വാഷിങ്ടൺ: റഷ്യക്കെതിരെ ഏർപ്പെടുത്തിയിരുന്ന ഉപരോധങ്ങളും തീരുവകളും താത്കാലികമായി ഇളവ് ചെയ്ത് യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കുന്നത് ലക്ഷ്യമിട്ട് മാസങ്ങൾക്ക് മുൻപ് ഒപ്പിട്ട ‘ലിൻഡ്സെ ഗ്രഹാം’ നിയമത്തിലെ പ്രത്യേക വ്യവസ്ഥ ഉപയോഗിച്ചാണ് ട്രംപിന്റെ പുതിയ ഉത്തരവ്. നവംബർ മൂന്നിന് നടക്കുന്ന ഇടക്കാല തെരഞ്ഞെടുപ്പിന് മുന്നോടിയായി കുതിച്ചുയരുന്ന ഡീസൽ വില നിയന്ത്രിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഈ നടപടി വിലയിരുത്തുന്നത്.
ദേശീയ താൽപര്യം മുൻനിർത്തി നിയമപ്രകാരമുള്ള നടപടികളിൽ ഇളവ് നൽകാൻ പ്രസിഡന്റിന് അധികാരം നൽകുന്ന നിയമത്തിലെ 112, 113 വകുപ്പുകൾ പ്രകാരമുള്ള തീരുവകൾക്കും, 102(d) വകുപ്പ് പ്രകാരമുള്ള ഉപരോധങ്ങൾക്കും നിയന്ത്രണങ്ങൾക്കുമാണ് ഉത്തരവിലൂടെ ഇളവ് നൽകിയിരിക്കുന്നത്. വിദേശ വ്യക്തികൾക്കെതിരായ ഉപരോധങ്ങളും ചില വ്യക്തികൾക്കുള്ള നിയന്ത്രണങ്ങളും ഉൾപ്പെടെയുള്ള മറ്റ് വ്യവസ്ഥകൾക്കും ഇളവ് ബാധകമാണ്

