മസ്കറ്റ് : ഒമാൻ തീരത്ത് ഇന്ത്യൻ പതാക വഹിച്ച ചരക്കുകപ്പലിന് നേരെയുണ്ടായ വ്യോമാക്രമണത്തിൽ ഒരു ഇന്ത്യൻ നാവികൻ കൊല്ലപ്പെട്ടു. യുഎഇയിൽ നിന്ന് ഗുജറാത്തിലെ പോർബന്തറിലേക്ക് വരികയായിരുന്ന ‘എം.എസ്.വി അൽ ജുസൂഫി’ എന്ന കപ്പലിന് നേരെയാണ് ആക്രമണമുണ്ടായത്.ഗുജറാത്ത് സ്വദേശിയായ ഗന്ധർ നഹീം അസീസ് ആണ് മരിച്ചതെന്ന് കേന്ദ്ര ഷിപ്പിംഗ് മന്ത്രി സർബാനന്ദ സോനോവാൾ സ്ഥിരീകരിച്ചു. കപ്പലിലുണ്ടായിരുന്ന മറ്റ് 13 ജീവനക്കാരെ ഒമാൻ കോസ്റ്റ് ഗാർഡ് സുരക്ഷിതമായി രക്ഷപ്പെടുത്തി.റോക്കറ്റോ ഡ്രോണോ പോലുള്ള ഒരു വ്യോമാക്രമണ വസ്തു കപ്പലിൽ വന്ന് ഇടിക്കുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം. ആക്രമണത്തെത്തുടർന്ന് നിയന്ത്രണം നഷ്ടപ്പെട്ട കപ്പലിൽ നിന്ന് ഒമാൻ കോസ്റ്റ് ഗാർഡ് ആണ് നാവികരെ രക്ഷപെടുത്തി ഒമാനിലെ ലീമ തുറമുഖത്ത് എത്തിച്ചത്. നിലവിൽ ഒമാനിലെ ഇന്ത്യൻ എംബസി അധികൃതർ രക്ഷപ്പെട്ട ജീവനക്കാർക്ക് ആവശ്യമായ സഹായങ്ങൾ നൽകിവരികയാണ്.
മേഖലയിൽ യുഎസും ഇറാനും തമ്മിൽ നിലനിൽക്കുന്ന അന്താരാഷ്ട്ര സംഘർഷങ്ങളുടെ പശ്ചാത്തലത്തിലാണ് ഈ ആക്രമണം നടന്നിട്ടുള്ളത്. രക്ഷപ്പെട്ട നാവികരെയും കൊല്ലപ്പെട്ട നാവികന്റെ മൃതദേഹവും എത്രയും വേഗം ഇന്ത്യയിലെത്തിക്കാനുള്ള അടിയന്തര നടപടികൾ കേന്ദ്ര വിദേശകാര്യ മന്ത്രാലയം സ്വീകരിച്ചു വരികയാണ്. സംഭവം അതീവ ഗൗരവത്തോടെയാണ് കേന്ദ്ര സർക്കാർ വീക്ഷിക്കുന്നത്.

