തിരുവനന്തപുരം: മന്ത്രിസഭ യോഗത്തിലെ തർക്കങ്ങൾ വി.ഡി-കെ.സി പോരായി രൂപംമാറുന്നതിന് പിന്നാലെ ബോർഡ്-കോർപറേഷൻ വിഭജന ചർച്ചകളിലടക്കം ഒരു പരിഗണനയും കിട്ടുന്നില്ലെന്ന പരാതിയുമായി എ ഗ്രൂപ്പ് ഹൈകമാൻഡിന് മുന്നിൽ. ബെന്നി ബെഹനാൻ, കെ.സി. ജോസഫ്, ഷാഫി പറമ്പിൽ എന്നിവരാണ് മല്ലികാർജ്ജുൻ ഖാർഗെയെ നേരിൽ കണ്ട് പരാതി അറിയിച്ചത്. ഗ്രൂപ്പ് എന്ന നിലയിൽ ഹൈകമാൻഡിന് നൽകുന്ന ആദ്യ പരാതിയുമാണിത്. സര്‍ക്കാറിന്റെ പ്രവര്‍ത്തനം ശരിയായ ദിശയിലല്ലെന്ന് ഹൈകമാന്‍ഡിന് മുന്‍പില്‍ പരാതിക്കെട്ടഴിച്ച നേതാക്കൾ ഈ പോക്ക് ശരിയല്ലെന്നും ചൂണ്ടിക്കാട്ടി.
തങ്ങളെ ഒന്നും അറിയിക്കുന്നില്ലെന്നും മാധ്യമങ്ങളിലൂടെയാണ് കാര്യങ്ങളറിയുന്നതെന്നുമായിരുന്നു പ്രധാന പരാതി. പി.എസ്.സി ഒഴിവുകൾ നികത്തിയപ്പോൾ അറിയിച്ചില്ല. ഈ രീതി ശരിയാവില്ല. സർക്കാർ-പാർട്ടി ഏകോപനമില്ല. പാർട്ടി സജീവമല്ല, നിശ്ചലമാണ്. മന്ത്രി കൂടിയായ പ്രസിഡന്റിന് തിരക്ക് കാരണം കാര്യങ്ങൾ വേണ്ടത്ര ശ്രദ്ധിക്കാനാവുന്നില്ല. എത്രയും വേഗം പുതിയ പ്രസിഡന്റിനെ നിയോഗിക്കണം. എ ഗ്രൂപ്പ് എന്ന ലേബലിന് അപ്പുറം ‘ഉമ്മൻചാണ്ടിക്ക് ഒപ്പം നിന്നവർ’ എന്ന വൈകാരിക തലത്തിലാണ് ഇവരുടെ നീക്കങ്ങൾ. ഉമ്മൻചാണ്ടിക്കൊപ്പം നിന്നവർ അനാഥരായി എന്നതാണ് ഇവർ മുന്നോട്ടുവെക്കുന്നത്.
ബോർഡ് കോർപറേഷൻ വിഭജനത്തിൽ വി.ഡി. സതീശനും സണ്ണി ജോസഫും ചേർന്ന് ചർച്ച ചെയ്യുന്നതിനെ ‘മുഖ്യമന്ത്രിയും കെ.പി.സി.സി പ്രസിഡന്റും’ എന്ന തലത്തിൽ പിന്നെയും മനസ്സിലാക്കും. രമേശ് ചെന്നിത്തല ഏത് മാനദണ്ഡത്തിന്റെ അടിസ്ഥാനത്തിലാണ് ചർച്ചകളിൽ പങ്കെടുക്കുന്നത് എന്നതാണ് ഇവരുടെ ചോദ്യം. മുൻ പ്രസിഡന്റും മുതിർന്ന നേതാവും എന്ന പരിഗണനയിലാണെങ്കിൽ എം.എം. ഹസനടക്കം പരിഗണിക്കപ്പെടേണ്ട നിരവധി പേരുണ്ട്.
ഗ്രൂപ്പില്ലെന്ന് പറയുന്നുണ്ടെങ്കിലും വിശാലാർഥത്തിൽ സണ്ണി ജോസഫും വി.ഡി. സതീശനും രമേശ് ചെന്നിത്തലയും ഐ ഗ്രൂപ്പാണ്. കോൺഗ്രസ് അധികാരത്തിലെത്തുക എന്നതായിരുന്നു പ്രധാന ലക്ഷ്യം. അതിനാൽ പല അവഗണനകളും ഇതുവരെ സഹിച്ചു. ഇനി മിണ്ടാതിരിക്കാനാകില്ലെന്നതാണ് സമീപനം. ബോർഡ് വിഭജന ചർച്ചകളിലെ അതൃപ്തി അറിയിക്കാൻ മുഖ്യമന്ത്രിയെ നേരിൽ കണ്ടപ്പോൾ ‘‘നിങ്ങൾക്ക് എന്തെങ്കിലും പരാതിയുണ്ടെങ്കിൽ കെ.പി.സി.സി പ്രസിഡന്റിനോട് പറയണമെന്ന’’ പ്രതികരണമാണ് എ ഗ്രൂപ്പിനെ ചൊടിപ്പിച്ചത്.

