വാഷിംഗ്ടൺ : സാമ്പത്തിക ക്രമക്കേടുകളും പദവി ദുരുപയോഗം ചെയ്തെന്ന റിപ്പോർട്ടുകളും പുറത്തുവന്നതിനെത്തുടർന്ന്, ഗ്രീസിലെ യു.എസ് അംബാസഡർ കിംബർലി ഗിൽഫോയിലിനെ സ്ഥാനത്തുനിന്ന് നീക്കാൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ആലോചിക്കുന്നതായി സൂചന. ഭരണകൂടത്തിലെ ഉന്നതരുമായി അടുത്ത വൃത്തങ്ങളാണ് ഞായറാഴ്ച ഇക്കാര്യം പുറത്തുവിട്ടത്.ട്രംപിന്റെ മൂത്ത മകൻ ഡോണൾഡ് ട്രംപ് ജൂനിയറിന്റെ മുൻ പ്രതിശ്രുത വധുകൂടിയായ കിംബർലി, അംബാസഡർ പദവിയിലിരിക്കെ വൻതോതിൽ ആഡംബര സമ്മാനങ്ങൾ കൈപ്പറ്റിയെന്നാണ് പ്രധാന ആരോപണം. കൂടാതെ, പദവി സെനറ്റ് സ്ഥിരീകരിക്കുന്നതിന് മുൻപ് ഭരണകൂടത്തിലെ പ്രമുഖരുമായി കൂടിക്കാഴ്ചയ്ക്ക് അവസരമൊരുക്കാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും ഇവർ പണം ആവശ്യപ്പെട്ടതായും റിപ്പോർട്ടുകളുണ്ട്.
യു.എസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ ഔദ്യോഗിക സന്ദർശനത്തിനായി ഏഥൻസിലെത്തി, പാശ്ചാത്യ ജനാധിപത്യത്തെക്കുറിച്ച് ചരിത്രപ്രസിദ്ധമായ അക്രോപോലിസിൽ പ്രസംഗിക്കുന്ന വേളയിലാണ് ഈ വിവാദങ്ങൾ പുറത്തുവന്നത്. ഇത് ട്രംപ് ഭരണകൂടത്തിലെ മുതിർന്ന ഉദ്യോഗസ്ഥരെ കടുത്ത അതൃപ്തിയിലാഴ്ത്തിയിട്ടുണ്ട്.
അംബാസഡറെ പുറത്താക്കുന്ന കാര്യത്തിൽ പ്രസിഡന്റ് ട്രംപ് ഉടൻ അന്തിമ തീരുമാനമെടുക്കുമെന്നാണ് വിവരം. അതേസമയം, കഴിഞ്ഞ വെള്ളിയാഴ്ച മാധ്യമങ്ങൾ ഉന്നയിച്ച ചോദ്യങ്ങൾക്ക് കിംബർലിയെ ന്യായീകരിക്കാൻ ട്രംപ് തയ്യാറായില്ല. “ഇതിനെക്കുറിച്ച് ഞാൻ കേട്ടതേയുള്ളൂ, കൂടുതൽ അറിയില്ല. എങ്കിലും അവർ എപ്പോഴും നന്നായിട്ടാണ് പെരുമാറിയിട്ടുള്ളത്,” എന്നായിരുന്നു ട്രംപിന്റെ പ്രതികരണം.
തന്റെ സെനറ്റ് സ്ഥിരീകരണത്തിന് തൊട്ടുമുൻപുള്ള ദിവസങ്ങളിൽ, ഒരു ക്രെഡിറ്റ് കാർഡ് കുടിശ്ശിക തീർക്കുന്നതിനായി ഒരു ലക്ഷം ഡോളർ (ഏകദേശം 84 ലക്ഷത്തിലധികം രൂപ) അടിയന്തരമായി ബാങ്ക് വഴി അയച്ചുതരണമെന്ന് ആവശ്യപ്പെട്ട് കിംബർലി തനിക്ക് സന്ദേശമയച്ചിരുന്നതായി മുൻ ട്രംപ് അനുകൂലിയായ എറിക് ഡിറ്റേഴ്സ് വെളിപ്പെടുത്തി. എന്നാൽ അത്രയും തുക പെട്ടെന്ന് കൈവശമില്ലാതിരുന്നതിനാൽ പണം നൽകിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
എന്നാൽ ഈ വാർത്തകൾ കിംബർലി ഗിൽഫോയിൽ നിഷേധിച്ചു. പുറത്തുവന്ന സന്ദേശങ്ങൾ വ്യാജമാണെന്നും ഭരണകൂട ഉദ്യോഗസ്ഥരോട് താൻ അത്തരം ആവശ്യങ്ങൾ ഉന്നയിച്ചിട്ടില്ലെന്നും അവരുടെ അഭിഭാഷകൻ അറിയിച്ചു. ഡോണൾഡ് ട്രംപ് ജൂനിയറുമായുള്ള വേർപിരിയലിന് ശേഷമാണ് കിംബർലിക്ക് ഗ്രീസിലെ നിർണ്ണായകമായ അംബാസഡർ പദവി ലഭിച്ചത്.
വിഷയത്തിൽ പെട്ടെന്നൊരു വിധിപ്രസ്താവത്തിന് മുതിരുന്നില്ലെന്ന് യു.എസ് ഉപരാഷ്ട്രപതി ജെ.ഡി വാൻസ് വ്യക്തമാക്കി. എങ്കിലും, പണം വാങ്ങി പദവികളിലേക്ക് സ്വാധീനം ചെലുത്തുന്ന രീതികളോട് യോജിക്കാനാകില്ലെന്നും, അന്വേഷണത്തിൽ തെറ്റ് കണ്ടെത്തിയാൽ കർശന നടപടിയുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

