Tuesday, November 24, 2026
HomeAmericaകെ.എച്ച്.എൻ.എ കേരള കൺവെൻഷൻ ധർമസഭയോടെ സമാപിച്ചു:നേത്രശസ്ത്രക്രിയാ ക്യാമ്പും വനിതകൾക്കുള്ള സ്വയംതൊഴിൽ പദ്ധതിയും പ്രഖ്യാപിച്ചു

കെ.എച്ച്.എൻ.എ കേരള കൺവെൻഷൻ ധർമസഭയോടെ സമാപിച്ചു:നേത്രശസ്ത്രക്രിയാ ക്യാമ്പും വനിതകൾക്കുള്ള സ്വയംതൊഴിൽ പദ്ധതിയും പ്രഖ്യാപിച്ചു

കെ.എച്ച്.എൻ.എ കേരള ന്യൂസ് ഡെസ്ക്

ആലപ്പുഴ: കേരള ഹിന്ദൂസ് ഓഫ് നോർത്ത് അമേരിക്കയുടെ (കെ.എച്ച്.എൻ.എ) കേരള കൺവെൻഷന് പ്രമുഖരുടെ സാന്നിധ്യത്തിൽ നടന്ന ധർമസഭയോടെ സമാപനം. മൂന്ന് മന്ത്രിമാർ, നിയമസഭാംഗങ്ങൾ, തിരുവനന്തപുരം മേയർ, സന്യാസിശ്രേഷ്ഠർ, സാമൂഹിക-സാംസ്കാരിക രംഗത്തെ പ്രമുഖർ എന്നിവർ പങ്കെടുത്ത സമ്മേളനം സംഘടനയുടെ പ്രവർത്തനചരിത്രത്തിലെ ശ്രദ്ധേയമായ സംഗമമായി. ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും വനിതാ ശാക്തീകരണത്തിനും ഊന്നൽ നൽകുന്ന പുതിയ പദ്ധതികളുടെ പ്രഖ്യാപനവും കേരള കൺവെൻഷൻ സ്മരണികയായ ‘അഞ്ജലി’യുടെ പ്രകാശനവും ധർമസഭയുടെ പ്രധാന ആകർഷണങ്ങളായി.

ബിനി പണിക്കരുടെ പ്രാർഥനയോടെ ആരംഭിച്ച ധർമസഭയിൽ കെ.എച്ച്.എൻ.എ പ്രസിഡന്റ് ടി. ഉണ്ണികൃഷ്ണൻ അധ്യക്ഷത വഹിച്ചു. ജലസേചന വകുപ്പ് മന്ത്രി അഡ്വ. മോൻസ് ജോസഫ് സമ്മേളനം ഉദ്ഘാടനം ചെയ്തു.

കെ.എച്ച്.എൻ.എയുടെ കേരളത്തിലെ പ്രവർത്തനങ്ങൾ വിപുലമായ അംഗീകാരവും ശ്രദ്ധയും നേടുന്നതിന്റെ പ്രതിഫലനമായി മൂന്ന് മന്ത്രിമാരുടെ പങ്കാളിത്തം മാറി. സംഘടനയുടെ പരിപാടികളിൽ ആദ്യമായി ഒരു മന്ത്രിയുടെ സാന്നിധ്യം ലഭിക്കുന്ന അവസരത്തിൽത്തന്നെ മൂന്ന് മന്ത്രിമാർ ഒരേ വേദിയിലെത്തിയത് കൺവെൻഷന്റെ പ്രത്യേകതയായി. പ്രവാസി സമൂഹത്തിന്റെ കൂട്ടായ്മയായ കെ.എച്ച്.എൻ.എ കേരളത്തിന്റെ സാമൂഹിക വികസനത്തിലും ജീവകാരുണ്യ മേഖലയിലും കൂടുതൽ സജീവമായ പങ്കാളിത്തത്തിലേക്ക് കടക്കുന്നതിന്റെ സന്ദേശവും സമ്മേളനം പകർന്നു.

കെ.എച്ച്.എൻ.എയും ശങ്കര നേത്രാലയയും സംയുക്തമായി സംഘടിപ്പിക്കുന്ന പത്തുദിവസത്തെ നേത്രപരിശോധനാ-ശസ്ത്രക്രിയാ ക്യാമ്പിന്റെ പ്രഖ്യാപനം വനം വകുപ്പ് മന്ത്രി ഷിബു ബേബി ജോൺ നിർവഹിച്ചു.നേത്രരോഗങ്ങളാൽ ബുദ്ധിമുട്ടുന്ന, പ്രത്യേകിച്ച് സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് വിദഗ്ധ ചികിത്സയും ആവശ്യമായ ശസ്ത്രക്രിയകളും ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്. കേരളത്തിലെ അർഹരായ ജനവിഭാഗങ്ങൾക്ക് നേരിട്ട് പ്രയോജനം ലഭിക്കുന്ന ഈ സംരംഭം കെ.എച്ച്.എൻ.എയുടെ ജീവകാരുണ്യ പ്രവർത്തനങ്ങളിലെ സുപ്രധാന ചുവടുവയ്പാണ്.

കെ.എച്ച്.എൻ.എ വനിതാ ഫോറത്തിന്റെ നേതൃത്വത്തിൽ നിരാലംബരായ വനിതകൾക്കായി നടപ്പാക്കുന്ന തയ്യൽ മെഷീൻ വിതരണ പദ്ധതി പിന്നാക്ക വിഭാഗ വികസന വകുപ്പ് മന്ത്രി കെ. എ. തുളസി പ്രഖ്യാപിച്ചു. സാമ്പത്തികമായി ബുദ്ധിമുട്ടനുഭവിക്കുന്ന വനിതകൾക്ക് സ്വയംതൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുകയും തൊഴിൽനൈപുണ്യത്തിലൂടെ സാമ്പത്തിക സ്വയംപര്യാപ്തത കൈവരിക്കാൻ സഹായിക്കുകയും ചെയ്യുകയെന്നതാണ് പദ്ധതിയുടെ ലക്ഷ്യം. വനിതാ ശാക്തീകരണത്തെ സാമൂഹിക സേവനവുമായി ബന്ധിപ്പിക്കുന്ന കെ.എച്ച്.എൻ.എ വനിതാ ഫോറത്തിന്റെ ശ്രദ്ധേയമായ സംരംഭമാണിത്.

എം.എൽ.എമാരായ റെജി ചെറിയാൻ, കെ. ബിനുമോൻ, എ. ഡി. തോമസ്, തിരുവനന്തപുരം മേയർ വി. വി. രാജേഷ് എന്നിവർ സമ്മേളനത്തിൽ ആശംസകൾ നേർന്നു. സാമൂഹിക-സാംസ്കാരിക രംഗത്തെ പ്രമുഖരും സംഘടനാ ഭാരവാഹികളും പ്രവർത്തകരും ധർമസഭയിൽ പങ്കെടുത്തു.

കേരള കൺവെൻഷന്റെ വിജയത്തിനും സംഘടനയുടെ വിവിധ പ്രവർത്തനങ്ങൾക്കും സാമ്പത്തിക പിന്തുണ നൽകിയ ഗോൾഡ്, സിൽവർ സ്പോൺസർമാരെ മന്ത്രിമാരും ജനപ്രതിനിധികളും സ്മരണികകൾ നൽകി ആദരിച്ചു. സംഘടനയുടെ സാമൂഹിക, സാംസ്കാരിക, ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് കരുത്തുപകരുന്ന സ്പോൺസർമാരുടെ സഹകരണത്തെ ചടങ്ങിൽ പ്രത്യേകം അംഗീകരിച്ചു.

കേരള കൺവെൻഷനോടനുബന്ധിച്ച് തയ്യാറാക്കിയ ‘അഞ്ജലി’ സ്മരണികയുടെ പ്രകാശനവും ധർമസഭയിൽ നടന്നു. കെ.എച്ച്.എൻ.എയുടെ പ്രവർത്തനങ്ങളും സാംസ്കാരിക ഇടപെടലുകളും സാഹിത്യസംഭാവനകളും രേഖപ്പെടുത്തുന്ന പ്രസിദ്ധീകരണം, സംഘടനയുടെ സാഹിത്യ-സാംസ്കാരിക പ്രവർത്തനങ്ങൾക്ക് കൂടുതൽ പ്രചോദനമേകുന്നതാണ്.

കെ.എച്ച്.എൻ.എ ജനറൽ സെക്രട്ടറി സിനു നായർ സ്വാഗതം ആശംസിച്ചു. ട്രഷറർ അശോക് മേനോൻ നന്ദി രേഖപ്പെടുത്തി. സനാതന ധർമത്തിന്റെ മൂല്യങ്ങളും കേരളത്തിന്റെ സാംസ്കാരിക പൈതൃകവും ഉയർത്തിപ്പിടിക്കുന്നതിനൊപ്പം, സമൂഹത്തിലെ അർഹരായ വിഭാഗങ്ങൾക്ക് നേരിട്ട് പ്രയോജനപ്പെടുന്ന പദ്ധതികൾക്ക് മുൻഗണന നൽകുന്ന കെ.എച്ച്.എൻ.എയുടെ പ്രവർത്തനദിശ വ്യക്തമാക്കുന്നതായിരുന്നു ധർമസഭ.

ആത്മീയതയും സാംസ്കാരിക പൈതൃകവും സാമൂഹിക ഉത്തരവാദിത്തവും ഒരേ വേദിയിൽ സമന്വയിപ്പിച്ച കേരള കൺവെൻഷൻ, പ്രവാസി സമൂഹത്തിന്റെ അറിവും അനുഭവസമ്പത്തും വിഭവങ്ങളും കേരളത്തിന്റെ വികസനത്തിനും ജനക്ഷേമത്തിനും പ്രയോജനപ്പെടുത്താനുള്ള പുതിയ സാധ്യതകൾ തുറന്നുകൊണ്ടാണ് സമാപിച്ചത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments