Thursday, October 15, 2026
HomeBreakingNewsസൗദി പ്രവാസികൾക്ക് നിർദേശങ്ങളുമായി ഇന്ത്യൻ എംബസി

സൗദി പ്രവാസികൾക്ക് നിർദേശങ്ങളുമായി ഇന്ത്യൻ എംബസി

ന്യൂഡൽഹി: സൗദി അറേബ്യയിൽ വ്യോമാക്രമണം ഉണ്ടായാൽ ഇന്ത്യൻ പൗരന്മാർ വീടുകളിൽതന്നെ തുടരണമെന്നും പ്രാദേശിക ഭരണകൂടങ്ങളുടെ നിർദ്ദേശങ്ങൾ പാലിക്കണമെന്നും സൗദിയിലെ ഇന്ത്യൻ എംബസി അറിയിച്ചു. ഹൂതി വിമതർ സിവിലിയൻ അടിസ്ഥാന സൗകര്യങ്ങൾ ലക്ഷ്യമിട്ട് തുടർച്ചയായി നടത്തുന്ന ആക്രമണങ്ങളെ തുടർന്നാണ് പുതിയ ജാഗ്രതാ നിർദ്ദേശം.

നടന്നുകൊണ്ടിരിക്കുന്ന സംഭവങ്ങളുമായി ബന്ധപ്പെട്ട വീഡിയോകളോ വാർത്തകളോ പ്രചരിപ്പിക്കുന്നതിൽനിന്ന് വിട്ടുനിൽക്കാനും ഇന്ത്യൻ എംബസി ഇന്ത്യൻ പൗരന്മാരോട് ആവശ്യപ്പെട്ടു. ഒക്ടോബർ 10-ന് റിയാദ് വിമാനത്താവളത്തിലുണ്ടായ ആക്രമണത്തിൽ പരിക്കേറ്റ രണ്ട് ഇന്ത്യക്കാർ ഇപ്പോഴും ഐസിയുവിൽ തുടരുന്നുണ്ടെന്നും ഒരാളെ ഐസിയുവിൽനിന്ന് എച്ച്ഡിയുലേക്ക് (ഹൈ ഡിപ്പൻഡൻസി യൂണിറ്റ്) മാറ്റിയതായും എംബസി അറിയിച്ചു. മറ്റ് നാല് ഇന്ത്യൻ പൗരന്മാർ ചികിത്സയിൽ തുടരുന്നുണ്ടെന്നും ഒരാളെ ആശുപത്രിയിൽനിന്ന് ഡിസ്ചാർജ് ചെയ്തതായും എംബസി വ്യക്തമാക്കി.

റിയാദിലെ കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിലുണ്ടായ ആക്രമണത്തിൽ ഒരു ഇന്ത്യൻ പൗരൻ കൊല്ലപ്പെടുകയും 11 ഇന്ത്യൻ പൗരന്മാർ ഉൾപ്പെടെ നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.

റിയാദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ വിമാന സർവീസുകൾ താൽക്കാലികമായി നിർത്തിവച്ചിരിക്കുകയാണെന്ന് എംബസി അറിയിച്ചു. ദമാം, ജിദ്ദ, മദീന എന്നിവിടങ്ങളിൽ തടസ്സങ്ങളോടെ വിമാന സർവീസുകൾ തുടരുന്നുണ്ടെന്നും എംബസി കൂട്ടിച്ചേർത്തു.

എയർ ഇന്ത്യ, എയർ ഇന്ത്യ എക്‌സ്പ്രസ്, ആകാശ എയർ, ഇൻഡിഗോ എയർലൈൻസ് എന്നീ ഇന്ത്യൻ വിമാനക്കമ്പനികൾ ഒക്ടോബർ 17 വരെ സൗദി അറേബ്യയിലേക്കും തിരിച്ചുമുള്ള സർവീസുകൾ നിർത്തിവച്ചിട്ടുണ്ട്. അതേസമയം, സൗദിയ എയർലൈൻസ് ദമാം, ജിദ്ദ, മദീന എന്നിവിടങ്ങളിൽ നിന്നുള്ള ഷെഡ്യൂൾഡ് സർവീസുകൾ തുടരുന്നുണ്ട്. ഫ്‌ളൈനാസ് ദമാം-ലഖ്‌നൗ സെക്ടറിൽ ഷെഡ്യൂൾഡ് സർവീസുകൾ നടത്തുന്നുണ്ടെന്നും എംബസി വാർത്താക്കുറിപ്പിലൂടെ വ്യക്തമാക്കി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments