീസസ് ഏജന്‍സി (സിബിഎസ്എ) അധികമായി താമസിക്കുന്നവര്‍ക്കായി ഇമിഗ്രേഷന്‍ നിയമങ്ങള്‍ നടപ്പിലാക്കും. മാത്രമല്ല, അടുത്ത വര്‍ഷം അവസാനത്തോടെ ഏകദേശം 766,000 സ്റ്റഡി പെര്‍മിറ്റുകള്‍ കാലഹരണപ്പെടും. വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ പെര്‍മിറ്റുകള്‍ പുതുക്കുകയോ ബിരുദാനന്തര വര്‍ക്ക് പെര്‍മിറ്റിന് അപേക്ഷിക്കുകയോ ചെയ്യാം. ഇത് അവരെ കൂടുതല്‍ കാലം കാനഡയില്‍ തുടരാന്‍ പ്രാപ്തരാക്കുമെന്നും മില്ലര്‍ വ്യക്തമാക്കി.
കാനഡ ഇതിനകം അന്താരാഷ്ട്ര സ്റ്റുഡന്റ് പെര്‍മിറ്റുകളില്‍ 35ശതമാനത്തോളം കുറവ് വരുത്തിയിട്ടുണ്ട്. സാധാരണയായി മൂന്നു വര്‍ഷം വരെയാണ് പെര്‍മിറ്റുകള്‍ നല്‍കിവരുന്നത്. വിദേശ വിദ്യാര്‍ഥികള്‍ക്ക് സ്ഥിരതാമസത്തിന് അപേക്ഷിക്കാനുള്ള വര്‍ക്ക് എക്‌സ്പീരിയന്‍സ് നേടാന്‍ ഈ സമയ പരിധിയിലൂടെ കഴിയാറുണ്ട്. സ്ഥിരതാമസത്തിനായി വിദ്യാര്‍ത്ഥികള്‍ക്ക് കടുത്ത മത്സരം നേരിടേണ്ടി വന്നേക്കാം.രാജ്യത്തെ അനധികൃത താമസം അന്വേഷിക്കാനും പരിഹരം കാണാനും കാനഡ ബോര്‍ഡര്‍ സര്‍വീസസ് ഏജന്‍സി ഉള്‍പ്പെടെയുള്ള നിരീക്ഷണ സംവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്ട്.
അതേസമയം, അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ കാനഡയില്‍ പ്രവേശിക്കുന്ന സ്ഥിര താമസക്കാരുടെയും താല്‍ക്കാലിക താമസക്കാരുടെയും എണ്ണത്തില്‍ ട്രൂഡോ സര്‍ക്കാര്‍ കുറവ് വരുത്തിയിട്ടുണ്ട്. കാനഡയുടെ പാര്‍പ്പിടം, ആരോഗ്യ സംരക്ഷണം, ഇന്‍ഫ്രാസ്ട്രക്ചര്‍ വെല്ലുവിളികള്‍ എന്നിവയെ നേരിടാന്‍ ലക്ഷ്യമിട്ടുള്ള പുതുക്കിയ ഇമിഗ്രേഷന്‍ ലെവല്‍ പ്ലാനിന്റെ ഭാഗമാണ് ഈ മാറ്റങ്ങള്‍.ദി ഇക്കണോമിക് ടൈംസിലെ ഒരു റിപ്പോര്‍ട്ട് പ്രകാരം പുതിയ നയത്തിന് കീഴില്‍, സ്ഥിര താമസക്കാരുടെ വാര്‍ഷിക എണ്ണം 2025 ആകുമ്പോഴേക്കും 500,000 ല്‍ നിന്ന് 395,000 ആയി കുറയും, ഇത് 21% കുറവിനെ രേഖപ്പെടുത്തുന്നു,താത്കാലിക വിദേശ തൊഴിലാളികളുടെയും അന്തര്‍ദ്ദേശീയ വിദ്യാര്‍ത്ഥികളുടെയും എണ്ണം വെട്ടിക്കുറയ്ക്കുമെന്നത് വ്യക്തമാണ്. 2026 ഓടെ താത്കാലിക വിദേശ തൊഴിലാളികളുടെ എണ്ണം 40%-ലധികവും അന്തര്‍ദ്ദേശീയ വിദ്യാര്‍ത്ഥികളുടെ എണ്ണം 10% കുറയുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.മറ്റ് രാജ്യങ്ങളിലേക്ക് കുടിയേറാന്‍ ആഗ്രഹിക്കുന്ന ഇന്ത്യക്കാരുടെ പ്രിയപ്പെട്ട രാജ്യങ്ങളില്‍ ഒന്നാണ് കാനഡ. സെപ്റ്റംബറിലെ ഒരു റിപ്പോര്‍ട്ട് പ്രകാരം കാനഡയില്‍ 1,689,055 ഇന്ത്യക്കാരാണ് താമസിക്കുന്നത്. സി-സ്യൂട്ട് എക്സിക്യൂട്ടീവുകള്‍, എഞ്ചിനീയര്‍മാര്‍, സാങ്കേതിക വിദഗ്ധര്‍, ശാസ്ത്രജ്ഞര്‍ തുടങ്ങിയ തൊഴിലാളികള്‍ രാജ്യത്തെ ഇന്ത്യന്‍ പ്രവാസി സമൂഹത്തിലുണ്ടെന്നതും ശ്രദ്ധേയം.