പത്തനംതിട്ട: പമ്പാ നദിയില്‍ വസ്ത്രങ്ങളും മാലിന്യങ്ങളും തള്ളിയാല്‍ പിഴയീടാക്കും. 5000 രൂപ പിഴ ഇടാക്കുമെന്ന് ശബരിമല എഡിഎം അറിയിച്ചു. പമ്പയിലോ കൈവഴികളിലോ തുണിയോ മറ്റു വസ്തുക്കളോ ഉപേക്ഷിക്കരുത്. പ്ലാസ്റ്റിക്ക്, ജൈവമാലിന്യങ്ങള്‍ എന്നിവ ഇടുന്നതും നിരോധിച്ചു. പിഴ അടച്ചില്ലെങ്കില്‍ പ്രോസിക്യൂഷന്‍ നടപടികള്‍ ഉള്‍പ്പെടെ സ്വീകരിക്കും.
തീര്‍ത്ഥാടകര്‍ തുണികള്‍ പമ്പയില്‍ ഉപേക്ഷിക്കുന്നത് ശബരിമലയിലെ വലിയ മാലിന്യപ്രശ്‌നമാണ്. സന്നിധാനം, പമ്പ, നിലയ്ക്കല്‍ എന്നിവിടങ്ങളില്‍ നിന്ന് ഒരു മാസത്തിനിടെ പുറത്തെടുത്തത് 2,39,386 കിലോഗ്രാം തുണിമാലിന്യമാണ്. ക്ലീന്‍ കേരള കമ്പനിയുടെ നേതൃത്വത്തിലാണ് ഇത്രയും തുണിമാലിന്യം നീക്കിയത്. നിലയ്ക്കല്‍ ഹെലിപ്പാഡിന് സമീപത്ത് നിന്ന് മാത്രം ക്ലീന്‍ കേരള കമ്പനി പുറത്തെടുത്തത് 1,29,520 കിലോഗ്രാം തുണിയാണ്. തീര്‍ഥാടകര്‍ പമ്പാ നദിയില്‍ ഉപേക്ഷിച്ചതാണിവ.
പമ്പാനദിയില്‍ വസ്ത്രമടക്കമുള്ളവ ഉപേക്ഷിക്കരുതെന്ന സന്ദേശം ശബരിമല തീര്‍ഥാടകര്‍ സഞ്ചരിക്കുന്ന കെഎസ്ആര്‍ടിസി ബസുകളിലും ബസ് സ്റ്റാന്‍ഡുകളിലും കേള്‍പ്പിക്കണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. പ്ലാസ്റ്റിക്, ഷാംപൂ കവറുകള്‍ നദിയിലോ പരിസരത്തോ ഉപേക്ഷിക്കരുത്, കൃത്രിമ കുങ്കുമം ഉപയോഗിക്കരുത്, പമ്പയുടെ ശുചിത്വം പാലിക്കണം തുടങ്ങിയ സന്ദേശങ്ങള്‍ നിശ്ചിത ഇടവേളകളില്‍ വിവിധ ഭാഷകളില്‍ കേള്‍പ്പിക്കണമെന്ന് ജസ്റ്റിസ് വി. രാജ വിജയരാഘവന്‍, ജസ്റ്റിസ് കെ.വി ജയകുമാര്‍ എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ചാണ് നിര്‍ദേശിച്ചത്. ഇതിനായി റെക്കോര്‍ഡ് ചെയ്ത ഓഡിയോ ദേവസ്വം ബോര്‍ഡ് കെഎസ്ആര്‍ടിസിക്ക് കൈമാറാനും നിര്‍ദേശിച്ചിരുന്നു.

