Saturday, October 17, 2026
HomeAmericaH-1B വിസ, ഗ്രീൻ കാർഡ് നിയന്ത്രണങ്ങൾ അമേരിക്കയുടെ സാങ്കേതിക മേഖലയ്ക്ക് തിരിച്ചടിയാകും: മൈക്രോസോഫ്റ്റ് പ്രസിഡന്റ് ബ്രാഡ്...

H-1B വിസ, ഗ്രീൻ കാർഡ് നിയന്ത്രണങ്ങൾ അമേരിക്കയുടെ സാങ്കേതിക മേഖലയ്ക്ക് തിരിച്ചടിയാകും: മൈക്രോസോഫ്റ്റ് പ്രസിഡന്റ് ബ്രാഡ് സ്മിത്ത്

വാഷിങ്ടൺ: ട്രംപ് ഭരണകൂടത്തിന്റെ H-1B വിസ, ഗ്രീൻ കാർഡ് നിയന്ത്രണങ്ങൾ അമേരിക്കയുടെ സാങ്കേതിക മേഖലയ്ക്ക് തിരിച്ചടിയാകുമെന്നും വിദഗ്ധർ മറ്റു രാജ്യങ്ങളിലേക്ക് ചേക്കേറാൻ ഇടയാക്കുമെന്നും മൈക്രോസോഫ്റ്റ് പ്രസിഡന്റ് ബ്രാഡ് സ്മിത്ത്. വിദേശ ജീവനക്കാർക്ക് ഗ്രീൻ കാർഡിന് അപേക്ഷിക്കുന്നതിൽ മൈക്രോസോഫ്റ്റ് ഉൾപ്പെടെ എട്ട് കമ്പനികൾക്ക് വിലക്കേർപ്പെടുത്താനുള്ള നീക്കത്തിന് പിന്നാലെയാണ് പ്രതികരണം.അമേരിക്കൻ ജീവനക്കാരെക്കാൾ കുറഞ്ഞ ശമ്പളത്തിൽ വിദേശികളെ നിയമിക്കാൻ മൈക്രോസോഫ്റ്റ് H-1B വിസാ പദ്ധതി ദുരുപയോഗം ചെയ്തെന്ന വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസിന്റെ ആരോപണം സ്മിത്ത് തള്ളി. ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും കമ്പനിയുടെ നിയമനരീതികളെക്കുറിച്ച് ഭരണകൂടത്തിന് കൃത്യമായ വിവരങ്ങൾ ലഭിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

മൈക്രോസോഫ്റ്റിന്റെ ഗ്രീൻ കാർഡ് അപേക്ഷകളിൽ ഭൂരിഭാഗവും പുതുതായി ജോലിക്കെത്തുന്നവർക്കല്ല, വർഷങ്ങളായി കമ്പനിയിൽ ജോലി ചെയ്യുന്നവർക്കാണെന്നും സ്മിത്ത് വ്യക്തമാക്കി. അമേരിക്കയിൽ ഗ്രീൻ കാർഡ് ലഭിക്കാനുള്ള നീണ്ട കാത്തിരിപ്പാണ് ഇതിന് കാരണമെന്നും അദ്ദേഹം പറഞ്ഞു. ജീവനക്കാരുടെ കുടിയേറ്റ പദവി പരിഗണിക്കാതെ ഒരേ ശമ്പളനിർണയ രീതിയാണ് കമ്പനി പിന്തുടരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കഴിഞ്ഞ വർഷം അമേരിക്കയിൽ ജനിച്ച 9,000-ത്തിലധികം പേരെ മൈക്രോസോഫ്റ്റ് ജോലിക്കെടുത്തതായും സ്മിത്ത് ചൂണ്ടിക്കാട്ടി. കുടിയേറ്റക്കാർ അമേരിക്കയുടെ സാങ്കേതിക വളർച്ചയ്ക്കും നവീകരണത്തിനും നിർണായക സംഭാവനകൾ നൽകിയിട്ടുണ്ടെന്നും നിയന്ത്രണങ്ങൾ ഈ നേട്ടങ്ങളെ അപകടത്തിലാക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

അതേസമയം, ആന്ത്രോപിക്കിന്റെ പുതിയ എഐ മോഡലുകൾക്കെതിരായ കയറ്റുമതി നിയന്ത്രണങ്ങൾ ഉൾപ്പെടെ ട്രംപ് ഭരണകൂടത്തിന്റെ ചില സാങ്കേതിക നയങ്ങളെ സ്മിത്ത് പിന്തുണച്ചു. വിദഗ്ധ തൊഴിലാളികളുടെ കുടിയേറ്റ നിയന്ത്രണങ്ങളിലാണ് ഭരണകൂടവുമായി മൈക്രോസോഫ്റ്റിന് പ്രധാനമായും അഭിപ്രായവ്യത്യാസമുള്ളത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments