Sunday, November 29, 2026
HomeNewsചെറുകിട സ്ഥാപനങ്ങളിലെ രാത്രികാല ജോലിക്ക് വനിതാ ജീവനക്കാരെ നിയോഗിക്കുന്നതിനുള്ള എണ്ണം സംബന്ധിച്ച മാനദണ്ഡങ്ങളിൽ ഇളവ്

ചെറുകിട സ്ഥാപനങ്ങളിലെ രാത്രികാല ജോലിക്ക് വനിതാ ജീവനക്കാരെ നിയോഗിക്കുന്നതിനുള്ള എണ്ണം സംബന്ധിച്ച മാനദണ്ഡങ്ങളിൽ ഇളവ്

തിരുവനന്തപുരം : സംസ്ഥാനത്തെ ചെറുകിട-ഇടത്തരം വാണിജ്യ സ്ഥാപനങ്ങളിൽ രാത്രികാല ജോലിക്ക് വനിതാ ജീവനക്കാരെ നിയോഗിക്കുന്നതിനുള്ള എണ്ണം സംബന്ധിച്ച മാനദണ്ഡങ്ങളിൽ ഇളവ് വരുത്തുന്നു. ഇതുസംബന്ധിച്ച് കേരള ഷോപ്സ് ആൻഡ് എസ്റ്റാബ്ലിഷ്മെന്റ് നിയമത്തിലെ ഭേദഗതി നിയമസഭാ സമ്മേളനത്തിൽ അവതരിപ്പിക്കും. നിലവിലെ നിയമപ്രകാരം രാത്രി ഒമ്പതിന് ശേഷം സ്ത്രീകളെ ജോലിക്ക് നിയോഗിക്കണമെങ്കിൽ നൈറ്റ് ഷിഫ്റ്റിൽ കുറഞ്ഞത് അഞ്ച് ജീവനക്കാരെങ്കിലും വേണം. അതിൽ രണ്ടുപേർ സ്ത്രീകളായിരിക്കണം. എന്നാൽ, ഭേദഗതി പ്രകാരം നൈറ്റ് ഷിഫ്റ്റിൽ ആകെ അഞ്ച് ജീവനക്കാർ വേണമെന്ന നിബന്ധന പൂർണമായും ഒഴിവാക്കും.

പകരം, കുറഞ്ഞത് രണ്ടു വനിതാ ജീവനക്കാർ മാത്രമുണ്ടായാൽ മതി. സംസ്ഥാനത്തെ 95 ശതമാനം സ്ഥാപനങ്ങളിലും ആകെ അഞ്ചിൽ താഴെ വനിതാ ജീവനക്കാരാണുള്ളതെന്നതിനാൽ ചെറിയ കടകൾക്കും സ്ഥാപനങ്ങൾക്കും എണ്ണം സംബന്ധിച്ച നിബന്ധന വലിയ തടസ്സമായ സാഹചര്യത്തിലാണ് നിയമഭേദഗതി. വനിതാ തൊഴിൽ പങ്കാളിത്തം വർധിപ്പിക്കലും ബിസിനസ് സുഗമമാക്കലുമാണ് നിയമ ഭേദഗതിയിലൂടെ ലക്ഷ്യമിടുന്നതെന്നാണ് ബില്ലിൽ പറയുന്നത്. ഏതെങ്കിലും സ്ഥാപനത്തിലെ പ്രവർത്തനം സ്ത്രീകളുടെ ആരോഗ്യത്തിനോ സുരക്ഷക്കോ ഭീഷണിയാണെന്ന് ബോധ്യപ്പെട്ടാൽ അവിടെ രാത്രി ഷിഫ്റ്റിൽ സ്ത്രീകളെ നിയോഗിക്കുന്നത് നിരോധിക്കാൻ സർക്കാറിന് അധികാരമുണ്ടെന്ന് ബില്ലിൽ വ്യവസ്ഥയുണ്ട്

സമ്മതം നിർബന്ധം; വീട്ടുപടിക്കൽ വരെ യാത്രാസൗകര്യം വേണം :. രാത്രി ഒമ്പത് മുതൽ രാവിലെ ആറുവരെ വനിതാ ജീവനക്കാരെ ജോലിക്ക് നിയോഗിക്കാൻ അവരിൽനിന്ന് എഴുതി വാങ്ങിയ സമ്മതം നിർബന്ധമാണ്. രാത്രി ഷിഫ്റ്റിൽ ജോലി ചെയ്യുന്നത് നിർബന്ധമാക്കാൻ പാടില്ല. രാത്രി ഷിഫ്റ്റുകളിൽ കുറഞ്ഞത് രണ്ടു വനിതാ ജീവനക്കാരെങ്കിലുമടങ്ങുന്ന ബാച്ചായി മാത്രമേ ജോലിയിൽ നിയോഗിക്കാവൂ.

സ്ഥാപനത്തിൽനിന്ന് ജീവനക്കാരുടെ വീട്ടുപടിക്കൽ വരെ തൊഴിലുടമ യാത്രാസൗകര്യം നൽകണം. വാഹനത്തിൽ സി.സി.ടി.വി കാമറ, ജി.പി.എസ് എന്നിവയും സെക്യൂരിറ്റി ഗാർഡും വേണം. ഡ്രൈവർമാരുടെ ബയോഡാറ്റ ശേഖരിക്കുകയും പശ്ചാത്തല പരിശോധന നടത്തുകയും വേണം.

വനിതാ ജീവനക്കാരിയെ ആദ്യം വണ്ടിയിൽ കയറ്റുകയും അവസാനം ഇറക്കുകയും ചെയ്യുന്ന രീതിയിൽ റൂട്ടുകൾ ക്രമീകരിക്കരുത്. സ്ഥാപനത്തിനുള്ളിലും പരിസരത്തും വെളിച്ചവും സി.സി.ടി.വി കവറേജും വേണം. ദൃശ്യങ്ങൾ കുറഞ്ഞത് 45 ദിവസമെങ്കിലും സൂക്ഷിക്കണം. പകൽ ഷിഫ്റ്റിൽനിന്ന് രാത്രി ഷിഫ്റ്റിലേക്കോ തിരിച്ചോ മാറുമ്പോൾ തുടർച്ചയായി കുറഞ്ഞത് 12 മണിക്കൂർ ഇടവേള നൽകണം. വനിതാ ജീവനക്കാരുടെ ഫോൺ നമ്പറോ ഇ-മെയിലോ വിലാസമോ നിയമാനുസൃത അധികാരികൾക്കല്ലാതെ മറ്റാർക്കും നൽകരുതെന്നും ബില്ലിൽ വ്യവസ്ഥ ചെയ്യുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments