Wednesday, October 14, 2026
HomeAmericaനിദാൽ ഹസന്റെ വധശിക്ഷയുടെ തത്സമയം സംപ്രേഷണം: കടുത്ത എതിർപ്പുമായി യുഎന്നും കത്തോലിക്കാ സഭയും

നിദാൽ ഹസന്റെ വധശിക്ഷയുടെ തത്സമയം സംപ്രേഷണം: കടുത്ത എതിർപ്പുമായി യുഎന്നും കത്തോലിക്കാ സഭയും

വാഷിംഗ്ടൺ : ഫോർട്ട് ഹൂഡ് വെടിവയ്പ്പ് കേസ് പ്രതി നിദാൽ ഹസന്റെ ഫയറിങ് സ്ക്വാഡ് വഴിയുള്ള വധശിക്ഷ പൊതുജനങ്ങൾക്കായി തത്സമയം സംപ്രേഷണം ചെയ്യാനുള്ള പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്തിന്റെ പദ്ധതിക്കെതിരെ പ്രതിഷേധം കടുക്കുന്നു. കനത്ത നിലപാടുമായി കത്തോലിക്കാ സഭ രംഗത്ത് വന്നിട്ടുണ്ട്. ശിക്ഷ നടപ്പിലാക്കാൻ നിയോഗിക്കപ്പെടുന്ന കത്തോലിക്കാ സേനാംഗങ്ങൾ അതിൽ നിന്ന് ഒഴിവാകണമെന്ന് ആവശ്യപ്പെട്ട് യുഎസ് മിലിട്ടറി ആർച്ച് ബിഷപ്പ് ടിമോതി പി. ബ്രോഗ്ലിയ പ്രസ്താവന പുറത്തിറക്കി.

എന്നാൽ, ഇതിൽ ലോകത്തെ ഞെട്ടിച്ചത് വധശിക്ഷ വിധിച്ചതല്ല; മറിച്ച് ഡിസംബർ 3-ന് വെടിയുതിർത്തുകൊണ്ട് നടപ്പിലാക്കുന്ന ഈ വധശിക്ഷ ലോകമെമ്പാടുമുള്ള ജനങ്ങൾക്ക് ലൈവ് സ്ട്രീമിങ്ങിലൂടെ തത്സമയം കാണാം എന്ന പെന്റഗണിന്റെ അസാധാരണ പ്രഖ്യാപനമാണ്. അമേരിക്കൻ പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്ത് നടത്തിയ ഈ പ്രഖ്യാപനം ആഗോളതലത്തിൽ വൻ മനുഷ്യാവകാശ, ധാർമ്മിക വിവാദങ്ങൾക്കാണ് വഴിമരുന്നിട്ടിരിക്കുന്നത്.

എന്നാൽ, ഭരണകൂടത്തിന്റെ ഈ തീരുമാനത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി ഐക്യരാഷ്ട്രസഭ രംഗത്തെത്തിയിട്ടുണ്ട്. ഒരു വധശിക്ഷ തത്സമയം സംപ്രേഷണം ചെയ്യുന്നത് ക്രൂരവും അടിയന്തരാവസ്ഥയ്ക്ക് തുല്യവുമായ നടപടിയാണെന്ന് യു.എൻ. വിലയിരുത്തുന്നു.മരണശിക്ഷ നടപ്പാക്കുന്നത് തത്സമയം കാണിക്കുന്നത് ഒരുതരത്തിലുള്ള മാനസിക പീഡനമാണെന്നും ഇത് അന്താരാഷ്ട്ര മനുഷ്യാവകാശ തത്ത്വങ്ങൾക്ക് വിരുദ്ധമാണെന്നും ഐക്യരാഷ്ട്രസഭ ചൂണ്ടിക്കാണിക്കുന്നു. ഒരു മനുഷ്യനെ വെടിവെച്ചു കൊല്ലുന്ന ദൃശ്യങ്ങൾ തത്സമയം കാണുന്നത് കാഴ്ചക്കാരിൽ, പ്രത്യേകിച്ച് കുട്ടികളിലും സൈനികരുടെ കുടുംബങ്ങളിലും വലിയ തോതിലുള്ള മാനസികാഘാതത്തിന് കാരണമാകുമെന്ന് പ്രമുഖ മാനസികാരോഗ്യ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.

എന്നാൽ, ഐക്യരാഷ്ട്രസഭയുടെയും അന്താരാഷ്ട്ര സംഘടനകളുടെയും വിമർശനങ്ങൾ പെന്റഗൺ പാടെ തള്ളിക്കളഞ്ഞു. “ഞങ്ങൾക്ക് മറ്റുള്ളവരുടെ ഉപദേശം ആവശ്യമില്ല. കുറ്റവാളി ചെയ്ത ക്രൂരതയ്ക്ക് തക്കതായ ശിക്ഷ ജനങ്ങൾ കാണുക തന്നെ വേണം” യു.എസ്. ഭരണകൂടം പറയുന്നു.ഡെത്ത് പെനാൽറ്റിയുമായി ബന്ധപ്പെട്ട മരുന്നുകളുടെ ലഭ്യതക്കുറവ് മൂലം വിഷം കുത്തിവെച്ചുള്ള വധശിക്ഷയല്ല നടപ്പാക്കുന്നത്. പകരം, ‘ഫയറിങ് സ്ക്വാഡ്’ അഥവാ വെടിയുതിർത്തുള്ള വധശിക്ഷയാണ്. 1945-ന് ശേഷം യു.എസ്. സൈന്യത്തിൽ ആദ്യമായാണ് ഒരു കുറ്റവാളിയെ ഫയറിങ് സ്ക്വാഡ് ഉപയോഗിച്ച് വധിക്കുന്നത്.

ഭീകരനായ നിദാൽ ഹസന്റെ വധശിക്ഷ പൊതുമധ്യത്തിൽ നടപ്പിലാക്കാനുള്ള നീക്കത്തോടുള്ള വിയോജിപ്പ് ആർച്ച് ബിഷപ്പ് വ്യക്തമാക്കിക്കൊണ്ട്, വധശിക്ഷയോടുള്ള കത്തോലിക്കാ സഭയുടെ എതിർപ്പ് അദ്ദേഹം ഓർമ്മിപ്പിച്ചു. ശിക്ഷ നടപ്പിലാക്കാൻ ചുമതലപ്പെടുത്തുന്ന സേനാംഗങ്ങൾക്ക് ഇത് വലിയ ‘ധാർമ്മികാഘാതം’ ഉണ്ടാക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. ലോകത്തിലെ ഭീകരരെ അനുകരിച്ച് നമ്മുടെ ശത്രുക്കളെ ക്രൂരമായി കൊലപ്പെടുത്തുന്നത് പരസ്യമായ ഒരു കാഴ്ചയാക്കി മാറ്റാൻ മാത്രമുള്ളതാണോ ഇതെന്നും അദ്ദേഹം ചോദിച്ചു. വീൽചെയറിൽ കഴിയുന്ന ഒരാളുടെ വധശിക്ഷ ലോകത്തിന് മുന്നിൽ സംപ്രേഷണം ചെയ്യുന്നത് രാജ്യത്തിന്‍റെ അന്തസിന് നിരക്കുന്നതാണോ എന്നും അദ്ദേഹം ചോദ്യം ചെയ്തു.

കഴിഞ്ഞയാഴ്ചയാണ് ഹസന്‍റെ വധശിക്ഷ ഡിസംബറിൽ പൊതുജനങ്ങൾക്കായി പ്രദർശിപ്പിക്കുമെന്ന് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്ത് പ്രഖ്യാപിച്ചത്. ഇത്തരം കുറ്റകൃത്യങ്ങൾക്ക് കടുത്ത ശിക്ഷയുണ്ടാകുമെന്ന് ആളുകൾ മനസ്സിലാക്കേണ്ടതുണ്ടെന്നായിരുന്നു അദ്ദേഹത്തിന്റെ ന്യായീകരണം. 2013-ൽ ടെക്സസിലെ ഫോർട്ട് ഹൂഡ് ആർമി താവളത്തിൽ 13 പേരുടെ മരണത്തിനിടയാക്കുകയും 30-ലധികം പേർക്ക് പരിക്കേൽപ്പിക്കുകയും ചെയ്ത കേസിലാണ് മുൻ ആർമി സൈക്യാട്രിസ്റ്റായ നിദാൽ ഹസനെ കോടതി വധശിക്ഷയ്ക്ക് വിധിച്ചത്. 1961-ന് ശേഷം യുഎസ് സൈനിക കോടതി വധശിക്ഷ നടപ്പിലാക്കുന്ന ആദ്യ സംഭവമായിരിക്കും ഇത്. കൂടാതെ 1945-ന് ശേഷം ഫയറിങ് സ്ക്വാഡ് ഉപയോഗിക്കുന്ന ആദ്യ കേസും ഇതായിരിക്കും.

വധശിക്ഷ നിരോധിച്ചുകൊണ്ടുള്ള ലോക ദിനത്തിൽ, വധശിക്ഷ മനുഷ്യന്റെ അന്തസിനും പവിത്രതയ്ക്കുമെതിരെയുള്ള കടന്നുകയറ്റമാണെന്ന് മാർപാപ്പയും സോഷ്യൽ മീഡിയയിൽ കുറിച്ചിരുന്നു. ട്രംപ് ഭരണകൂടത്തിന്റെ ഈ നീക്കത്തിനെതിരെ ഡെമോക്രാറ്റുകൾക്ക് പുറമെ നിരവധി റിപ്പബ്ലിക്കൻ സെനറ്റർമാരും രംഗത്തെത്തിയിട്ടുണ്ട്. ഭീകരരിൽ നിന്നും ഏകാധിപതികളിൽ നിന്നും മാത്രം പ്രതീക്ഷിക്കുന്ന നടപടിയാണിതെന്നും അമേരിക്കയിൽ ഇത് അംഗീകരിക്കാനാകില്ലെന്നും സെനറ്റർ ലിസ മുർകോവ്സ്കി വ്യക്തമാക്കി. ഡെത്ത് പെനാൽറ്റി എന്നത് വിനോദമല്ലെന്ന് സെനറ്റർ കെവിൻ ക്രാമറും തുറന്നടിച്ചു. വിഷയത്തിൽ റിപ്പബ്ലിക്കൻ പാർട്ടി സഹപ്രവർത്തകരുടെ ആശങ്കകൾ വൈറ്റ് ഹൗസിന്റെ ശ്രദ്ധയിൽപ്പെടുത്തുമെന്ന് ഹൗസ് സ്പീക്കർ മൈക്ക് ജോൺസണും വ്യക്തമാക്കിയിട്ടുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments