നാഗചൈതന്യ നായകനായി കാർത്തിക് ദണ്ഡു സംവിധാനം ചെയ്യുന്ന മിസ്റ്ററി ത്രില്ലർ വൃഷകർമ്മ ഡിസംബർ 4ന് റിലീസ് ചെയ്യും. മീനാക്ഷി ചൗധരി നായികയാവുന്ന ചിത്രം ഇന്ത്യൻ പുരാണവും നിധിവേട്ടയും കോർത്തിണക്കുന്നതാണ്. ലാപതാ ലേഡീസ് എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സ്പർഷ് ശ്രീവാസ്തവയാണ് പ്രതിനായകൻ.
മലയാള താരങ്ങളായ ജയറാം, ഹരീഷ് ഉത്തമൻ എന്നിവർ അണിനിരക്കുന്നുണ്ട്. ചിത്രത്തിന്റെ ട്രെയിലർ നവംബർ 25ന് റിലീസ് ചെയ്യും. രാഹുല്‍ ഡി ഹെരിയൻ ഛായാഗ്രഹണവും അജനീഷ് ലോക്നാഥ് സംഗീത സംവിധാനവും നവീൻ നൂലി ചിത്രസംയോജനവും നിർവഹിക്കുന്നു. ശ്രീ വെങ്കിടേശ്വര സിനിമ ചിത്രയും സുകുമാർ റൈറ്റിംഗ്സും സംയുക്തമായി നിർമ്മിക്കുന്ന ചിത്രം ബാപിനീഡു ആണ് അവതരിപ്പിക്കുന്നത്. തണ്ടേല്‍ എന്ന ചിത്രത്തിന്റെ മികച്ച വിജയത്തിനുശേഷം എത്തുന്ന നാഗചൈതന്യ ചിത്രം എന്ന നിലയില്‍ പ്രതീക്ഷ ഏറെയാണ്.

