Sunday, October 11, 2026
HomeNewsസൗദിക്കെതിരായ ഹൂതി ആക്രമണം: ശക്തമായി അപലപിച്ച് യുഎസ് വിദേശകാര്യ സെക്രട്ടറി

സൗദിക്കെതിരായ ഹൂതി ആക്രമണം: ശക്തമായി അപലപിച്ച് യുഎസ് വിദേശകാര്യ സെക്രട്ടറി

വാഷിങ്ടൺ: സൗദിക്കെതിരായ ഹൂതി ആക്രമണങ്ങൾ ഉടനടി നിർത്തിവെക്കണമെന്ന് യു.എസ് വിദേശകാര്യ സെക്രട്ടറി മാർകോ റൂബിയോ. സൗദി അറേബ്യൻ തലസ്ഥാനമായ റിയാദിലെ കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ യമനിലെ ഹൂതി വിമതർ നടത്തിയ മിസൈൽ ആക്രമണത്തിൽ യു.എസ് പൗരൻ ഉൾപ്പെടെ 12 പേർ കൊല്ലപ്പെടുകയും 309 പേർക്ക് പരിക്കേൽക്കുകയും ചെയ്ത സംഭവത്തിലാണ് മാർകോ റൂബിയോയുടെ പ്രതിരണം. ശനിയാഴ്ച ഉച്ചക്കുശേഷം റിയാദ് വിമാനത്താവളത്തെ ലക്ഷ്യമിട്ടുണ്ടായ ആക്രമണത്തെ കടുത്ത ഭാഷയിൽ അപലപിച്ച മാർകോ റൂബിയോ, ഭീകര സംഘടനയായ ഹൂതികൾ നടത്തുന്ന ഇത്തരം അക്രമങ്ങൾ സാധാരണക്കാരുടെ ജീവന് യാതൊരു വിലയും കൽപിക്കാത്ത നടപടിയാണെന്നും അമേരിക്ക സൗദി അറേബ്യക്കും അവിടുത്തെ ജനങ്ങൾക്കുമൊപ്പം ഉറച്ചുനിൽക്കുന്നുവെന്നും സമൂഹമാധ്യമമായ ‘എക്സി’ൽ കുറിച്ചു.

സംഭവത്തിൽ ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസും കടുത്ത പ്രതിഷേധം രേഖപ്പെടുത്തി. സിവിലിയൻ അടിസ്ഥാന സൗകര്യങ്ങൾക്ക് നേരെയുള്ള ആക്രമണം അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്നും ഇത് അടിയന്തരമായി അവസാനിപ്പിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി. അതിനിടെ, ആക്രമണത്തിന്റെ വിശദാംശങ്ങൾ പുറത്തുവിട്ട സൗദി സിവിൽ ഏവിയേഷൻ ജനറൽ അതോറിറ്റി (ജി.എ.സി.എ) കൊല്ലപ്പെട്ട 12 പേരിൽ നാലുപേർ സൗദി പൗരന്മാരാണെന്നും ബാക്കിയുള്ളവർ അമേരിക്ക, ബംഗ്ലാദേശ് (2 പേർ), ഈജിപ്ത്, ജോർദാൻ, സിറിയ, ഫലസ്തീൻ, സുഡാൻ എന്നീ രാജ്യങ്ങളിൽ നിന്നുള്ള പ്രവാസികളാണെന്നും സ്ഥിരീകരിച്ചു. പരിക്കേറ്റ 309 പേരിൽ ചിലരുടെ നില ഗുരുതരമായി തുടരുകയാണെന്നും വിമാനത്താവള വസ്തുവകകൾക്ക് കാര്യമായ നാശനഷ്ടം സംഭവിച്ചിട്ടുണ്ടെന്നും അതോറിറ്റി അറിയിച്ചു. ഒക്ടോബർ ആറ്, ഏഴ് തീയതികളിൽ റിയാദ്, അബഹ വിമാനത്താവളങ്ങൾക്ക് നേരെ നടന്ന ആക്രമണങ്ങളിൽ മൂന്നുപേർ കൊല്ലപ്പെടുകയും 36 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments