ഷാർജ : അന്താരാഷ്ട്ര പുസ്തകോത്സവത്തിന് ഷാർജയിൽ തിരിതെളിഞ്ഞു. ബുധനാഴ്ച രാവിലെ എക്സ്‌പോ സെന്ററിൽ നടന്ന ചടങ്ങിൽ യു.എ.ഇ. സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി ഉദ്ഘാടനം ചെയ്തു.
ഷാർജ ബുക്ക് അതോറിറ്റി സി.ഇ.ഒ. അഹ്‌മദ് ബിൻ റക്കാദ് അൽ അമേരി മുഖ്യ പ്രഭാഷണം നടത്തി. അതിഥിരാജ്യമായ മൊറോക്കൊയിൽനിന്നുള്ള വിശിഷ്ടാതിഥികൾ പങ്കെടുത്തു.
തുടക്കം ഒരു പുസ്തകം’ എന്നതാണ് ഈ വർഷത്തെ മേളയുടെ പ്രമേയം. 112 രാജ്യങ്ങളിലെ 2,522 പ്രസാധകരും പ്രദർശകരും ഈ വർഷം മേളയിലുണ്ട്. ലക്ഷക്കണക്കിനു ശീർഷകങ്ങളോടുകൂടിയ വിവിധ ഭാഷകളിലെ പുസ്തകങ്ങൾ സ്റ്റാളുകളിൽ പ്രദർശിപ്പിക്കുന്നുണ്ട്. അന്താരാഷ്ട്ര പുസ്തകമേളയിൽ പതിവുപോലെ ഈ വർഷവും ഇന്ത്യൻ പവിലിയനിൽ മലയാളമാണ് നിറഞ്ഞുനിൽക്കുന്നത്.മാതൃഭൂമി ബുക്സ് അടക്കം മലയാളി പ്രസാധകരും ഏറ്റവും പുതിയ ശീർഷകങ്ങളുമായി മേളയിലുണ്ട്.കവിയും ഗാനരചയിതാവുമായ റഫീഖ് അഹമ്മദ് ആണ് ഈ വർഷത്തെ മേളയിലെ മലയാളത്തിൽനിന്നുള്ള അതിഥി.