ഡൽഹി: ഇലക്ഷൻ കമ്മീഷൻ ആസ്ഥാനത്തേക്ക് നടത്തിയ മാർച്ചിനും പ്രതിഷേധത്തിനുമൊടുവിൽ ഡൽഹി പൊലീസ് കസ്റ്റഡിയിലെടുത്ത ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും രണ്ടു മണിക്കൂറിനു ശേഷം വിട്ടയച്ചു. ഇവർക്കൊപ്പം കസ്റ്റഡിയിലെടുത്ത മുഴുവൻ കോൺഗ്രസ് നേതാക്കളെയും പൊലീസ് സ്വതന്ത്രരാക്കി. രാവിലെയോടെ ആരംഭിച്ച പ്രതിഷേധ മാർച്ച് പൊലീസുമായുള്ള സംഘർഷങ്ങൾക്കും തടസ്സങ്ങൾക്കുമൊടുവിൽ ആകാശവാണി ഭവന് മുന്നിൽ കുത്തിയിരിപ്പ് സമരമായി മാറുകയായിരുന്നു.
ആകാശവാണി ഭവന് മുന്നിലെ ആൽമരത്തിന് കീഴിൽ ഒമ്പതുമണിക്കൂറോളമാണ് രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കൾ കുത്തിയിരുന്ന് പ്രതിഷേധിച്ചത്. അതിനാടകീയമായ രംഗങ്ങൾക്കൊടുവിൽ രാത്രി 7:45 ഓടെയാണ് രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി, കെ.സി. വേണുഗോപാൽ അടക്കമുള്ള നേതാക്കളെ പൊലീസ് ബലം പ്രയോഗിച്ച് കസ്റ്റഡിയിലെടുത്തത്. ഇതിന് മുന്നോടിയായി കോൺഗ്രസ് പ്രവർത്തകരേയും എം.പിമാരേയും പൊലീസ് നീക്കം ചെയ്യുകയും നേതാക്കൾക്ക് ചുറ്റും വലയം തീർക്കുകയുമായിരുന്നു.
കസ്റ്റഡിയിലെടുക്കുമ്പോൾ പ്രദേശത്തുനിന്നും മാധ്യമപ്രവർത്തകരെ മാറ്റിനിർത്തിയിരുന്നതിനാൽ ആദ്യഘട്ടത്തിൽ ഇവിടുത്തെ രംഗങ്ങൾ പുറത്തുവന്നിരുന്നില്ല. കസ്റ്റഡിയിലെടുത്ത ഇരുനേതാക്കളെയും തുടർന്ന് കിങ്‌സ് വേ ക്യാമ്പിലേക്കാണ് മാറ്റിയത്. രണ്ടു മണിക്കൂർ നീണ്ട തടങ്കലിനൊടുവിൽ മോചിതനായ രാഹുൽ ഗാന്ധി കയ്യിൽ ഭരണഘടന ഉയർത്തിക്കാട്ടിയാണ് പൊലീസ് ക്യാമ്പിൽ നിന്നും പുറത്തേക്ക് വന്നത്.

