Saturday, November 14, 2026
HomeAmericaവാഷിംഗ്ടൺ ഡിസിയിലെ ജിം വെടിവയ്പ്പ്: അക്രമിയുടെ സോഷ്യൽ മീഡിയ പോസ്റ്റുകൾ കേന്ദ്രീകരിച്ച് അന്വേഷണം; ആസൂത്രിതമെന്ന് പൊലീസ്

വാഷിംഗ്ടൺ ഡിസിയിലെ ജിം വെടിവയ്പ്പ്: അക്രമിയുടെ സോഷ്യൽ മീഡിയ പോസ്റ്റുകൾ കേന്ദ്രീകരിച്ച് അന്വേഷണം; ആസൂത്രിതമെന്ന് പൊലീസ്

വാഷിംഗ്ടൺ : വാഷിംഗ്ടൺ ഡിസിയിലെ ലോഗൻ സർക്കിളിന് സമീപമുള്ള ‘വിഡ’ ജിമ്മിലുണ്ടായ വെടിവയ്പ്പ് മുൻകൂട്ടി ആസൂത്രണം ചെയ്തതാണെന്ന നിഗമനത്തിൽ അന്വേഷണം ഊർജിതമാക്കി മെട്രോപൊളിറ്റൻ പൊലീസ്. കെട്ടിടത്തിലെ അറ്റകുറ്റപ്പണികളെച്ചൊല്ലിയുള്ള ദീർഘകാല തർക്കമാണ് ബിൽഡിംഗ് മാനേജരായ ജെയിംസ് സ്റ്റുവർട്ടിന്റെ (46) കൊലപാതകത്തിലേക്കും നാല് പേർക്ക് പരിക്കേൽക്കുന്നതിലേക്കും നയിച്ചതെന്നാണ് പ്രാഥമിക കണ്ടെത്തൽ. ആക്രമണത്തിന് പിന്നാലെ സ്വന്തം അപ്പാർട്ട്‌മെന്റിൽ വാതിലടച്ച പ്രതി മാറ്റ് വേഡ് ലാംബെർട്ട് (55) സ്വയം വെടിയുതിർത്ത് മരിച്ചിരുന്നു.

അഞ്ച് മിനിറ്റോളം നീണ്ട വെടിവയ്പ്പിന് ശേഷം സ്വന്തം അപ്പാർട്ട്‌മെന്റിൽ ഒളിച്ച പ്രതിയുമായി പൊലീസ് മധ്യസ്ഥ ചർച്ചകൾ നടത്തുന്നതിനിടെയാണ് ഇയാൾ സ്വയം വെടിയുതിർത്ത് ജീവനൊടുക്കിയത്. ഇയാളുടെ പക്കൽ നിന്ന് മൂന്ന് തോക്കുകളും തീപിടിക്കുന്ന വസ്തുക്കളും പൊലീസ് കണ്ടെടുത്തു. അക്രമത്തിനിടെ കെട്ടിടത്തിനുള്ളിൽ തീയിടാനും ഇയാൾ ശ്രമിച്ചിരുന്നു. ഇത് ആക്രമണം മുൻകൂട്ടി തയ്യാറാക്കിയ പദ്ധതിയായിരുന്നുവെന്നതിന്റെ വ്യക്തമായ തെളിവാണെന്ന് പൊലീസ് ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടുന്നു.

ബാൽക്കണിയിൽ നിന്നുള്ള വെടിവയ്പ്പിൽ പരിക്കേറ്റ രണ്ട് സ്ത്രീകളും രണ്ട് പുരുഷന്മാരും ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്. ഇവരിൽ ഒരാളുടെ നില ഇപ്പോഴും അതീവ ഗുരുതരമായി തുടരുന്നു. പരിക്കേറ്റവരുമായി പ്രതിക്ക് മുൻപരിചയമുണ്ടോ എന്ന കാര്യത്തിൽ പൊലീസ് വ്യക്തത വരുത്തിയിട്ടില്ല.

2025 സെപ്റ്റംബർ മുതൽ ‘എക്സ്’ പ്ലാറ്റ്‌ഫോമിൽ പ്രതി പങ്കുവെച്ച പോസ്റ്റുകൾ പൊലീസ് വിശദമായി പരിശോധിച്ചുവരികയാണ്. ഫ്ലാറ്റിലെ ചോർച്ചയും പൂപ്പൽ ശല്യവും പരിഹരിക്കാത്തതിൽ ഹോം ഓണേഴ്സ് അസോസിയേഷനോടുള്ള കടുത്ത അമർഷം ഇയാളുടെ കുറിപ്പുകളിൽ വ്യക്തമാണ്. വെടിവയ്പ്പ് നടന്ന ദിവസം രാവിലെ 8:07-നും ഇയാൾ തന്റെ പരാതികളുമായി ബന്ധപ്പെട്ട എഞ്ചിനീയറിംഗ് റിപ്പോർട്ടിനെക്കുറിച്ച് പോസ്റ്റിട്ടിരുന്നു.

സംഭവത്തെത്തുടർന്ന് ‘വിഡ ലോഗൻ സർക്കിൾ’ ജിം താൽക്കാലികമായി അടച്ചിട്ടതായി അധികൃതർ അംഗങ്ങളെ അറിയിച്ചു. കെട്ടിടത്തിലെ മറ്റ് താമസക്കാരുടെയും ജീവനക്കാരുടെയും മൊഴികൾ പൊലീസ് രേഖപ്പെടുത്തി വരികയാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments