പശ്ചിമഘട്ട മലനിരകള്‍ കോട്ട തീര്‍ത്ത്, അച്ചന്‍കോവിലാറിനും പുണ്യനദി എന്ന വിശേഷണം നല്‍കി, ഏത് കൊടിയവിഷം തീണ്ടി എത്തുന്ന ഭക്തനു മുന്നിലും നേരം നോക്കാതെ തിരുനട തുറന്ന് ദര്‍ശനപുണ്യവും നിര്‍വൃതിയും പകരുന്ന ദേവാലയം, അച്ചന്‍കോവില്‍ ശ്രീ ധര്‍മശാസ്താക്ഷേത്രം. അച്ചന്‍കോവില്‍ മലനിരകളെ ചുംബിച്ച് തഴുകി തലോടി വരുന്ന മാരുതന്‍ ശനീശനാം ശാസ്താവിനെ കണ്‍കുളിര്‍ക്കെ തൊഴുത് മതിമറന്നു നില്‍ക്കുന്ന ഏതൊരു ഭക്തനേയും കുളിരണിയിച്ച് കടന്നു പോകുമ്പോള്‍ ആ കാറ്റില്‍പോലും ശാസ്താവിന്റെ തിരുസാന്നിധ്യം കണ്ടെത്താം. അച്ചന്‍കോവില്‍ ശാസ്താവിനെ അറിയാനും അനുഭവിയ്ക്കാനുമുള്ളതാണ്. ഒരിയ്ക്കലെങ്കിലും ഈ ക്ഷേത്രം സന്ദര്‍ശിച്ചവര്‍ക്കിതിന്റെ പൊരുള്‍ അറിയാം. കൊല്ലം ജില്ലയിലെ പത്തനാപുരം താലൂക്കില്‍ തെന്മല പഞ്ചായത്തിലെ അച്ചന്‍കോവിലെന്ന ഗ്രാമത്തിലാണ് ഈ ക്ഷേത്രം.
പരശുരാമന്‍ സൃഷ്ടിച്ച അഞ്ച് ശാസ്താക്ഷേത്രങ്ങളില്‍ ഒന്നാണ് അച്ചന്‍കോവിലും. ഈ അഞ്ച് ശാസ്താക്ഷേത്രങ്ങളിലും ശാസ്താവിന്റെ ജീവിതത്തിലെ അഞ്ച് ഘട്ടങ്ങളാണെന്നാണ് വിശ്വാസം. കുളത്തൂര്‍പ്പുഴയില്‍ ബാലനായും ആര്യങ്കാവില്‍ കൗമാരക്കാരനായും ഗൃഹസ്ഥാശ്രമിയായ അരശനായി അച്ചന്‍കോവിലും വാര്‍ദ്ധക്യാവസ്ഥയില്‍ ശബരിമലയിലും വാനപ്രസ്ഥാവസ്ഥയില്‍ പൊന്നമ്പലമേടിലുള്ള കാന്തമലയിലും വാഴുന്നു.
ഹിമാലയ സാനുവിലെ കൃഷ്ണശിലയില്‍ തീര്‍ത്ത അച്ചന്‍കോവില്‍ ശാസ്താവിന് ഇടത്തും വലത്തും പൂര്‍ണ, പുഷ്‌കല എന്നീ ദേവിമാരുമായി രാജഭാവത്തില്‍ കുടികൊള്ളുന്നതാണ് പ്രതിഷ്ഠ. പൂര്‍ണയും പുഷ്‌കലയും രാജാവായ ശാസ്താവിന്റെ തോഴിമാരാണെന്നാണ് വിശ്വാസം. പൂര്‍ണ വിദ്യയുടെയും പുഷ്‌കല ധനത്തിന്റെയും പ്രതീകമാണ്.
വിഷചികിത്സയ്ക്ക് ഏറെ പ്രസിദ്ധമാണ് ഈ ക്ഷേത്രം. ആധുനിക വൈദ്യശാസ്ത്രം പോലും ഈ അപൂര്‍വതയ്ക്ക്് മുന്നില്‍ മുട്ടുകുത്തുന്നു എന്നത് അതിശയതോടെ മാത്രമേ ഏതൊരാളിനും വീക്ഷിക്കുവാനാകു. അതെത്ര കൊടിയ വിഷംതന്നെയായാലും അച്ചന്‍കോവില്‍ ശാസ്താവിനു മുന്നില്‍ ചികിത്സയും മുക്തിയുമുണ്ട്്. ഏതുനേരത്ത് വിഷം തീണ്ടി ആരു വന്നാലും തിരുനട തുറക്കും. അതുകൊണ്ടുതന്നെ ഇവിടെ രണ്ട് മേല്‍ശാന്തിമാരുമുണ്ട്. വിഷംതീണ്ടിയ ആള്‍ ശാസ്താവിനെ തൊഴുത് നില്‍ക്കുമ്പോഴേക്കും മേല്‍ശാന്തി ശാസ്താവിന്റെ വലത്‌കൈക്കുമ്പിളില്‍ സൂക്ഷിച്ചിരിയ്ക്കുന്ന ചന്ദനവും വലംമ്പിരി ശംങ്കിലെ പുണ്യതീര്‍ത്ഥവും സേവിയ്ക്കാനും മുറിപ്പാടില്‍ ലേപനം ചെയ്യുവാനും നല്‍കും. തുടര്‍ന്ന് ഭജന ഇരിയ്ക്കണം. ഇത്തരത്തില്‍ ശാസ്താവില്‍ അഭയം പ്രാപിച്ച് മുക്തി നേടിയവര്‍ ഏറെയുണ്ട്. ഇന്നും ഈ തീര്‍ത്ഥത്തിനും ചന്ദനത്തിനും പിന്നിലെ രഹസ്യചേരുവ അഞ്ജാതമായി തുടരുന്നു. പരശുരാമ പ്രതിഷ്ഠയില്‍ ഇന്നും അവശേഷിയ്ക്കുന്നത് അച്ചന്‍കോവിലിലെ മൂലപ്രതിഷ്ഠമാത്രമാണ്. മലയാള വര്‍ഷം 1035ലെ അഗ്നിബാധയില്‍ ക്ഷേത്രം പൂര്‍ണമായി കത്തിനശിച്ചെങ്കിലും മൂലവിഗ്രഹത്തിന് യാതൊരു പോറലും സംഭവിച്ചില്ല. പതിനെട്ടു പടികള്‍ കടന്നുവേണം അച്ചന്‍കോവിലില്‍ ശാസ്താവിനെയും കാണാന്‍. തമിഴ്‌നാട്ടിലെ വാസ്തുശില്പ ചാരുതയും ക്ഷേത്രനിര്‍മാണ മാതൃകയുമാണ് അച്ചന്‍കോവിലിലും കാണാന്‍ കഴിയുന്നത്. തിരുന്നല്‍വേലിയില്‍ നിന്നുള്ള സംഘമാണ് ക്ഷേത്രം നിര്‍മിച്ചത്.
അച്ചന്‍കോവില്‍ ശാസ്താവിന്റെ തിരുവാഭരണത്തിലെ തങ്കവാളിനും പറയാന്‍ വലിയൊരു കഥയുണ്ട്.
പഞ്ചശാസ്താക്ഷേത്രങ്ങളില്‍ ഒന്നായ കാന്തമലയില്‍ നിന്ന് നൂറ്റാണ്ടുകള്‍ക്ക് മുന്‍പ് ഒരു ആദിവാസി അച്ചന്‍കോവില്‍ക്ഷേത്രത്തില്‍ സമര്‍പ്പിച്ചതാണ് ഈ തങ്കവാള്‍. ഇന്നും ഈ വാളിന്റെ തൂക്കം കൃത്യമായി അളന്ന് രേഖപ്പെടുത്താന്‍ കഴിഞ്ഞിട്ടില്ല. പുനലൂര്‍ പുതിയിടം ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലെ സ്‌ട്രോങ്ങ് റൂമിലാണ് ശാസ്താവിന്റെ തങ്കവാളടക്കമുള്ള തിരുവാഭരണം സൂക്ഷിച്ചിരിയ്ക്കുന്നത്. ധനുമാസം ഒന്ന് മുതല്‍ പത്ത് വരെയുള്ള ദിവസങ്ങളില്‍ ശാസ്താക്ഷേത്രത്തില്‍ തിരുവാഭരണം ചാര്‍ത്തിയാണ് മണ്ഡലപൂജ. ആ കാലയളവില്‍ കാന്തമലയിലെ തങ്കവാള്‍ ചാര്‍ത്തിയുള്ള ശാസ്താവിനെ ദര്‍ശിയ്ക്കുമ്പോള്‍ പഞ്ചശാസ്താക്ഷേത്രങ്ങളില്‍ രണ്ടിടങ്ങളിലെ ദര്‍ശനപുണ്യം ലഭിയ്ക്കുമെന്നാണ് വിശ്വാസം.
പാലക്കാട് ജില്ലയിലെ കല്‍പ്പാത്തിയിലും അച്ചന്‍കോവിലിലും മാത്രമാണ് മലയാളക്കരയില്‍ രഥോത്സവം നടക്കുന്നത്. അച്ചന്‍കോവിലിലെ രഥോത്സവ മഹോത്സവം ഏറെ പ്രശസ്തമാണ്. മകരത്തിലെ രേവതിനാളില്‍ നടക്കുന്ന പ്രതിഷ്ഠാദിനവും പ്രധാന ആഘോഷമാണ്. വൃശ്ചികമാസത്തിലെ കാര്‍ത്തിക നാളില്‍ നടക്കുന്ന ചൊക്കനെവെട്ട്, മണ്ഡലക്കാലത്തെ 41 ദിവസത്തെ കളമെഴുത്തും പാട്ടും എന്നിങ്ങനെ ഉത്സവങ്ങളും ആഘോഷങ്ങളും ഏറെയാണ് അച്ചന്‍കോവിലില്‍. ഇവിടെ കാവിന് സമീപത്തായി സ്വയംഭൂവായുള്ള ഒരു നാഗാംബിക വിഗ്രഹവും കാണാം.
അച്ചന്‍കോവിലില്‍ ശാസ്താവിനെ പരാമര്‍ശിയ്ക്കുമ്പോള്‍ സമീപത്തായുള്ള കറുപ്പസ്വാമി ക്ഷേത്രം പറയാതെ വയ്യ. അയ്യപ്പന്റെ പരിവാരമായിരുന്ന കറുപ്പസ്വാമിയും ഭാര്യ കറുപ്പായി അമ്മയുമാണ് ഇവിടെ പ്രതിഷ്ഠ. ശാസ്താവും കറുപ്പസ്വാമിയും മുഖാമുഖമാണ് ഇരിയ്ക്കുന്നത്. മഹിഷി വധത്തിനു ശേഷം ക്ഷീണിതനായി അയ്യപ്പന്റെ ചെങ്ങാതിയായ വാവര്‍ വിശ്രമിക്കാനിരുന്നപ്പോള്‍ ശിവന്‍ ഉഗ്രമൂര്‍ത്തി ഭാവത്തില്‍ അയ്യപ്പനെ സഹായിക്കാന്‍ കറുപ്പസ്വാമിയായി അവതരിച്ചു എന്നാണ് വിശ്വാസം. ശാസ്താവിന് ഇത്തരത്തില്‍ നിരവധി ഉപദേവാലയങ്ങളും ഇവിടെയുണ്ട്.
നൂറ്റാണ്ടുകളുടെ പഴക്കമുള്ള ഈ ശാസ്താക്ഷേത്രം ഭക്തര്‍ക്ക് പകരുന്ന വിശ്വാസം ഓരോ ദിവസവും വളരുന്നു എന്നതില്‍ സംശയമില്ല. ജനാധിപത്യത്തിന്റെ നവയുഗത്തിലും അച്ചന്‍കോവില്‍ അരശന്‍ നാടിന് കാവലാകുന്നു എന്നതില്‍ സംശയമില്ല.