Tuesday, October 13, 2026
HomeNews'നാസ' ഡോക്യുമെന്ററി: രാജ്യത്തിന്റെ രഹസ്യങ്ങൾ ചോർത്തി, വ്യാജ ആരോപണങ്ങൾ പ്രചരിപ്പിച്ചു: നടപടിയെടുക്കാൻ ആവശ്യപ്പെട്ട് നെതന്യാഹു

‘നാസ’ ഡോക്യുമെന്ററി: രാജ്യത്തിന്റെ രഹസ്യങ്ങൾ ചോർത്തി, വ്യാജ ആരോപണങ്ങൾ പ്രചരിപ്പിച്ചു: നടപടിയെടുക്കാൻ ആവശ്യപ്പെട്ട് നെതന്യാഹു

തെൽ അവീവ്: വെനീസ് ചലചിത്ര ​മേളയിലൂടെ ശ്രദ്ധിക്കപ്പെട്ട ‘നാസ’ ഡോക്യുമെന്ററിക്കെതിരെ നടപടി കടുപ്പിച്ച് ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു. ഗസ്സ വംശഹത്യ തുറന്നുകാട്ടിയ ഡോക്യുമെന്ററിയിൽ രഹസ്യമായി മൊഴി നൽകിയ സൈനികരെ തിരിച്ചറിയാനും രാജ്യത്തിന്റെ രഹസ്യങ്ങൾ ചോർത്തിയതിനും വ്യാജ ആരോപണങ്ങൾ പ്രചരിപ്പിച്ചതിനും എതിരെ നിയമനടപടി സ്വീകരിക്കാൻ ഇസ്രായേൽ അറ്റോർണി ജനറലിനോടും ഐ.ഡി.എഫ്, ഷിൻ ബെറ്റ് എന്നീ സുരക്ഷാ ഏജൻസികളുടെ തലവന്മാരോടും നെതന്യാഹു ആവശ്യപ്പെട്ടു.

അറ്റോർണി ജനറൽ ഗാലി ബഹരാവ് മിയാറ, ഐ.ഡി.എഫ് ചീഫ് ഓഫ് സ്റ്റാഫ് ലെഫ്റ്റനന്റ് ജനറൽ ഇയാൽ സമീർ, ഷിൻ ബെറ്റ് തലവൻ ഡേവിഡ് സിനി എന്നിവർക്കയച്ച കത്തിലാണ് ഡോക്യുമെന്ററിക്ക് പിന്നിൽ പ്രവർത്തിച്ചവരുടെയും അതിൽ പ്രത്യക്ഷപ്പെട്ടവരുടെയും വിവരങ്ങൾ അടിയന്തരമായി കണ്ടെത്തി പുറത്തുകൊണ്ടുവരാൻ ഇസ്രായേലി പ്രധാനമന്ത്രി നിർദേശിച്ചത്. ഇത്തരക്കാർക്കെതിരെ വിവര സുരക്ഷാ ലംഘനം, ക്രിമിനൽ അപകീർത്തിപ്പെടുത്തൽ, രാജ്യത്തിന്റെ നയതന്ത്ര-സുരക്ഷാ താൽപര്യങ്ങൾക്ക് വിള്ളലുണ്ടാക്കൽ എന്നീ ഗുരുതര കുറ്റങ്ങൾ ചുമത്തി ക്രിമിനൽ അന്വേഷണം ആരംഭിക്കണമെന്നും അവരെ വിചാരണ ചെയ്യണമെന്നും നെതന്യാഹു ആവശ്യപ്പെട്ടു. സിനിമ നിർമിച്ച സംവിധായകരുടെ ഇസ്രായേലി പൗരത്വം റദ്ദാക്കണമെന്ന ആവശ്യത്തെയും നെതന്യാഹു നേരത്തെ പിന്തുണച്ചിരുന്നു.

ഹീബ്രു ഭാഷയിൽ ‘കൊളാറ്ററൽ ഡാമേജ്’ അഥവാ ആക്രമണങ്ങളിൽ സംഭവിക്കുന്ന അനുബന്ധ നാശനഷ്ടങ്ങൾ എന്നതിന്റെ ചുരുക്കപ്പേരാണ് ‘നാസ’. ഇന്റലിജൻസ് വിഭാഗങ്ങളിൽ പ്രവർത്തിച്ച സൈനികരാണെന്ന് അവകാശപ്പെടുന്ന, മുഖം മറച്ച 24 പേരുടെ മൊഴികളാണ് ഡോക്യുമെന്ററിയിലുള്ളത്. 2023 ഒക്ടോബർ 7-ന് ഹമാസ് നടത്തിയ ആക്രമണത്തിന് ശേഷം, എ.ഐ സംവിധാനം ഉപയോഗിച്ച് ഗസ്സയിൽ വൻതോതിലുള്ള കൂട്ടക്കൊലകൾ നടന്നുവെന്നാണ് ചിത്രത്തിൽ ചൂണ്ടിക്കാട്ടുന്നത്. ഒറ്റ ആക്രമണത്തിൽ തന്നെ 500 ഓളം സാധാരണക്കാരുടെ മരണം വരെ പ്രതീക്ഷിക്കാവുന്ന തരത്തിലുള്ള സൈനിക നീക്കങ്ങൾക്ക് അനുമതി നൽകിയിരുന്നുവെന്നും ചിത്രം വ്യക്തമാക്കിയിരുന്നു.

എന്നാൽ, ഈ ആരോപണങ്ങളെ ശക്തമായി നിഷേധിച്ചുകൊണ്ട് ഇസ്രായേൽ സൈന്യം 17 പേജുള്ള വിശദമായ പ്രസ്താവന പുറത്തിറക്കിയിരുന്നു. ഗസ്സയിലെ ആക്രമണ ലക്ഷ്യങ്ങൾ തെരഞ്ഞെടുക്കുന്നതും അവ അംഗീകരിക്കുന്നതും പൂർണമായും മനുഷ്യരുടെ മേൽനോട്ടത്തിലാണെന്നും, 500 ഓളം സാധാരണക്കാർ കൊല്ലപ്പെടുന്ന രീതിയിൽ ഒരു ആക്രമണവും നടത്തിയിട്ടില്ലെന്നും സൈന്യം അവകാശപ്പെട്ടിരുന്നു. ഡോക്യുമെന്ററിയിലെ അവകാശവാദങ്ങൾ അടിസ്ഥാനരഹിതവും തെളിയിക്കാനാകാത്തതുമാണെന്നും, സൈന്യത്തിന്റെ ആസൂത്രണത്തെയും ആക്രമണ രീതികളെയും തികച്ചും വളച്ചൊടിച്ചാണ് ചിത്രം ചിത്രീകരിച്ചിരിക്കുന്നതെന്നും ഐ.ഡി.എഫ് അറിയിച്ചു.

മൊഴി നൽകിയ സൈനികർ സൈന്യത്തിന്റെ രഹസ്യ ഇന്റലിജൻസ് വിഭാഗമായ ‘യൂണിറ്റ് 8200’-ൽ നിന്നുള്ളവരാണെന്ന് ചിത്രീകരിക്കുന്നത് രാജ്യത്തിന്റെ അന്താരാഷ്ട്ര പ്രതിച്ഛായക്ക് കടുത്ത മങ്ങലേൽപ്പിച്ചുവെന്ന് നെതന്യാഹു ആരോപിച്ചു. സെപ്റ്റംബർ 10-ന് വെനീസ് ഫിലിം ഫെസ്റ്റിവലിൽ പ്രദർശിപ്പിച്ച ഈ ചിത്രം സ്പെഷ്യൽ ജൂറി പുരസ്കാരം നേടിയിരുന്നു. ലോകമെമ്പാടുമുള്ള 50ലധികം രാജ്യങ്ങളിൽ ചിത്രം പ്രദർശിപ്പിക്കുന്നുണ്ടെങ്കിലും ഇസ്രായേലിൽ ഇതിന് വിലക്കുണ്ട്. മാധ്യമപ്രവർത്തകനായ യുവൽ അബ്രഹാമും സഹസംവിധായിക റേച്ചൽ സോറും ചേർന്ന് നിർമ്മിച്ച ഈ ചിത്രത്തിനെതിരെ ഇസ്രായേലിൽ കടുത്ത പ്രതിഷേധമാണ് ഉയരുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments