ഇന്ത്യയുടെ ഭാഷാ-സാംസ്കാരിക വൈവിധ്യത്തെ പ്രശംസിച്ച് റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ. വ്യത്യസ്ത ഭാഷകളും സംസ്കാരങ്ങളും പാരമ്പര്യങ്ങളും നിലനിൽക്കുമ്പോഴും ഇന്ത്യ ഒറ്റക്കെട്ടായി തുടരുന്നത് ലോകത്തിന് മാതൃകയാണെന്നും ഇന്ത്യയുടെ വലുപ്പവും വൈവിധ്യവും ആരെയും അമ്പരപ്പിക്കും. കോടിക്കണക്കിന് ആളുകൾ വ്യത്യസ്ത ഭാഷകൾ സംസാരിച്ചിട്ടും എല്ലാവരും ഒരുമിച്ച് ജീവിക്കുന്നു. ഇത് അതിശയിപ്പിക്കുന്നതാണെന്നും പുടിൻ പറഞ്ഞു.
വൈവിധ്യവും ഐക്യവും ഒരേസമയം നിലനിൽക്കുന്നതിന്റെ മികച്ച ഉദാഹരണമാണ് ഇന്ത്യൻ സംസ്കാരമെന്നും അദ്ദേഹം പറഞ്ഞു. വ്യത്യസ്ത സംസ്കാരങ്ങളും പാരമ്പര്യങ്ങളും ചരിത്രവുമുള്ള രാജ്യങ്ങൾ തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്താനും ഇന്ത്യയുടെ അനുഭവത്തിൽ നിന്ന് പഠിക്കാനാകുമെന്നും പുടിൻ കൂട്ടിച്ചേർത്തു.യുക്രെയ്ൻ സംഘർഷം അവസാനിപ്പിക്കുന്നതിനെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി കൂടിക്കാഴ്ചകളിലെല്ലാം സംസാരിക്കാറുണ്ടെന്നും പുടിൻ പറഞ്ഞു. സംഘർഷത്തിന് പരസ്പരം അംഗീകരിക്കാവുന്ന പരിഹാരം കണ്ടെത്താൻ മോദിക്ക് വളരെ നല്ല ആശയങ്ങളുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
കഴിഞ്ഞ മാസം ന്യൂഡൽഹിയിൽ നടന്ന ബ്രിക്സ് ഉച്ചകോടിക്ക് മുന്നോടിയായി പുടിനും മോദിയും കൂടിക്കാഴ്ച നടത്തിയിരുന്നു. യുക്രെയ്ൻ യുദ്ധവുമായി ബന്ധപ്പെട്ട സാഹചര്യങ്ങളും സമാധാനശ്രമങ്ങളും ഇരുവരും ചർച്ച ചെയ്തു. യുക്രെയ്ൻ സംഘർഷം അവസാനിപ്പിക്കാൻ ഇന്ത്യ നടത്തുന്ന സമാധാനശ്രമങ്ങളെ റഷ്യ സ്വാഗതം ചെയ്യുമെന്ന് നേരത്തെ ക്രെംലിൻ വക്താവ് ദിമിത്രി പെസ്കോവും വ്യക്തമാക്കിയിരുന്നു.

