വാഷിംഗ്ടൺ : യെമനിലെ ഹൂതി വിമതർക്കെതിരെ സൗദി അറേബ്യ നടത്തുന്ന വ്യോമാക്രമണങ്ങളിൽ അമേരിക്ക പങ്കുചേർന്നാൽ “ദ്രുതഗതിയിലുള്ളതും വേദനാജനകവുമായ” തിരിച്ചടി നേരിടേണ്ടിവരുമെന്ന് ഹൂതി വക്താവ് മുന്നറിയിപ്പ് നൽകി. ഹൂതികൾക്കെതിരായ സൈനിക നീക്കത്തിൽ യു.എസ് പങ്കുചേരുന്നതിനെക്കുറിച്ച് ആലോചിക്കുകയാണെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രസ്താവിച്ചതിന് തൊട്ടുപിന്നാലെയാണ് ഹൂതികളുടെ ഭീഷണി.
സൗദി അറേബ്യയിലെ പ്രധാന വിമാനത്താവളത്തിന് നേരെ കഴിഞ്ഞ ഒരാഴ്ചയായി ഹൂതികൾ നടത്തുന്ന ആക്രമണങ്ങളിൽ ഒരു അമേരിക്കൻ പൗരൻ ഉൾപ്പെടെ കുറഞ്ഞത് 20 പേർ കൊല്ലപ്പെട്ടിരുന്നു. ഇതോടെയാണ് മിഡിൽ ഈസ്റ്റ് യുദ്ധത്തിന്റെ പ്രഭവകേന്ദ്രമായി യെമൻ മാറിയതും, സൗദി സഖ്യത്തിനൊപ്പം ചേരാൻ അമേരിക്ക ആലോചിക്കുന്നതും.
അതേസമയം, സൗദി അറേബ്യയുടെ കിഴക്കൻ മേഖല ലക്ഷ്യമാക്കി ഹൂതി വിമതർ തൊടുത്തുവിട്ട രണ്ട് ബാലിസ്റ്റിക് മിസൈലുകൾ തടുത്തുനശിപ്പിച്ചതായി സൗദി സഖ്യസേന അറിയിച്ചു. ദഹ്റാനിലെ അരാംകോ എണ്ണക്കമ്പനിയുടെ കേന്ദ്രത്തിന് സമീപം സ്ഫോടന ശബ്ദം കേട്ടതായി ദൃക്ഷാക്ഷികൾ വ്യക്തമാക്കിയതിന് പിന്നാലെയാണ് ഈ അറിയിപ്പ് പുറത്തുവന്നത്.
ലോകത്തെ പ്രമുഖ എണ്ണക്കമ്പനിയായ അരാംകോയുടെ ആസ്ഥാനം സ്ഥിതി ചെയ്യുന്ന ദഹ്റാൻ നഗരത്തിന് നേരെ ഭീകര സംഘടനയായ ഹൂതികൾ തൊടുത്തുവിട്ട ബാലിസ്റ്റിക് മിസൈൽ തടുത്തുനശിപ്പിച്ചതായി സഖ്യസേന പ്രസ്താവനയിൽ പറഞ്ഞു. മിസൈലിന്റെ അവശിഷ്ടങ്ങൾ നഗരത്തിലെ ജനവാസ മേഖലയിലാണ് പതിച്ചത്.കിഴക്കൻ പ്രവിശ്യയിലെ തന്നെ ഹാരാദ് നഗരം ലക്ഷ്യമാക്കി വന്ന രണ്ടാമത്തെ മിസൈലും തകർത്തതായി മറ്റൊരു പ്രസ്താവനയിലൂടെ സഖ്യസേന സ്ഥിരീകരിച്ചു.ഇതിന് പിന്നാലെ, ഏകദേശം 40 മിനിറ്റിനുള്ളിൽ റിയാദ് മേഖലയിലും ദക്ഷിണ മേഖലയിലുമായി വന്ന രണ്ട് ഡ്രോണുകളും സഖ്യസേന തടുത്തുനശിപ്പിച്ചു. ഇതേ പ്രദേശങ്ങളിൽ വച്ച് ഹൂതികളുടെ മൂന്ന് ക്രൂസ് മിസൈലുകളും വ്യോമസേന തകർത്തിട്ടുണ്ട്.

