Wednesday, October 14, 2026
HomeAmericaസാമ്പത്തിക ക്രമക്കേടുകളും അഴിമതി ആരോപണങ്ങളും: ഒടുവിൽ രാജിവച്ച് യു.എസ് അംബാസഡർ കിംബർലി ഗിൽഫോയിലി

സാമ്പത്തിക ക്രമക്കേടുകളും അഴിമതി ആരോപണങ്ങളും: ഒടുവിൽ രാജിവച്ച് യു.എസ് അംബാസഡർ കിംബർലി ഗിൽഫോയിലി

വാഷിംഗ്ടൺ : സാമ്പത്തിക ക്രമക്കേടുകളും അഴിമതി ആരോപണങ്ങളും ഉയർന്നതിനെത്തുടർന്ന് ഗ്രീസിലെ യു.എസ് അംബാസഡർ കിംബർലി ഗിൽഫോയിലിൽ ഒടുവിൽ രാജിവെച്ചു. വൈറ്റ് ഹൗസിന്റെ കർശന നിർദ്ദേശത്തെത്തുടർന്ന് താൻ രാജിവെക്കുകയാണെന്ന് കിംബർലി ചൊവ്വാഴ്ച ഔദ്യോഗികമായി അറിയിച്ചു.സ്വന്തം കടബാധ്യതകൾ തീർക്കുന്നതിനായി ഭരണകൂടത്തിലെ ഉന്നത ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ചയ്ക്ക് അവസരമൊരുക്കാമെന്ന് വാഗ്ദാനം നൽകി കിംബർലി പണം ആവശ്യപ്പെട്ടെന്ന വാർത്തകൾ കഴിഞ്ഞ ദിവസങ്ങളിൽ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് വൈറ്റ് ഹൗസിന്റെ അടിയന്തര ഇടപെടൽ.

“ഞങ്ങൾ അംബാസഡർ ഗിൽഫോയിലിനോട് രാജിവെക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്,” വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കേറ്റി സക്കറിയ വാർത്താസമ്മേളനത്തിൽ അറിയിച്ചു. കിംബർലി പദവി ഒഴിയുന്ന കാര്യം പ്രസിഡന്റ് ഡോണൾഡ് ട്രംപും സ്ഥിരീകരിച്ചു. “അവർ ഇനി ആ പദവിയിൽ തുടരില്ല. പുറത്തുവന്ന വാർത്തകൾ എന്നെ ഒട്ടും സന്തോഷിപ്പിക്കുന്നതല്ല,” അലാസ്കയിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് പോകുന്നതിനിടെ മാധ്യമപ്രവർത്തകരോട് സംസാരിക്കവെ പ്രസിഡന്റ് വ്യക്തമാക്കി.

കഴിഞ്ഞ വർഷം സെനറ്റിന്റെ അംബാസഡർ സ്ഥിരീകരണ ഹിയറിംഗിന് തൊട്ടുമുമ്പ്, തന്റെ ക്രെഡിറ്റ് കാർഡ് ബില്ലടക്കാൻ കിംബർലി ഒരു ബിസിനസ്സ് പങ്കാളിയോട് ഒരു ലക്ഷം ഡോളർ ആവശ്യപ്പെട്ടതായുള്ള വാട്സാപ്പ് സന്ദേശങ്ങൾ പുറത്തുവന്നിരുന്നു. ‘ദി വാൾ സ്ട്രീറ്റ് ജേർണൽ’ ആണ് ഈ വാർത്ത ആദ്യം പുറത്തുവിട്ടത്.

പ്രമുഖ വ്യവസായി എറിക് ഡീറ്റേഴ്സ് തനിക്ക് ലഭിച്ച സന്ദേശങ്ങൾ കൈമാറിയതോടെയാണ് അഴിമതിയുടെ ചുരുളഴിഞ്ഞത്. പണം നൽകിയാൽ അറ്റോർണി ജനറൽ, ഐ.ആർ.എസ് കമ്മീഷണർ തുടങ്ങിയ ഉന്നതരുമായി കൂടിക്കാഴ്ചയ്ക്ക് അവസരമൊരുക്കാമെന്ന് കിംബർലി വാഗ്ദാനം ചെയ്തതായി ഡീറ്റേഴ്സ് വെളിപ്പെടുത്തി. ഈ സന്ദേശങ്ങൾ വ്യാജമല്ലെന്ന് വൈറ്റ് ഹൗസ് വൃത്തങ്ങളും സ്ഥിരീകരിച്ചിട്ടുണ്ട്. കൂടാതെ ഗ്രീസിലെ പ്രമുഖ ധനികർ തന്റെ ആഡംബര യാത്രകളുടെ ചിലവുകൾ വഹിക്കുന്നുണ്ടെന്ന് കിംബർലി അവകാശപ്പെട്ടതായും റിപ്പോർട്ടുകളുണ്ട്.

ആദ്യഘട്ടത്തിൽ രാജിവെക്കാൻ വിമുഖത കാണിച്ചെങ്കിലും വൈറ്റ് ഹൗസ് നിലപാട് കടുപ്പിച്ചതോടെ കിംബർലിക്ക് ഒടുവിൽ വഴങ്ങേണ്ടി വന്നു. തുടർന്ന് എക്സ് പ്ലാറ്റ്‌ഫോമിലൂടെ അവർ രാജി പ്രഖ്യാപിക്കുകയായിരുന്നു.

പ്രസിഡന്റ് ട്രംപിനോടും രാജ്യത്തോടുമുള്ള തന്റെ പ്രതിബദ്ധത തുടരുമെന്നും, തനിക്കെതിരെ ഉയർന്ന ആരോപണങ്ങൾ തികച്ചും അടിസ്ഥാനരഹിതമാണെന്നും അവർ അവകാശപ്പെട്ടു. നിയമപരമായി തന്റെ നിരപരാധിത്വം തെളിയിക്കുമെന്നും അവർ കൂട്ടിച്ചേർത്തു. 2025 സെപ്റ്റംബറിലാണ് കിംബർലി ഗ്രീസിലെ യു.എസ് അംബാസഡറായി ചുമതലയേറ്റത്. ഗ്രീസിലെ പുതിയ അംബാസഡറെ കണ്ടെത്താനുള്ള ചർച്ചകൾ വൈറ്റ് ഹൗസ് ഉടൻ ആരംഭിക്കുമെന്നാണ് വിവരം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments