Sunday, November 22, 2026
HomeAmerica256 എംബി മെമ്മറി കാർഡുകൾ ഉപയോഗിച്ച് പറക്കുന്നവയോ അമേരിക്കൻ എഫ് -22 റാപ്റ്റർ യുദ്ധവിമാനം?: മെമ്മറി...

256 എംബി മെമ്മറി കാർഡുകൾ ഉപയോഗിച്ച് പറക്കുന്നവയോ അമേരിക്കൻ എഫ് -22 റാപ്റ്റർ യുദ്ധവിമാനം?: മെമ്മറി കാർഡുകൾ നിർമ്മിച്ചു നൽകാൻ കഴിയുന്ന അമേരിക്കൻ കമ്പനികളെ തേടി യുഎസ് വ്യോമസേന

വാഷിംഗ്ടൺ : ലോകത്തിലെ ഏറ്റവും അത്യാധുനികമായ അഞ്ചാം തലമുറ യുദ്ധവിമാനമാണ് അമേരിക്കയുടെ എഫ് -22 റാപ്റ്റർ. എന്നാൽ, ഈ അതിനൂതന യുദ്ധവിമാനത്തിലേക്ക് പൈലറ്റുമാർ ദൗത്യവിവരങ്ങൾ കൈമാറാൻ ഉപയോഗിക്കുന്നത് 1990-കളിലെ സാങ്കേതികവിദ്യയിലുള്ള വെറും 256 എംബി മെമ്മറി കാർഡുകളാണെന്ന കൗതുകകരമായ വിവരമാണ് ഇപ്പോൾ പുറത്തുവരുന്നത്. വിപണിയിൽ നിന്നും അപ്രത്യക്ഷമായ ഇത്തരം പഴയ മെമ്മറി കാർഡുകൾ നിർമ്മിച്ചു നൽകാൻ കഴിയുന്ന അമേരിക്കൻ കമ്പനികളെ തേടി യുഎസ് വ്യോമസേന ഔദ്യോഗികമായി അറിയിപ്പ് പുറപ്പെടുവിച്ചു.

ഇന്നത്തെ ഒരു സാധാരണ സ്മാർട്ട്‌ഫോണിൽ ഏതാനും ഫോട്ടോകൾ സൂക്ഷിക്കാൻ പോലും തികയാത്ത 256 എംബി സംഭരണശേഷിയുള്ള കാർഡുകളാണ് വ്യോമസേന ആവശ്യപ്പെട്ടിരിക്കുന്നത്. നവംബർ 16-ന് യുഎസ് സർക്കാരിന്റെ പ്രൊക്യുയർമെന്റ് പോർട്ടലിലാണ് ഇതുസംബന്ധിച്ച അറിയിപ്പ് വന്നത്. 2026 ഡിസംബർ 1-നകം താല്പര്യമുള്ള കമ്പനികൾ മറുപടി നൽകണമെന്നാണ് നിർദ്ദേശം.

സാധാരണ മെമ്മറി കാർഡുകൾക്ക് പകരം, 1990-കളിൽ ലാപ്‌ടോപ്പുകളിലും ഡിജിറ്റൽ ക്യാമറകളിലും ഉപയോഗിച്ചിരുന്ന ‘PC സ്റ്റാൻഡേർഡ് 95 ടൈപ്പ് II ഫ്ലാഷ് കാർഡുകൾ’, അല്ലെങ്കിൽ പ്രത്യേക അഡാപ്റ്ററുകളുള്ള ‘കോംപാക്റ്റ് ഫ്ലാഷ്’ കാർഡുകളാണ് വ്യോമസേനയ്ക്ക് വേണ്ടത്. 1980-കളിലെ പഴയ ഫയൽ സിസ്റ്റമായ ‘FAT16’ ഉപയോഗിച്ച് ഫോർമാറ്റ് ചെയ്ത കാർഡുകൾക്കാണ് മുൻഗണന. വിമാനത്തിലെ നിലവിലുള്ള ഹാർഡ്‌വെയറുമായും സോഫ്റ്റ്‌വെയറുമായും പൂർണ്ണമായും യോജിച്ചുപോകുന്ന കാർഡുകൾ തന്നെ വേണമെന്നതാണ് ഇതിന് കാരണം.

വിമാനത്തിന്റെ ‘ഡാറ്റാ ട്രാൻസ്ഫർ കാട്രിഡ്ജിന്റെ’ ഭാഗമായാണ് ഇവ പ്രവർത്തിക്കുന്നത്. പറന്നുയരുന്നതിന് മുൻപ് വിമാനത്തിന്റെ സഞ്ചാരപാത, റേഡിയോ സെറ്റിംഗുകൾ, അപകടസാധ്യതകൾ തുടങ്ങിയ വിവരങ്ങൾ ഗ്രൗണ്ടിൽ വെച്ച് ഈ കാർഡിലേക്ക് ലോഡ് ചെയ്യുകയും തുടർന്ന് വിമാനത്തിലെ സിസ്റ്റത്തിലേക്ക് മാറ്റുകയും ചെയ്യുന്നു. ദൗത്യം കഴിഞ്ഞ് തിരിച്ചെത്തുമ്പോൾ വിമാനത്തിന്റെ സാങ്കേതിക പരിശോധനകൾക്കായുള്ള വിവരങ്ങൾ ശേഖരിക്കുന്നതും ഈ കാർഡിലൂടെയാണ്.ലോക്ക്ഹീഡ് മാർട്ടിനും ബോയിംഗും ചേർന്ന് വികസിപ്പിച്ച F-22 റാപ്റ്റർ 1997-ലാണ് ആദ്യമായി പറന്നത്.

യുഎസ് കോൺഗ്രസിന്റെ കർശന നിയന്ത്രണമുള്ളതിനാൽ അമേരിക്ക ഈ വിമാനം മറ്റൊരു രാജ്യത്തിനും വിറ്റിട്ടില്ല. സിറിയയിലെയും ഇറാഖിലെയും ഐഎസ് കേന്ദ്രങ്ങൾക്കെതിരായ ആക്രമണങ്ങളിലും, ചൈനീസ് ചാര ബലൂൺ വെടിവെച്ചിട്ട ദൗത്യത്തിലും നിർണ്ണായക പങ്കുവഹിച്ച വിമാനമാണിത്. അത്യാധുനിക പ്രതിരോധ സംവിധാനങ്ങൾ പ്രവർത്തിപ്പിക്കുന്നതിൽ പഴയ സാങ്കേതികവിദ്യകൾ നിലനിർത്തുന്നത് എത്രത്തോളം വെല്ലുവിളി നിറഞ്ഞതാണെന്നാണ് ഈ സംഭവം വ്യക്തമാക്കുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments