Saturday, October 17, 2026
HomeAmericaകാലിഫോർണിയയിൽ കാട്ടുതീ; വരണ്ട ചൂടുകാറ്റിൽ തീരദേശ മേഖലകളിൽ തീ പടരുന്നു; ആളുകളെ കുടിയൊഴിപ്പിക്കുന്നു, ജാഗ്രതാ നിർദ്ദേശം

കാലിഫോർണിയയിൽ കാട്ടുതീ; വരണ്ട ചൂടുകാറ്റിൽ തീരദേശ മേഖലകളിൽ തീ പടരുന്നു; ആളുകളെ കുടിയൊഴിപ്പിക്കുന്നു, ജാഗ്രതാ നിർദ്ദേശം

കാലിഫോർണിയ : സതേൺ കാലിഫോർണിയയിൽ വീശിയടിച്ച വരണ്ട ചൂടുകാറ്റിൽ തീരദേശ മേഖലകളിൽ കാട്ടുതീ പടരുന്നു. വെള്ളിയാഴ്ച ഉച്ചയോടെ പടർന്നുപിടിച്ച തീയിൽ ഓറഞ്ച് കൗണ്ടിയിലെ സാൻ ജുവാൻ കാപിസ്ട്രാനോയിൽ ആറിലധികം ആഡംബര വില്ലകൾ പൂർണ്ണമായും കത്തിയമർന്നു. അപകടസാധ്യത മുന്നിൽക്കണ്ട് മേഖലയിൽ നിന്നും പതിനാറായിരത്തോളം പേരെ അധികൃതർ അടിയന്തരമായി ഒഴിപ്പിച്ചു.

തീരദേശ നഗരമായ സാൻ ക്ലെമന്റെയിൽ ആരംഭിച്ച ‘നോർട്ടെ’ എന്ന് പേരിട്ടിരിക്കുന്ന കാട്ടുതീ, ശക്തമായ കാറ്റിൽ അയൽനഗരമായ സാൻ ജുവാൻ കാപിസ്ട്രാനോയിലേക്ക് അതിവേഗം പടരുകയായിരുന്നു. മൈലുകൾ അകലെ നിന്നുപോലും കാണാൻ കഴിയുന്ന രീതിയിൽ ആകാശത്ത് കറുത്ത പുക പടർന്നത് ജനങ്ങളിൽ പരിഭ്രാന്തി പരത്തി. കുന്നിൻചെരിവുകളാൽ ചുറ്റപ്പെട്ട ഈ നഗരങ്ങളിലെ പല പ്രമുഖ കേന്ദ്രങ്ങളും പുകയുട പരിധിയിലാണ്. മുൻകരുതലിന്റെ ഭാഗമായി ഒമ്പത് സ്കൂളുകൾ അടിയന്തരമായി അടച്ചുപൂട്ടി.

പ്രതികൂല കാലാവസ്ഥയിലും ജീവൻ പണയപ്പെടുത്തി തീ അണയ്ക്കാൻ ശ്രമിച്ച രണ്ട് അഗ്നിശമന സേനാംഗങ്ങൾക്ക് കടുത്ത ചൂട് കാരണം ശാരീരിക അസ്വസ്ഥതകൾ ഉണ്ടായതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തീപിടിത്തത്തിന്റെ കൃത്യമായ കാരണം ഇതുവരെ വ്യക്തമായിട്ടില്ലെന്ന് അധികൃതർ അറിയിച്ചു. ദുരന്തബാധിത മേഖലകളിൽ പെട്ടവർക്കായി ഇരു നഗരങ്ങളിലും അടിയന്തര ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നിട്ടുണ്ട്. കാറ്റിന്റെ ദിശ മാറിയിരുന്നെങ്കിൽ നാശനഷ്ടം ഇതിലും ഭീകരമാകുമായിരുന്നു എന്ന് സാൻ ക്ലെമന്റെ മേയർ റിക്ക് ലോഫ്ലർ മാധ്യമങ്ങളോട് പറഞ്ഞു.

ഉൾപ്രദേശങ്ങളിൽ നിന്ന് തീരത്തേക്ക് വീശുന്ന ‘സാന്താ അനസ്’ എന്നറിയപ്പെടുന്ന വരണ്ട ചൂടുകാറ്റാണ് സ്ഥിതിഗതികൾ സങ്കീർണ്ണമാക്കിയത്. ഓറഞ്ച് കൗണ്ടി, സാൻ ഡീഗോ തീരങ്ങളിൽ കടുത്ത ചൂടിനുള്ള മുന്നറിയിപ്പ് നിലവിലുണ്ട്. സുരക്ഷ മുൻനിർത്തി യുട്ടിലിറ്റി കമ്പനികൾ സംസ്ഥാനത്തെ വൈദ്യുതി ബന്ധം വിച്ഛേദിച്ചതോടെ രണ്ട് ലക്ഷത്തിലധികം ഉപഭോക്താക്കൾ നിലവിൽ ഇരുട്ടിലാണ്. മുൻകാലങ്ങളിൽ വൈദ്യുതി ലൈനുകളിലെ തകരാർ കാരണം വലിയ കാട്ടുതീ ഉണ്ടായിട്ടുള്ളതിനാലാണ് ഈ മുൻകരുതൽ.

ക്യാമ്പ് പെൻഡിൽട്ടണ് സമീപമുണ്ടായ മറ്റൊരു തീപിടിത്തത്തെ തുടർന്ന് ഓറഞ്ച് കൗണ്ടിയെയും സാൻ ഡീഗോയെയും ബന്ധിപ്പിക്കുന്ന പ്രധാന ഹൈവേയായ ഇന്റർസ്റ്റേറ്റ് 5 മണിക്കൂറുകളോളം അടച്ചിട്ടത് സതേൺ കാലിഫോർണിയയിലെ ഗതാഗതത്തെ പൂർണ്ണമായി സ്തംഭിപ്പിച്ചു. വരും ദിവസങ്ങളിലും അന്തരീക്ഷം വരണ്ടതായി തുടരുമെന്നതിനാൽ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അതീവ ജാഗ്രതാ നിർദ്ദേശമായ ‘റെഡ് ഫ്ലാഗ്’ പുറപ്പെടുവിച്ചിട്ടുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments