Saturday, October 31, 2026
HomeNewsബംഗാള്‍ ഉള്‍ക്കടലില്‍ വീണ്ടും'മുരാസു' ചുഴലിക്കാറ്റ് മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്

ബംഗാള്‍ ഉള്‍ക്കടലില്‍ വീണ്ടും’മുരാസു’ ചുഴലിക്കാറ്റ് മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്

തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ വീണ്ടും ചുഴലിക്കാറ്റ് മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമർദ്ദം ചുഴലിക്കാറ്റായി മാറി ആന്ധ്രാ തീരത്തേക്ക് നീങ്ങാൻ സാധ്യതയുണ്ടെന്നാണ് പ്രവചനം. ഈ ചുഴലിക്കാറ്റ് രൂപപ്പെടുകയാണെങ്കില്‍ ഇന്ത്യ നിർദ്ദേശിച്ച ‘മുരാസു’ എന്ന പേരിലായിരിക്കും അറിയപ്പെടുക.

ചുഴലിക്കാറ്റ് ഭീഷണിയുടെ പശ്ചാത്തലത്തില്‍ വരും ദിവസങ്ങളില്‍ കേരളത്തിലും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കി. തെക്കുകിഴക്കൻ ബംഗാള്‍ ഉള്‍ക്കടല്‍, ആൻഡമാൻ-നിക്കോബാർ ദ്വീപുകള്‍, ആൻഡമാൻ കടല്‍ എന്നിവിടങ്ങള്‍ക്ക് മുകളിലായി രൂപപ്പെട്ട ശക്തികൂടിയ ന്യൂനമർദ്ദം നിലവില്‍ തുടരുകയാണ്.

അടുത്ത 6 മണിക്കൂറിനുള്ളില്‍ ഇത് തീവ്ര ന്യൂനമർദമായി ശക്തിപ്രാപിക്കും. തുടർന്ന് വരുന്ന 24 മണിക്കൂറിനുള്ളില്‍ വീണ്ടും കരുത്താർജ്ജിച്ച്‌ ചുഴലിക്കാറ്റായി മാറാനാണ് സാധ്യത. പടിഞ്ഞാറ്-വടക്കുപടിഞ്ഞാറ് ദിശയില്‍ സഞ്ചരിക്കുന്ന ചുഴലിക്കാറ്റ് നവംബർ 2-ന് വൈകുന്നേരത്തോടെ മധ്യ-പടിഞ്ഞാറൻ ബംഗാള്‍ ഉള്‍ക്കടലില്‍ ആന്ധ്രാപ്രദേശ് തീരത്തിന് സമീപമെത്തുമെന്നാണ് വിലയിരുത്തല്‍. ചുഴലിക്കാറ്റിന്റെ സ്വാധീനഫലമായി കേരളത്തില്‍ നവംബർ ഒന്ന് മുതല്‍ നാലാം തീയതി വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറില്‍ 30 മുതല്‍ 40 കിലോമീറ്റർ വരെ വേഗതയില്‍ വീശിയടിക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ട്.

നവംബർ 4 വരെ വിവിധ ജില്ലകളില്‍ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.നാളെ (നവംബർ 1) പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലാണ് യെല്ലോ അലർട്ട് മുന്നറിയിപ്പുള്ളത്. മലയോര മേഖലകളിലും തീരദേശത്തും ഉള്ളവർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments