ഇറാനുമായുള്ള ചർച്ചകൾ തുടരുകയാണെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇറാനുമായി നടക്കുന്നത് സാധാരണ യുദ്ധമല്ലെന്നും ട്രംപ് വ്യക്തമാക്കി. അതിനിടെ ആണവായുധ നിർവ്യാപന കരാറിൽ പിന്മാറാൻ ഒരുങ്ങുകയാണ് ഇറാൻ. കരാറിൽ നിന്ന് പിന്മാറാനുള്ള നിർദ്ദേശങ്ങൾ ഇറാൻ പാർലമെന്റിന് ലഭിച്ചതായി സ്പീക്കർ. 10 നിർദ്ദേശങ്ങൾ അടങ്ങിയ കരട് ആണ് പാർലമെന്റിന് ലഭിച്ചിരിക്കുന്നത്. 2025-ൽ ഇറാനിയൻ ആണവ, സൈനിക കേന്ദ്രങ്ങളിൽ നടന്ന ആക്രമണത്തിന് പിന്നാലെ ആണവ കരാറിൽ നിന്ന് പിന്മാറുമെന്ന് ഇറാൻ മുന്നറിയിപ്പ് നൽകിയിരുന്നു.
അതേസമയം ഹോർമുസ് കടലിടുക്കിൽ വീണ്ടും എണ്ണ കപ്പലുകൾക്ക് നേരെ ആക്രമണം ഉണ്ടായി. കടലിടുക്കിന് പുറത്തേക്ക് കടക്കാൻ ശ്രമിച്ച 4 എണ്ണക്കപ്പലുകളാണ് ആക്രമിക്കപ്പെട്ടത്. ആക്രമണത്തെ തുടർന്ന് കപ്പലുകൾക്ക് തീപിടിച്ചു. കപ്പലിൽ അജ്ഞാത പ്രൊജക്‌ടൈൽ ഇടിച്ചതായി UKMTO(United Kingdom Maritime Trade Operations) അറിയിച്ചു. ഇറാനിലെ ലാവാൻ ദ്വീപിന് തെക്ക് ഭാഗത്തും കപ്പലിന് നേരെ ആക്രമണം നടന്നതായി UKMTO. കപ്പലിലെ ജീവനക്കാർ സുരക്ഷിതരാണെന്ന് UKMTO അറിയിച്ചു.
അതിനിടെ ഹോർമുസ് സംഘർഷം അമേരിക്കയും തുർക്കിയും ചർച്ച ചെയ്തു. യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയും തുർക്കി വിദേശകാര്യ മന്ത്രിയും ഹകാൻ ഫിദാനുമാണ് ചർച്ച നടത്തിയത്. യുഎസിൽ നടന്ന ജി20 വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിനിടെയായിരുന്നു കൂടിക്കാഴ്ച. അതേസമയം സംഘർഷ സാഹചര്യം സൗദിയും റഷ്യയും ചർച്ച ചെയ്തു. യുഎസിൽ നടക്കുന്ന ജി20 വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിനിടെയാണ് സൗദി വിദേശകാര്യ മന്ത്രി ഫൈസൽ ബിൻ ഫർഹാനും റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്‌റോവും കൂടിക്കാഴ്ച നടത്തിയത്.

